
തിരുവനന്തപുരം: ഐടി പാർക്കുകളുടെ മാതൃകയിൽ വ്യവസായ എസ്റ്റേറ്റുകളിൽ ബാർ ലൈസൻസ് നൽകാനുള്ള മദ്യനയത്തിലെ നിർദേശം നടപ്പാക്കുക വൻകിട വ്യവസായ പാർക്കുകളിൽ മാത്രം.
സംസ്ഥാനത്താകെ സർക്കാർ ഏജൻസികൾക്കു കീഴിൽ 142 വ്യവസായ പാർക്കുകളുണ്ടെങ്കിലും വിദേശ കമ്പനികളുടെ സാന്നിധ്യം കൂടുതലുള്ള പാർക്കുകളെയാകും ആദ്യഘട്ടത്തിൽ പരിഗണിക്കുകയെന്നാണു വിവരം.
അതേസമയം, ഐടി പാർക്കുകളിൽ ബാർ ലൈസൻസ് നൽകുമെന്ന കഴിഞ്ഞ മദ്യനയത്തിലെ പ്രഖ്യാപനം ഒന്നരവർഷമായിട്ടും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
ചട്ടത്തിന്റെ കരട് നിയമവകുപ്പ് അംഗീകരിച്ചെങ്കിലും ബാർ നടത്തിപ്പ് ആരെ ഏൽപിക്കണമെന്നതിലാണ് അനിശ്ചിതത്വം. ഇതേ പ്രശ്നം വ്യവസായ പാർക്കുകളുടെ കാര്യത്തിലും ഉയരാം.
കിൻഫ്ര– 32, കെഎസ്ഐഡിസി– 10, സിഡ്കോ– 60, ജില്ലാ വ്യവസായ കേന്ദ്രം– 40 എന്നിങ്ങനെയാണു 142 വ്യവസായ പാർക്കുകൾ. ഇതിൽ കിൻഫ്രയ്ക്കാണു വലിയ വ്യവസായ പാർക്കുകളുള്ളത്.
തിരുവനന്തപുരം കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ ഒട്ടേറെ വിദേശ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിലെ കാക്കനാട് കിൻഫ്ര പാർക്കിൽ രാജ്യാന്തര പ്രദർശനകേന്ദ്രം ഉൾപ്പെടെ വിദേശികളെ ആകർഷിക്കുന്ന വലിയ പദ്ധതികൾ വരാനിരിക്കുകയാണ്.
അതേസമയം, ബാർ ലൈസൻസ് സംബന്ധിച്ചു കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്നു വ്യവസായ വകുപ്പു പറയുന്നു.
ഐടി പാർക്കിനു ക്ലബ് ലൈസൻസ് മാതൃകയിലുള്ള ലൈസൻസ് അനുവദിക്കാനാണു തീരുമാനം. ഇതു തന്നെയാകും വ്യവസായ പാർക്കുകൾക്കും നൽകുക.
പഞ്ചനക്ഷത്ര ബാർ നടത്തി പരിചയമുള്ളയാളെ നടത്തിപ്പ് ഏൽപിക്കണമെന്നായിരുന്നു ഐടി പാർക്കിലെ ലൈസൻസ് സംബന്ധിച്ച് ഐടി വകുപ്പിന്റെ ശുപാർശ.
എന്നാൽ പാർക്കിലെ ഡവലപ്പർക്കോ, കോ–ഡവലപ്പർക്കോ ലൈസൻസ് എടുക്കാമെന്നും അവർക്ക് ആരെ വേണമെങ്കിലും നടത്തിപ്പ് ഏൽപിക്കാമെന്നുമാണു നിയമവകുപ്പ് അംഗീകരിച്ച കരട് ചട്ടത്തിലുള്ളത്.
ഈ ആശയക്കുഴപ്പവും വ്യവസായ പാർക്കുകളുടെ കാര്യത്തിൽ പരിഹരിക്കേണ്ടതുണ്ട്.






