മുംബൈ: കടുത്ത സാമ്പത്തിക സമ്മര്‍ദങ്ങളില്‍ നിന്നു തിരിച്ചുവരവിന് ശ്രമിക്കുന്ന അനില്‍ അംബാനി കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ ബിസിനസ് വിപണികളില്‍ വലിയ ചര്‍ച്ചയാണ്. തിരിച്ചുവരവില്‍ അദ്ദേഹം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് പുനഃരുപയോഗ ഊര്‍ജ മേഖലയിലാണ്.
ഇതിന്റെ ഭാഗമായി അനില്‍ അംബാനി റിലയന്‍സ് പവറിനെയും, ഉപസ്ഥാപനമായ റോസ പവറിനെയും മുന്‍ മാസങ്ങളില്‍ കടരഹിതമാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡര്‍ ലഭിക്കാനായി കമ്പനി കാട്ടിയ ചില കള്ളത്തരങ്ങള്‍ അധികൃതര്‍ കൈയ്യോടെ പൊക്കിയിരിക്കുകയാണ്.
റിലയന്‍സ് ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അനില്‍ അംബാനി സ്ഥാപനമായ റിലയന്‍സ് പവര്‍ ആണ് വീണ്ടും വിവാദത്തില്‍ ഉള്‍പ്പെട്ടത്. റിന്യൂവബിള്‍ എനര്‍ജി ഏജന്‍സിയായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SECI) ആണ് കമ്പനിക്കു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
വ്യാജ ബാങ്ക് ഗ്യാരന്റി സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. പ്രസ്തുത നടപടിക്കെതിരേ എന്തുകൊണ്ട് ക്രിമിനല്‍ നടപടി സ്വീകരിക്കരുതെന്ന് വ്യക്തമാക്കാനും ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബര്‍ ആറിന് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് മുമ്പാകെ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് റിലയന്‍സ് പവറിനേയും, അതിന്റെ വിഭാഗമായ റിലയന്‍സ് NU BESS നെയും വിലക്കിയിരുന്നു.
മൂന്ന് വര്‍ഷത്തേക്ക് തുടര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്കുള്ളത്. ഇതേത്തുടര്‍ന്ന് ഓഹരി വിപണികളിലും റിലയന്‍സ് പവര്‍ ഓഹരികള്‍ തിരിച്ചടി നേരിട്ടിരുന്നു. ഇന്നലെ റിലയന്‍സ് പവര്‍ ഓഹരികള്‍ 1.53 ശതമാനം ഇടിഞ്ഞ് 36 രൂപയിലെത്തി.
അതേസമയം കമ്പനി എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗ് പ്രധാനമാണ്. തങ്ങള്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നിവയുടെ ഇരയാണെന്ന് റിലയന്‍സ് പവര്‍ വ്യക്തമാക്കി. മൂന്നാം കക്ഷിക്കെതിരെ 2024 ഒക്ടോബര്‍ 16 ന് ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ 2024 നവംബര്‍ 11 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അന്വേഷണമായും, നിയമനടപടികളുമായും മുന്നോട്ടുപോകുമെന്നും കമ്പനി ഫയലിംഗില്‍ വ്യക്തമാക്കി.
ബിഡ് സമര്‍പ്പണത്തിന്റെ ഭാഗമായി ഒരു വിദേശ ബാങ്ക് ഗ്യാരന്റി കമ്പനി സമര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്ര എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നറിയപ്പെടുന്ന റിലയന്‍സ് എന്‍ യു ബെസ് ലിമിറ്റഡ് സമര്‍പ്പിച്ച പ്രസ്തുത ബാങ്ക് ഗ്യാരന്റി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ ബാങ്ക് ഗ്യാരന്റിയുടെ ആവര്‍ത്തിച്ചുള്ള സമര്‍പ്പണവും, അതിന്റെ വ്യാജ എന്‍ഡോഴ്‌സ്‌മെന്റും ബിഡ്ഡര്‍ ബോധപൂര്‍വമായി നടത്തിയ പ്രവൃത്തിയായി കണക്കാക്കുന്നുവെന്നാണ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പറയുന്നത്. ഇത് ടെന്‍ഡര്‍ പ്രക്രിയയെ തടസപ്പെടുത്താനും, വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ പ്രോജക്റ്റ് സ്വന്തമാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നു കരുതപ്പെടുന്നു.
ഫിലിപ്പീന്‍സിലെ മനില സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്‌റാന്‍ഡ് ബാങ്കിന്റെ പേരിലുള്ളതാണ് വ്യാജ ബാങ്ക് ഗ്യാരന്റി. വിശദമായ അന്വേഷണത്തില്‍ മേല്‍പ്പറഞ്ഞ ബാങ്കിന്റെ ഇന്ത്യന്‍ ബ്രാഞ്ച് ഫിലിപ്പൈന്‍സില്‍ പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച ബാങ്ക് ഗ്യാരന്റി വ്യാജമാണെന്ന് വിലയിരുത്തലില്‍ എത്തുകയായിരുന്നു.