ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഏപ്രിലില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയ‍‌ർന്നു

ന്യൂഡൽഹി: യുദ്ധം കാരണം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ ഏപ്രിലില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവ് 52.3 ശതമാനം വര്‍ധിച്ച് 16.3 ബില്യണ്‍ ഡോളറായി (1,56,480 കോടി രൂപ). കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 10.7 ബില്യണ്‍ ഡോളറായിരുന്നു (1,02,720 കോടി രൂപ). പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ നിന്നുള്ള വിതരണം തടസപ്പെട്ടതും ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതും ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയുടെ അളവ് 4.2 ശതമാനം ഇടിഞ്ഞ് 20.1 മില്യണ്‍ ടണ്ണിലെത്തി. അളവ് കുറഞ്ഞെങ്കിലും രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് ഇറക്കുമതിച്ചെലവ് കുത്തനെ കൂട്ടിയത്.

റഷ്യന്‍ എണ്ണവിലയും കൂടി
കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന റഷ്യന്‍ യുറല്‍സ് ക്രൂഡിന്റെ വില ഉയര്‍ന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഡിമാന്‍ഡ് കൂടിയതോടെ റഷ്യ നല്‍കിയിരുന്ന ഡിസ്‌കൗണ്ടുകള്‍ ഇല്ലാതായി. യുറല്‍സ് ക്രൂഡ് വില ഒറ്റമാസം കൊണ്ട് 19 ശതമാനം വര്‍ധിച്ച് ഏപ്രിലില്‍ ബാരലിന് 112.3 ഡോളറിലെത്തി (ഏകദേശം 10,781 രൂപ).

ഇറാന്‍ യുദ്ധം കാരണം ഏപ്രിലില്‍ ബ്രെന്റ് ക്രൂഡ് വിലയിലും വലിയ ചാഞ്ചാട്ടമാണുണ്ടായത്. താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 17-ന് വില 90 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും, വീണ്ടും സംഘര്‍ഷം രൂക്ഷമാകുമെന്ന ഭയത്താല്‍ ഏപ്രില്‍ 30-ന് ഇത് 126.41 ഡോളറായി കുതിച്ചുയര്‍ന്നു. ഏപ്രിലിലെ ശരാശരി വില ബാരലിന് 117 ഡോളറായിരുന്നു. അതേസമയം, രാജ്യത്തെ ആഭ്യന്തര എണ്ണയുല്‍പ്പാദനത്തില്‍ മാറ്റമില്ല. മുന്‍വര്‍ഷത്തെപ്പോലെ ഇത് 2.3 മില്യണ്‍ ടണ്ണായി തുടരുന്നു.

പ്രകൃതി വാതക ഇറക്കുമതി കുറഞ്ഞു
പ്രകൃതി വാതക ഇറക്കുമതിയിലും വലിയ ഇടിവാണുണ്ടായത്. ഏപ്രിലില്‍ എല്‍എന്‍ജി ഇറക്കുമതി 29.6 ശതമാനം കുറഞ്ഞ് 1,954 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററായി. 2025 ഏപ്രിലിലെ 1.2 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രകൃതി വാതക ഇറക്കുമതിച്ചെലവ് 24.9 ശതമാനം കുറഞ്ഞ് 0.9 ബില്യണ്‍ ഡോളറിലെത്തി.

ഖത്തര്‍ എനര്‍ജിയുടെ റാസ് ലഫാനിലെ പ്രധാന ഗ്യാസ് പ്ലാന്റിന് നേരെ ഇറാന്‍ നടത്തിയ ആക്രമണമാണ് എല്‍എന്‍ജി ഇറക്കുമതിയെ സാരമായി ബാധിച്ചത്. ഇന്ത്യയ്ക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 45 ശതമാനവും നല്‍കുന്നത് ഖത്തറാണ്. ഇതോടെ ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം മുന്‍വര്‍ഷത്തെ 5,648 എംഎംഎസ്സിഎമ്മില്‍ നിന്ന് ഏപ്രിലില്‍ 16.7 ശതമാനം കുറഞ്ഞ് 4,703 എംഎംഎസ്സിഎം ആയി.

കയറ്റുമതി വരുമാനം വര്‍ധിച്ചു
പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. കയറ്റുമതി അളവ് 15 ശതമാനം ഇടിഞ്ഞ് 3.4 ദശലക്ഷം ടണ്ണായി. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിച്ചതിനാല്‍, കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 83.3 ശതമാനം വര്‍ധിച്ച് 4.4 ബില്യണ്‍ ഡോളറായി (42,240 കോടി രൂപ) കുതിച്ചുയര്‍ന്നു.

X
Top