എണ്ണ ഇറക്കുമതി ബില്ലില്‍ വന്‍ വര്‍ധന ◆ നവംബറിൽ എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാർ ◆ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യഘട്ട നികുതിയിളവ് പ്രഖ്യാപിച്ചു ◆ അരിവില 100 കടന്നേക്കുമെന്ന് ആശങ്ക ◆ രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆

90 സെക്കന്‍ഡ് മെഡിക്കല്‍ സഹായം മുതല്‍ സ്റ്റാര്‍ട്അപ് മാതൃക വരെ; നൂതന സാങ്കേതികവിദ്യയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്‍

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ആശയങ്ങള്‍ മുതല്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം, വിദേശ സാങ്കേതികവിദ്യയുടെ പ്രയോജനം, പുതിയ വ്യവസായ നിക്ഷേപങ്ങള്‍, സംരംഭകര്‍ നേരിടുന്ന ഭരണപരമായ തടസ്സങ്ങള്‍ പരിഹരിക്കല്‍, അര്‍ഹരായവര്‍ക്ക് ജീവകാരുണ്യ സഹായം എത്തിക്കല്‍ തുടങ്ങി തിരുവനന്തപുരത്തിന്റെ സമഗ്ര സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ് വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്‍.

സാങ്കേതികവിദ്യയെയും സംരംഭകത്വത്തെയും സാമൂഹിക പ്രതിബദ്ധതയെയും ഒരുമിപ്പിച്ച് തലസ്ഥാനത്തിന്റെ വികസനത്തിന് പുതിയ സാധ്യതകള്‍ തുറക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇസ്രായേലിന്റെ സാങ്കേതിക മികവ് കേരളത്തില്‍ പ്രയോജനപ്പെടുത്തുന്നതിനും തിരുവനന്തപുരത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അവസരമൊരുക്കുന്നതിനുമുള്ള സാധ്യതകള്‍ ഫൗണ്ടേഷന്‍ പരിശോധിച്ചുവരികയാണ്.

ഇസ്രായേലിന്റെ മിനിസ്ട്രി ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഇന്ത്യ-ഇസ്രായേല്‍ ലീഡര്‍ഷിപ്പ് ഡെലിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇസ്രായേല്‍ സന്ദര്‍ശിച്ച 14 അംഗ സംഘത്തില്‍ വികസിത അനന്തപുരിയുടെ പ്രതിനിധി സജീവ് എസ്. നായരും പങ്കെടുത്തിരുന്നു.

സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന നൂതന സാങ്കേതികവിദ്യാ പദ്ധതികളും മെഡിക്കല്‍ ഉപകരണ നിര്‍മാണ സാധ്യതകളും സംബന്ധിച്ച് ഇസ്രായേലി പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തി.ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റത്തെക്കുറിച്ച് ഇസ്രായേലില്‍ നിന്ന് മനസിലാക്കുന്നതിനും ഈ സന്ദര്‍ശനം സാധ്യമാക്കി.കേരളത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഇസ്രായേലിന്റെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുന്നതിനും തിരുവനന്തപുരത്ത് പുതിയ നിക്ഷേപങ്ങള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കും വഴിയൊരുക്കുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ച് ഇസ്രായേലി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനും സന്ദര്‍ശനം അവസരമൊരുക്കി.

90 സെക്കന്‍ഡിനുള്ളില്‍ വൈദ്യസഹായം: ഇസ്രായേല്‍ മാതൃകയില്‍നിന്ന് പ്രചോദനം

അപകടമോ ആരോഗ്യപ്രശ്‌നമോ ഉണ്ടായ ഉടന്‍തന്നെ അടിയന്തരിമായി പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നത് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. പരമ്പരാഗത ആംബുലന്‍സ് സേവനം എത്തുന്നതിന് മുമ്പുള്ള നിര്‍ണായക സമയത്ത് രോഗിക്ക് വൈദ്യസഹായം ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ക്ക് ലോകമെമ്പാടും പ്രാധാന്യം വര്‍ധിച്ചുവരികയാണ്.

