നെടുമ്പാശേരി: പൊതുമേഖല സ്ഥാപനമായ അത്താണി കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) നഷ്ടത്തിലായതിന് പിന്നിൽ ഡീലർമാരും ഏജൻസികളുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വിവിധ സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ള ഡീലർമാരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ളത് 74 കോടിയിലേറെ രൂപയാണ്. 60 കോടിയോളം രൂപ അന്യസംസ്ഥാനങ്ങളിലെ സ്വകാര്യ ഏജൻസികളിൽ നിന്നാണ് പിരിഞ്ഞുകിട്ടാനുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങളായ കെയ്‌കോ (കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ)യിൽ നിന്നും അഞ്ച് കോടിയും റെയ്‌കോയിൽ നിന്നും മൂന്നു കോടിയും മറ്റ് ഗവ. ഏജൻസികളിൽ നിന്നും ആറ് കോടിയും ലഭിക്കാനുണ്ട്. സ്‌പെയർ പാർട്‌സ് തരുന്ന സ്ഥാപനങ്ങൾക്ക് 53 കോടി രൂപ കൊടുക്കാനുണ്ട്.
അത്താണി, പാലക്കാട് യൂണിറ്റുകളിലായി പ്രതിമാസം ആയിരത്തോളം ടില്ലർ ഉത്പാദിപ്പിക്കാം. എന്നാൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടിടത്തുമായി ഉത്പാദിപ്പിച്ചത് ആയിരത്തിൽ താഴെയാണ്.
കാംകോ കഴിഞ്ഞവർഷം 6000 ടില്ലർ മാത്രം വിറ്റപ്പോൾ ഇതേ രംഗത്തെ ഒരു സ്വകാര്യ കമ്പനി വിറ്റത് 35000 ഓളം ടില്ലറാണ്.