കൊച്ചി: കാർ വില്പന മന്ദഗതിയിലായതോടെ രാജ്യത്തെ വാഹന ഡീലർമാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഫാക്ടറികളിലെ ഉത്പാദനം കൂടുന്നതിന് അനുസരിച്ച് റീട്ടെയിൽ വില്പന മെച്ചപ്പെടാത്തതാണ് വിപണിയിൽ അനിശ്ചിതത്വം ശക്തമാക്കുന്നത്.
ഡീലർഷിപ്പുകളിൽ വില്പന നേടാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണ്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ(എഫ്.എ.ഡി.എ) കണക്കുകളനുസരിച്ച് നിലവിൽ 73,000 കോടി രൂപയിലധികം മൂല്യമുള്ള ഏഴ് ലക്ഷം വാഹനങ്ങളാണ് ഡീലർമാരുടെ പക്കൽ വിൽക്കാതെ അവശേഷിക്കുന്നത്.
ജൂലായ് മാസത്തിന്റെ തുടക്കത്തിൽ 65 മുതൽ 67 ദിവസം വരെയാണ് വാഹന വില്പനയ്ക്ക് സമയമെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ വില്പനയ്ക്കെടുക്കുന്ന സമയം 75 ദിവസം വരെ ഉയർന്നുവെന്ന് എഫ്.എ.ഡി.എ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറയുന്നു.
രാജ്യത്തെ പല ഡീലർമാരും തകർച്ച നേരിടാൻ ഇൻവെന്ററിയിലെ വർദ്ധന കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി 30 ദിവസത്തിനുള്ളിൽ വില്പന പൂർത്തിയാക്കുന്ന തരത്തിൽ കമ്പനികൾ ഉത്പാദനം നിജപ്പെടുത്തണമെന്നും എഫ്.എ.ഡി.എ ആവശ്യപ്പെടുന്നു.
വില്പനയിൽ പത്ത് ശതമാനം വർദ്ധന
ജൂലായിൽ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്പന പത്ത് ശതമാനം ഉയർന്ന് 3,20,129 യൂണിറ്റുകളായെന്ന് എഫ്.എ.ഡി.എയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
മുൻവർഷം ഇതേകാലയളവിനേക്കാൾ വില്പനയിൽ 2.5 ശതമാനം ഇടിവാണുണ്ടായത്.
ഉത്പാദനം കുറച്ച് മാരുതി സുസുക്കി
ഡീലർമാരുടെ കൈവശമുള്ള സ്‌റ്റോക്ക് കുറയ്ക്കുന്നതിനായി ഫാക്‌ടറികളിലെ ഉത്പാദനത്തിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് മാരുതി മോട്ടോർ കോർപ്പറേഷൻ വ്യക്തമാക്കി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ഇന്ത്യയിലെ യായ്രാ വാഹനങ്ങളുടെ വില്പന പ്രതീക്ഷിച്ച വളർച്ച നേടിയില്ലെന്നും കമ്പനി വ്യക്തമാക്കി.