ഇസ്രായേലിലെ യുണൈറ്റഡ് ഹറ്റ്‌സല (United Hatzalah) പോലുള്ള സന്നദ്ധസേവനാധിഷ്ഠിത അടിയന്തര മെഡിക്കല്‍ സേവനസംവിധാനങ്ങള്‍ ഈ രംഗത്തെ ശ്രദ്ധേയമായ മാതൃകകളിലൊന്നാണ്. അതിനുവേണ്ടി ആയിരക്കണക്കിന് വോളനന്റിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.

സൗജന്യ അടിയന്തര വൈദ്യസഹായം നല്‍കുന്ന ഈ സംഘടനയുടെ പ്രവര്‍ത്തനരീതി, അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള ഇടപെടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇത്തരം മാതൃകകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമയബന്ധിതമായ മെഡിക്കല്‍ സഹായവും ആധുനിക ആരോഗ്യസാങ്കേതികവിദ്യയും കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.നിലവില്‍ തിരുവനന്തപുരത്ത് കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ ഈ സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണ്.

ജലശുദ്ധീകരണത്തിന് ഇസ്രായേല്‍ സാങ്കേതികവിദ്യ;മിഷന്‍ സമുദ്രയുമായി ബന്ധിപ്പിക്കാന്‍ കഴിയുമോ?

നിരവധി നദികളും കായലുകളും കുളങ്ങളും മറ്റ് ജലസ്രോതസ്സുകളുമുള്ള കേരളത്തില്‍ ജലമലിനീകരണം വലിയ വെല്ലുവിളിയായി തുടരുകയാണ്. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ സംസ്ഥാനത്ത് പല ജലാശയങ്ങളും മലിനീകരിക്കപ്പെട്ട നിലയിലാണ്. ഇവ ശാസ്ത്രീയമായി ശുദ്ധീകരിച്ച് പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ജലശുദ്ധീകരണ രംഗത്ത് ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യകള്‍ കേരളത്തില്‍ പ്രയോജനപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാവുന്നതാണെന്ന് വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ജലസ്രോതസ്സുകള്‍ എങ്ങനെ മലിനപ്പെടുന്നു എന്ന് തിരിച്ചറിയുന്നതിനും മലിനീകരണത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും ഇസ്രായേലിന്റെ ആധുനിക സാങ്കേതികവിദ്യകള്‍ സഹായകമാകും. മലിനീകരണത്തിന്റെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ചുള്ള ശുദ്ധീകരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞാല്‍ ജലാശയങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും കൂടുതല്‍ ഫലപ്രദമാക്കാനാകും. മലിനമായ ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിനൊപ്പം അവ വീണ്ടും മലിനമാകുന്നത് തടയുന്നതിനും ശാസ്ത്രീയമായ സംവിധാനങ്ങള്‍ ആവശ്യമാണ്

ജലപരിപാലനത്തിലും പരിമിതമായ ജലവിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിലും ഇസ്രായേല്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.ചെങ്കടലിലെ ഉയര്‍ന്ന ലവണാംശമുള്ള സമുദ്രജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതും ആധുനിക ജലസേചന രീതികളിലൂടെ കൃഷിക്ക് വെള്ളം കാര്യക്ഷമമായി വിനിയോഗിക്കുന്നതും ഇസ്രായേലിന്റെ സാങ്കേതിക മികവിന്റെ ഉദാഹരണങ്ങളാണ്.

