അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

പശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്

  • വിഴിഞ്ഞത്തെ അന്വേഷിച്ച് വമ്പൻമാർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ തുറമുഖങ്ങളെ അമേരിക്ക-ഇറാൻ സംഘർഷം നിശ്ചലമാക്കിയതോടെ ലോകത്തെ വമ്പൻ കപ്പൽ കമ്പനികൾ ട്രാൻസ്ഷിപ്‌മെന്റിനായി വിഴിഞ്ഞത്തെ സമീപിക്കുകയാണ്. യുദ്ധസാഹചര്യം ഒരിക്കലും ബാധിക്കാത്തതിനാൽ സുരക്ഷിതമായ ചരക്കുനീക്കം സാധ്യമാകുമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത.

കൂടാതെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനമികവുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ പുത്തൻ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായാണ് സമുദ്രവ്യാപാരരംഗത്തെ വമ്പൻമാർ വിഴിഞ്ഞത്തെ കാണുന്നത്. ആഗോള ചരക്കുനീക്കശൃംഖല തകർന്നതോടെ കപ്പൽ കമ്പനികളും കയറ്റിറക്കുമതിമേഖലയും പുതിയ സാധ്യതകൾ തേടുകയാണ്.

മെർസ്‌ക്, ഹ്യൂണ്ടായ്, എവർഗ്രീൻ, കോസ്‌കോ, ഓഷൻ നെറ്റ്‌വർക്ക്, എച്ച്.എം.എം. തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളാണ് കഴിഞ്ഞദിവസങ്ങളിൽ ട്രാൻസ്ഷിപ്‌മെന്റിനായി വിഴിഞ്ഞത്തെ സമീപിച്ചത്. എന്നാൽ നിലവിൽ മദർഷിപ്പുകൾക്കുള്ള രണ്ട് ബർത്ത് മാത്രമാണ് വിഴിഞ്ഞത്തുള്ളത്.

കൂടാതെ എം.എസ്.സി.യുമായി (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) ദീർഘകാല കരാറുള്ളതിനാൽ ഈ ബെർത്തുകൾ അവർക്ക് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. എല്ലാ ദിവസവും എം.എസ്.സി.യുടെ തന്നെ രണ്ടിലധികം കപ്പലുകൾ പുറംകടലിൽ കാത്തുകിടന്നശേഷമാണ് ബെർത്തിലേക്ക്‌ എത്തുന്നത്.

മേഖലയിലെ പ്രധാന ട്രാൻസ്ഷിപ്‌മെന്റ് തുറമുഖങ്ങളായ ജബൽ അലി (ദുബായ്), ഖലീഫ പോർട്ട് (അബുദാബി), ഹമദ് പോർട്ട് (ദോഹ), കിങ് അബ്ദുൾ അസീസ് (ദമാം) തുടങ്ങിയവവ ഭാഗികമായാണ് പ്രവർത്തിക്കുന്നത്.

യുദ്ധസാഹചര്യം ബാധിക്കാത്ത, സ്വാഭാവിക ആഴം 24 മീറ്ററോളമുള്ള, അന്താരാഷ്ട്ര കപ്പൽച്ചാലിനോട് ഏറ്റവുമടുത്തുള്ള വിഴിഞ്ഞം ഇതോടെ ലോകത്തിന് പ്രിയപ്പെട്ടതാവുകയാണ്. ഇക്കാരണങ്ങളാലാണ് വിഴിഞ്ഞത്തെ തന്ത്രപ്രധാനമായ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബാക്കാൻ കേന്ദ്രം മുൻകൈയെടുക്കുന്നത്.

നിലവിൽ ഒരു മാസം 60 കപ്പലുകൾ എത്തുന്ന ഇവിടെ 1.2 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്യുന്നത്. പ്രവർത്തനം തുടങ്ങി ഇതുവരെ 840 കപ്പലുകളിലൂടെ 18.5 ലക്ഷം കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് എത്തി.

ഒരേസമയം, 36000 ടി.ഇ.യു.വാണ് (കണ്ടെയ്‌നർ) തുറമുഖത്തെ യാർഡിന്റെ ശേഷി. എന്നാൽ, യാർഡിന് പുറത്തെ ഗ്രൗണ്ടിലുൾപ്പെടെ 40000 ടി.ഇ.യു. ഇപ്പോൾ ദിവസവും ഇവിടെ സൂക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്തഘട്ടത്തിലെ 1.2 കിലോമീറ്റർ യാർഡ് നിർമ്മാണം 400 മീറ്ററിന്റെ മൂന്നുഘട്ടമായാണ് ലക്ഷ്യമിടുന്നത്.

ആദ്യത്തെ 400 മീറ്റർ ബെർത്ത് അടുത്തവർഷം ആദ്യവും രണ്ടാമത്തെ 400 മീറ്റർ വർഷാവസാനവും തുറക്കും.

X
Top