ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

മുൻനിര ബാങ്കുകൾ ലാഭക്കുതിപ്പിൽ

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കുകളുടെ ലാഭക്കൊയ്ത്ത് തുടരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ മുൻനിര സ്വകാര്യ, പൊതു മേഖലാ ബാങ്കുകളെല്ലാം റെക്കാഡ് ലാഭമാണ് കൈവരിച്ചത്.

പലിശ നിരക്കിലുണ്ടായ വർദ്ധനയും വായ്പാ വിതരണത്തിലുണ്ടായ കുതിപ്പുമാണ് ബാങ്കുകളുടെ ലാഭം കുത്തനെ ഉയർത്തുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക് എന്നിവയെല്ലാം കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ലാഭം കുത്തനെ ഉയർത്തി.

2022 മേയ് മാസത്തിനു ശേഷം നാണയപ്പെരുപ്പം നേരിടാൻ തുടർച്ചയായി മുഖ്യ പലിശ നിരക്ക് വർദ്ധിപ്പിച്ചതാണ് ബാങ്കുകൾക്ക് വൻ നേട്ടമായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 2.5 ശതമാനം ഉയർത്തിയിരുന്നു.

ഇതോടെ വിവിധ വായ്പകളുടെ പലിശ നിരക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് കൂടിയത്. ഭവന വായ്പകളെടുത്ത ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുക കഴിഞ്ഞ ഒന്നര വർഷത്തിനിടെ 23 ശതമാനം വരെ കൂടിയെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.

പലിശ വരുമാനം കൂടിയതിനൊപ്പം കിട്ടാക്കടങ്ങൾ ഗണ്യമായി കുറഞ്ഞതും ബാങ്കുകൾക്ക് അനുഗ്രഹമായി.

നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണ വിധേയമാകാത്തതിനാൽ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്.

കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ ഇടിവ് നേരിട്ടതിനാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവിളി. അടുത്ത വർഷം സെപ്തംബറിന് ശേഷം മാത്രമേ വായ്പകളുടെ പലിശ കുറയൂവെന്നും ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.

അതേസമയം വിപണിയിലെ പണദൗർലഭ്യം ശക്തമായാൽ വായ്പകളുടെ പലിശ കൂടാനും സാദ്ധ്യതയുണ്ട്.

രാജ്യത്തെ ‌ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം ഒക്ടോബർ-ഡിസംബർ കാലയളവിൽ 33 ശതമാനം ഉയർന്ന് 16,372 കോടി രൂപയിലെത്തി. പലിശ വരുമാനം 24 ശതമാനം ഉയർന്ന് 28,470 കോടി രൂപയിലെത്തി.

സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 24 ശതമാനം ഉയർന്ന് 10,272 കോടിയിലെത്തി റെക്കാഡിട്ടു. പലിശ വരുമാനം 13.4 ശതമാനം ഉയർന്ന് 18,678 കോടി രൂപയായി.

ഡിസംബർ പാദത്തിൽ യൂണിയൻ ബാങ്കിന്റെ ലാഭം 60 ശതമാനം ഉയർന്ന് 3,590 കോടി രൂപയിലെത്തി. പലിശ വരുമാനം 25,360 കോടി രൂപയിലെത്തി.

X
Top