ഇത്തരം സാങ്കേതികവിദ്യകള്‍ കേരളത്തില്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ മലിനമായ ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കാനും ജലസമ്പത്ത് സംരക്ഷിക്കാനും കാര്‍ഷിക മേഖലയിലെ ജലലഭ്യത മെച്ചപ്പെടുത്താനും കഴിയും. ഇസ്രായേലി കമ്പനികളുമായി സഹകരിച്ച് ജലശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കഴിഞ്ഞാല്‍ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം പുതിയ സാങ്കേതിക സംരംഭങ്ങള്‍ക്കും വളര്‍ച്ചയുടെ സാധ്യതകള്‍ തുറക്കും.ഇതിനു വേണ്ടി സൗജന്യമായി പ്രൊജക്ടുകള്‍ തയാറാക്കി നല്‍കാന്‍ ഇസ്രായേലി കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും പിന്തുണയുണ്ടെങ്കില്‍ കേരളത്തിലെ ജലസ്രോതസുകളില്‍ ഏറ്റവും വേഗത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയും.കേരളത്തിലെ എല്ലാ ജലസ്രോതസ്സുകളും ഉള്‍പ്പെടുത്തിയുള്ള സമഗ്ര പദ്ധതിയായ മിഷന്‍ സമുദ്രയുമായി ചേര്‍ന്ന് ജലശുദ്ധികരണ സാങ്കേതിക വിദ്യ നടപ്പിലാക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് വരികയാണ്.

ഇസ്രായേലുമായി സഹകരിച്ച് മെഡിക്കല്‍ ഉപകരണ നിര്‍മാണം

ലോകത്ത് സാങ്കേതികവിദ്യയില്‍ മുന്നിലുള്ള ഇസ്രായേലുമായി സഹകരിച്ച് കേരളത്തില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ വികസിത അനന്തപുരി പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇസ്രായേലി കമ്പനികളുമായി ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ കേരളത്തിലെത്തിക്കുന്നതിലൂടെ പുതിയ വ്യവസായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അവസരമൊരുക്കുകയാണ് ലക്ഷ്യം.

ആരോഗ്യരംഗത്ത് മുന്നിലുള്ള കേരളത്തിന് ഇത്തരം സംരംഭങ്ങള്‍ വലിയ നേട്ടമാകും. വിദേശത്തുനിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം അവ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയും വൈദഗ്ധ്യവും കേരളത്തില്‍ വികസിപ്പിക്കാനായാല്‍ ആരോഗ്യരംഗത്തിനും വ്യവസായമേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യും.

വ്യക്തികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്യുന്ന നൂതന വീല്‍ചെയറുകള്‍ നിര്‍മിക്കുന്നതാണ് പ്രധാന സാധ്യതകളിലൊന്ന്. ഒരാളുടെ ശാരീരികാവസ്ഥ, ജോലി, ഉപയോഗസാഹചര്യം എന്നിവ കണക്കിലെടുത്ത് വീല്‍ചെയറുകള്‍ ക്രമീകരിക്കുന്ന സാങ്കേതികവിദ്യ ഇസ്രായേലി കമ്പനികള്‍ക്കുണ്ട്.

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്ക് അനുയോജ്യമായ വീല്‍ചെയറുകളും വീടിനകത്തും റോഡിലും ഉപയോഗിക്കാന്‍ വ്യത്യസ്ത മാതൃകകളും നിര്‍മിക്കാനാകും. ഇതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ സഞ്ചരിക്കാനും ജോലി ചെയ്യാനും സാധിക്കും.

പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉപകരണങ്ങള്‍ക്കു പകരം ആധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കേരളത്തില്‍ തന്നെ നിര്‍മിക്കുകയാണ് ലക്ഷ്യം. വീല്‍ചെയറുകള്‍ക്കു പുറമെ വിവിധ ആവശ്യങ്ങള്‍ക്കുള്ള മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സാധ്യതകളുണ്ട്.

തിരുവനന്തപുരത്ത് നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വികസിത അനന്തപുരി നല്‍കും. ഇതിലൂടെ പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആധുനിക ആരോഗ്യസാങ്കേതികവിദ്യ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും കഴിയുമെന്നാണ് ഫൗണ്ടേഷന്റെ പ്രതീക്ഷ.

