കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണം

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ നിന്ന് കരകയറാനും ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രത്തിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നു. കേവലം നികുതി വർദ്ധനവിനപ്പുറം ഭരണസംവിധാനത്തിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ നിലവിലെ പ്രതിസന്ധി മറികടക്കാൻ സാധിക്കൂ എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കിഫ്‌ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുന്നതിനാൽ, കിഫ്‌ബി സ്വതന്ത്രമായി വായ്പ എടുക്കുന്നത് നിർത്തണമെന്നാണ് പ്രധാന ശുപാർശ. കിഫ്‌ബിയേക്കാൾ 1 മുതൽ 1.5 ശതമാനം വരെ കുറഞ്ഞ പലിശയ്ക്ക് ഗവൺമെന്റിന് നേരിട്ട് വായ്പ ലഭിക്കുമെന്നതിനാൽ, ധനകാര്യ വകുപ്പ് വായ്പയെടുത്ത് കിഫ്‌ബിക്ക് നൽകുന്നത് വഴി വലിയ സാമ്പത്തിക ലാഭമുണ്ടാക്കാം. കൂടാതെ കിഫ്‌ബിയുമായി ബന്ധപ്പെട്ട 2016-ലെ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും നിർദ്ദേശമുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിഷ്കരണമാണ് മറ്റൊരു പ്രധാന മേഖല. ഉൽപ്പാദനത്തിനനുസരിച്ച് സബ്‌സിഡി നൽകുന്ന നിലവിലെ രീതി മാറ്റി അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ കൈമാറുന്ന രീതിയിലേക്ക് മാറണം. ഇത് സബ്‌സിഡി വിതരണത്തിലെ ചോർച്ച ഒഴിവാക്കാനും ഭരണപരമായ ചിലവുകൾ കുറയ്ക്കാനും സഹായിക്കും.

ലാഭകരമായി പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷനെ കനത്ത നഷ്ടത്തിലുള്ള സപ്ലൈകോയുമായി ലയിപ്പിക്കുക എന്ന വിപ്ലവകരമായ നിർദ്ദേശം റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു. ഇത്തരമൊരു ലയനം വഴി സപ്ലൈകോയുടെ നഷ്ടം ബിവറേജസിന്റെ ലാഭവുമായി നികത്താൻ സാധിക്കുമെന്നും, ഇത് കോർപ്പറേറ്റ് നികുതിയിനത്തിൽ ഗവൺമെന്റിന് നൽകേണ്ടി വരുന്ന വലിയൊരു തുക ലാഭിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തുടർച്ചയായി നഷ്ടം വരുത്തുന്നതും കാലാനുസൃതമല്ലാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനോ സ്വകാര്യവൽക്കരിക്കാനോ സർക്കാർ തയ്യാറാകണം. ഇത്തരം സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗശൂന്യമായ വലിയ ഭൂമിയും മറ്റ് ആസ്തികളും വിറ്റഴിക്കുകയോ കൂടുതൽ ഉൽപ്പാദനക്ഷമമായ മറ്റ് മേഖലകളിൽ ഉപയോഗിക്കുകയോ വേണം. തൊഴിലാളികളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് തന്നെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കണമെന്നാണ് ശുപാർശ.

സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി ഊർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപവും കേന്ദ്ര പൊതുമേഖലാ നിക്ഷേപവും അനുവദിക്കണം. എ.ഐ, ഡാറ്റ സെന്ററുകൾ തുടങ്ങിയ ഭാവി വ്യവസായങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ആവശ്യമായതിനാൽ സോളാർ, ഹൈഡ്രൽ മേഖലകളിൽ പുതിയ പദ്ധതികൾ അടിയന്തരമായി ആരംഭിക്കണം. കെ.എസ്.ഇ.ബിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ പ്രൊഫഷണൽ നേതൃത്വത്തെ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്.

ഗവൺമെന്റിന്റെ ശമ്പള-പെൻഷൻ ബാധ്യതകൾ കുറയ്ക്കുന്നതിനായി വിരമിക്കൽ പ്രായം കേന്ദ്ര ഗവൺമെന്റിന് സമാനമായി വർദ്ധിപ്പിക്കണം. വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുന്നത് വഴി ഓരോ വർഷവും ഏകദേശം 6,000 കോടി രൂപയുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നത് നീട്ടിവെക്കാൻ സാധിക്കും. കൂടാതെ കേന്ദ്ര മാതൃകയിൽ പത്തു വർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷനെ നിയമിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്.

സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനായി ജി.എസ്.ടി പിരിവ് ഊർജിതമാക്കണം. സർവീസ് മേഖലയിലെ നികുതി സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുകയും ആഭ്യന്തര ഉൽപ്പാദന അടിത്തറ വിപുലീകരിക്കുകയും വേണം. നികുതി ചോർച്ച തടയാൻ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

വിദ്യാഭ്യാസ-ഐ.ടി-ടൂറിസം മേഖലകളിൽ വലിയ തോതിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണം. വിദേശ സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നത് വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനാകും. വ്യവസായ സൗഹൃദമായ രീതിയിൽ ഭൂനിയമങ്ങളിലും തൊഴിൽ നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ശുപാർശയുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന ആവശ്യങ്ങൾക്കായി വായ്പയെടുക്കാൻ അനുമതി നൽകണം. ഇത് സംസ്ഥാന ഗവൺമെന്റിന്റെ ഔദ്യോഗിക വായ്പാ പരിധിയിൽ ഉൾപ്പെടാത്തതിനാൽ കൂടുതൽ ഫണ്ട് വികസനത്തിനായി കണ്ടെത്താൻ സാധിക്കും. കിഫ്‌ബിയുടെ വായ്പാ വിനിയോഗത്തിലുള്ള വൈദഗ്ധ്യം തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ ഉപയോഗിക്കാം.

സർക്കാർ സംവിധാനങ്ങളിൽ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുകയും ഫയൽ നീക്കം വേഗത്തിലാക്കുകയും വേണം. എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അനാവശ്യ തസ്തികകൾ കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും. ഭരണരംഗത്തെ അച്ചടക്കവും സുതാര്യതയും തിരികെ കൊണ്ടുവന്നാൽ മാത്രമേ കേരളത്തിന് സുസ്ഥിരമായ വളർച്ച കൈവരിക്കാനാകൂ എന്നും ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

X
Top