സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

പൊതുതിരഞ്ഞെടുപ്പ്: ഇന്ത്യ വിക്സ് നൽകുന്ന സൂചനയെന്ത്?

ഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി ഓഹരി വിപണിയിൽ ശക്തമായ ചാഞ്ചാട്ടം പ്രകടമായിട്ടുണ്ട്. അതുപോലെ സമീപകാലയളവിനിടെ വിപണിയിൽ സംഭവിക്കാവുന്ന ചാഞ്ചാട്ടത്തിന്റെ തീവ്രതയുടെ അളവുകോലായി പരിഗണിക്കപ്പെടുന്ന ഇന്ത്യ വിക്സ് (VIX) സൂചികയാകട്ടെ ഏതാനും ആഴ്ചകൾ കൊണ്ട് ഒരു വർഷക്കാലയളവിലെ ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചുയർന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 10-ന് വിക്സ് സൂചിക 10 നിലവാരത്തിലായിരുന്നു നിന്നതെങ്കിൽ ഇപ്പോൾ അതു 20 നിലവാരം മറികടന്നു.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇടിഞ്ഞതും പ്രധാനപ്പെട്ട ദേശീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ ശൈലിയിൽ പൊടുന്നനേ സംഭവിച്ച മാറ്റങ്ങളും വിലയിരുത്തിയ ശേഷം ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ ബിജെപിക്ക് തിരിച്ചടി നേരിട്ടേക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കുതിച്ചു പായുകയായിരുന്ന ആഭ്യന്തര ഓഹരി വിപണിയിൽ ഇതേസമയം തന്നെ തിരുത്തൽ നേരിട്ടതോടെ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വിജയ സാധ്യതയിലേക്കും ചോദ്യശരങ്ങൾ ഉയർന്നു. അടുത്തിടെ ഇന്ത്യ വിക്സ് സൂചിക ഉയർന്നതും ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് വിജയവുമായി ബന്ധമുണ്ടോ? വിശദമായി നോക്കാം.

വിക്സ് ചരിത്രം
ലോക്സഭാ തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുമ്പോൾ ഇന്ത്യ വിക്സ് സൂചിക ഉയർന്നത് ഇത്തവണത്തെ മാത്രം പ്രത്യേകതയല്ലെന്ന് പ്രമുഖ മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യ വിക്സ് സൂചിക 39 നിലവാരത്തിലേക്കും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ വിക്സ് സൂചിക 30 നിലവാരത്തിലേക്കും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മാർക്കറ്റ് ട്രെൻഡുകൾ പരുവപ്പെടുന്നതിന് പിന്നിൽ പല ഘടകങ്ങൾക്കും സ്വാധീനം ചെലുത്താൻ കഴിയുമെന്നതും ഓർക്കുക. ജിയോപൊളിറ്റിക്കൽ റിസ്ക് ഘടകങ്ങൾ മുതൽ പലവിധ ആഭ്യന്തര ഘടകങ്ങൾക്കും വരെ വിപണിയിൽ സ്വാധീനം ചെലുത്താനാകും.

അതായത് സമീപകാലയളവിനിടെ ഇന്ത്യ വിക്സ് സൂചികയിൽ വർധന രേഖപ്പെടുത്തിയതു കൊണ്ട് മാത്രം തെര‍ഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനമാണെന്ന് കരുതുകവയ്യ. എന്നിരുന്നാലും ഇത്തവണത്തെ തെരഞ്ഞെടുപ്പിലും മോദി വിജയിക്കും എന്ത് പ്രതീക്ഷയെ ഓഹരി വിപണി ഉൾക്കൊണ്ടു കഴിഞ്ഞിട്ടുള്ള കാര്യമായതിനാൽ പോളിങ് ശതമാനത്തിലെ കുറവ് ഒരു വിഭാഗം നിക്ഷേപകരെ എങ്കിലും ആശങ്കപ്പെടുത്താം.

വിദേശ നിക്ഷേപകരുടെ വിൽപനയും അമേരിക്കൻ കടപ്പത്രങ്ങളുടെ ആദായ നിരക്കിലെ വർധനയും വിപണിയെ സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്. ഇതിലൂടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെയും വിപണിയിൽ ചാഞ്ചാട്ടത്തിനുള്ള സാധ്യത നിലനിൽക്കുന്നു.

2024-ൽ എങ്ങനെ പ്രതികരിക്കും?
ലോക്സഭാ തെര‍ഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് പുറത്തുവന്ന ഭൂരിഭാഗം അഭിപ്രായ സർവേകളിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി തന്നെ ഇത്തവണയും വിജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്.