ഇന്ത്യ-ഇസ്രായേല്‍ ബന്ധം: സാങ്കേതികവിദ്യയെ ബിസിനസ് സാധ്യതകളാക്കി മാറ്റണം

പതിറ്റാണ്ടുകളായി ഇന്ത്യയും ഇസ്രായേലും തമ്മില്‍ മികച്ച നയതന്ത്ര ബന്ധമാണ് നിലനില്‍ക്കുന്നത്. സാങ്കേതികവിദ്യയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ചുവരുന്നു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലും ഇസ്രായേലിന്റെ സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള സാങ്കേതിക സഹകരണത്തെ കൂടുതല്‍ ഫലപ്രദമായ ബിസിനസ് മാതൃകകളിലേക്ക് മാറ്റാന്‍ ഇനിയും സാധ്യതകളുണ്ടെന്നാണ് വികസിത അനന്തപുരിയുടെ വിലയിരുത്തല്‍. വിദേശ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, അതിന്റെ അടിസ്ഥാനത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും പ്രാദേശികമായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇസ്രായേലി കമ്പനികളെയും കേരളത്തിലെ സംരംഭകരെയും തമ്മില്‍ ബന്ധിപ്പിച്ച് പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപകരെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കുന്നതിനും ഫൗണ്ടേഷന്‍ സഹായം നല്‍കും.

സ്റ്റാര്‍ട്ടപ്പ് മാതൃക കേരളത്തിനും പ്രയോജനപ്പെടുത്താം

ഇന്നൊവേഷനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും വളര്‍ത്തുന്നതില്‍ ലോകശ്രദ്ധ നേടിയ രാജ്യമാണ് ഇസ്രായേല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ബയോടെക്‌നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍, സൈബര്‍ സുരക്ഷ, അഗ്രിടെക് തുടങ്ങി വിവിധ മേഖലകളിലായി ഏകദേശം 9,000 സ്റ്റാര്‍ട്ടപ്പുകളും 1,500-ഓളം ഡീപ്ടെക് കമ്പനികളും പ്രവര്‍ത്തിക്കുന്ന വിപുലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇസ്രായേലിനുള്ളത്.

ഗവേഷണങ്ങളിലൂടെയും സാങ്കേതിക കണ്ടുപിടിത്തങ്ങളിലൂടെയും ലഭിക്കുന്ന പുതിയ ആശയങ്ങളെ പ്രായോഗിക ഉല്‍പ്പന്നങ്ങളായും സേവനങ്ങളായും മാറ്റി വിജയകരമായ ബിസിനസ് സംരംഭങ്ങളാക്കി വളര്‍ത്തുന്നതാണ് ഈ മാതൃകയുടെ പ്രത്യേകത. ഇന്നൊവേഷനെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റാന്‍ ഇസ്രായേലിന് ഇതിലൂടെ കഴിയുന്നു.

കേരളത്തിനും ശക്തമായ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥയുണ്ടെങ്കിലും, പുതിയ ആശയങ്ങളെയും കണ്ടുപിടിത്തങ്ങളെയും വിജയകരമായ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതില്‍ ഇസ്രായേലിന്റെ അനുഭവങ്ങളില്‍നിന്ന് കൂടുതല്‍ പഠിക്കാനുണ്ട്. ഗവേഷകര്‍ക്കും യുവസംരംഭകര്‍ക്കും അവരുടെ ആശയങ്ങള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണയും നിക്ഷേപവും വിപണനസഹായവും ലഭ്യമാക്കണം.

ഇസ്രായേലിന്റെ സ്റ്റാര്‍ട്ടപ്പ് മാതൃക കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതല്‍ നൂതന സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാനും തിരുവനന്തപുരത്തേക്ക് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ആഗോള വിപണിയില്‍ മത്സരിക്കാന്‍ ശേഷിയുള്ള സാങ്കേതിക സംരംഭങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് വികസിത അനന്തപുരി മുന്നോട്ടുവയ്ക്കുന്ന പ്രധാന സാധ്യതകളിലൊന്ന്.