അതുകൊണ്ട് തന്നെ വിപണിയിലെ പൊതുപ്രതീക്ഷയും അപ്രകാരം തന്നെയാണ്. അതിനാൽ 300 സീറ്റുകൾക്ക് മുകളിൽ കരസ്ഥമാക്കി ബിജെപിക്ക് വിജയിക്കാൻ സാധിച്ചാൽ ഓഹരി വിപണിയിലും അത് പോസിറ്റീവ് ചലനങ്ങൾ സൃഷ്ടിക്കും. പ്രധാന ഓഹരി സൂചികകളിൽ മുന്നേറ്റം പ്രതീക്ഷിക്കാം.

അതേസമയം 280 – 300 സീറ്റുകൾക്ക് ഇടയിലാണ് ബിജെപി ജയിക്കുന്നതെങ്കിൽ വിപണിയെ സംബന്ധിച്ച് നെഗറ്റീവായ ഘടകമാകും. 5 ശതമാനം വരെ തിരിച്ചടി നേരിടാം. പിന്നീടുള്ള സമയത്ത് സർക്കാർ കൂടുതൽ ജനപ്രിയ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയാണ് കാരണം.

എന്നാൽ 250-ലും താഴെയുള്ള സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാൻ സാധിക്കുന്നതെങ്കിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ തിരുത്തലിനു വഴിതെളിക്കാമെന്നും വിപണി വിദഗ്ധർ സൂചിപ്പിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വിപണിയുടെ പ്രകടനം
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ഓഹരി വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഘടകമാണ്.

കഴിഞ്ഞകാല പൊതു തെരഞ്ഞെടുപ്പുകളും അതിന്റെ ഫലപ്രഖ്യാപനത്തെ തുടർന്നുള്ള ഓഹരി വിപണിയുടെ പ്രതികരണത്തിന്റെയും ചരിത്രം പരിശോധിക്കുമ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ചാഞ്ചാട്ടം പ്രകടമായാൽ പോലും ദീർഘമായ കാലയളവിൽ നിക്ഷേപകർക്ക് നേട്ടം കരഗതമാകുന്നതായി കാണാനാകും.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ അധികാരം നിലനിർത്തിയെങ്കിലും ഫലപ്രഖ്യാപനത്തിന് മുൻപോ ശേഷമോ ആഭ്യന്തര വിപണിയിൽ കാര്യമായ കുതിപ്പൊന്നും പ്രകടമായില്ല.

തൊട്ടുപിന്നാലെ കോവിഡ് മഹാമാരി ലോകമെങ്ങും വ്യാപിച്ചതിനാൽ, തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു വർഷ കാലയളവിലെ ഓഹരി വിപണിയുടെ പ്രകടനം നോക്കുമ്പോൾ നഷ്ടത്തിലായിപ്പോയി.

അതേസമയം 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള ഒരു വർഷക്കാലയളവിനിടെ വിപണിയിൽ 16 ശതമാനത്തിലധികം നേട്ടമാണ് രേഖപ്പെടുത്തിയത്. ഫലം പ്രഖ്യാപിച്ചതിനു ശേഷമുള്ള ഒരു വർഷ കാലയളവിൽ 20 ശതമാനത്തിലധികം നേട്ടവും ആഭ്യന്തര ഓഹരി വിപണികൾ കരസ്ഥമാക്കി.

അതുപോലെ 2009-ലെ പൊതു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത വ്യാപാര ദിനത്തിൽ മാത്രം ഇന്ത്യൻ വിപണികൾ ഒറ്റയടിക്ക് 15 ശതമാനം കുതിച്ചുയർന്നു. ഇതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തിരിച്ചടയിൽ നിന്നും ഇന്ത്യൻ ഓഹരി വിപണിക്ക് മോചനം ലഭിച്ചു.

ഫലപ്രഖ്യാപനത്തിനു ശേഷമുള്ള ഒരു വർഷക്കാലയളവിൽ പ്രധാന ഓഹരി സൂചികയായ നിഫ്റ്റി 38 ശതമാനം നേട്ടമാണ് സ്വന്തമാക്കിയത്.

അതേസമയം 2004-ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയിൽ തിരുത്തൽ നേരിട്ടു. എന്നിരുന്നാലും പിന്നീട് ശക്തമായ നേട്ടം സമ്മാനിച്ചു.

തെര‍ഞ്ഞെടുപ്പിന് ശേഷമുള്ള ഒരു വർഷ കാലയളവിൽ, എൻഎസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റിയും എട്ട് സെക്ടറൽ സൂചികയിൽ ഏഴും നിക്ഷേപകർക്ക് നേട്ടം സമ്മാനിച്ചു.

X
Top