ചുവപ്പുനാടയില്‍ കുടുങ്ങുന്ന സംരംഭകര്‍ക്ക് സൗജന്യ സഹായം

തിരുവനന്തപുരത്തിന്റെ സമഗ്ര സാമ്പത്തിക വികസനത്തിന് പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതും നിലവിലുള്ള സംരംഭങ്ങളെ വളര്‍ത്തുന്നതും അനിവാര്യമാണ്. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അനുമതികള്‍ക്കും മറ്റ് നടപടികള്‍ക്കുമായി അപേക്ഷ സമര്‍പ്പിച്ചശേഷം ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരുന്നത് പല സംരംഭകരും നേരിടുന്ന പ്രശ്‌നമാണ്. ഇത്തരം ഭരണപരമായ തടസ്സങ്ങള്‍ സംരംഭങ്ങളുടെ വളര്‍ച്ചയെ ബാധിക്കുകയും പുതിയ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാം.

ഈ സാഹചര്യം പരിഹരിക്കാന്‍ വികസിത അനന്തപുരിയുടെ നേതൃത്വത്തില്‍ പ്രത്യേക സഹായസംവിധാനം ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും അപേക്ഷകള്‍ സമര്‍പ്പിച്ച് നടപടികള്‍ക്കായി കാത്തിരിക്കുന്ന ബിസിനസുകാരെ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

സംരംഭകരില്‍ നിന്ന് പണം ഈടാക്കാതെ ആവശ്യമായ സഹായം നല്‍കുന്ന രീതിയാണ് ഫൗണ്ടേഷന്‍ സ്വീകരിച്ചിരിക്കുന്നത്. അപേക്ഷകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും ബന്ധപ്പെട്ട സംവിധാനങ്ങളുമായി ഇടപെടുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ സംരംഭകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാണ് ശ്രമം.

നിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ കുറയ്ക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുക എന്നിവയെല്ലാം ഈ പ്രവര്‍ത്തനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളാണ്.

പത്ത് പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍

പ്രവാസി മലയാളികളായ പത്തുപേരാണ് വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്റെ സ്ഥാപകര്‍. നിലവില്‍ സ്ഥാപകാംഗങ്ങളില്‍നിന്നുള്ള സാമ്പത്തിക സംഭാവനകള്‍ ഉപയോഗിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

തിരുവനന്തപുരത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്നതിനൊപ്പം സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക എന്നതും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വിവിധ തരത്തിലുള്ള പിന്തുണ ആവശ്യമുള്ളവര്‍ക്കും സഹായം ലഭ്യമാക്കുന്നതിലൂടെ സാമൂഹികമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തിച്ചേരാത്ത മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം

വികസിത അനന്തപുരി ഗ്ലോബല്‍ ഫൗണ്ടേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേരിട്ട് എത്തിച്ചേരാന്‍ കഴിയാത്ത മേഖലകളെ കേന്ദ്രീകരിച്ചുള്ളതാണ്. സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള പിന്തുണ നല്‍കുന്നതിനാണ് ഫൗണ്ടേഷന്‍ മുന്‍ഗണന നല്‍കുന്നത്.

അര്‍ഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും നിലവിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുകയും ചെയ്യുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. സാമൂഹിക പിന്തുണ ആവശ്യമായവര്‍ക്ക് സഹായം എത്തിക്കുന്നതിലൂടെ വികസനത്തിന്റെ പ്രയോജനം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.

സമഗ്ര വികസനമാണ് ലക്ഷ്യം

തിരുവനന്തപുരത്തിന്റെ വികസനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയില്‍ മാത്രം ഒതുക്കാതെ വ്യവസായം, സാങ്കേതികവിദ്യ, തൊഴില്‍, സംരംഭകത്വം, ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം എന്നിവയെ ഒരുമിപ്പിച്ചുള്ള സമഗ്ര സാമ്പത്തിക വികസനമാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.

നിക്ഷേപത്തിനും നവീന ആശയങ്ങള്‍ക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം അര്‍ഹരായവരെ ചേര്‍ത്തുനിര്‍ത്തുന്ന വികസന മാതൃക കെട്ടിപ്പടുക്കുകയാണ് വികസിത അനന്തപുരിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം.

X
Top