ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്ഇന്ത്യ-ചൈന അരി വ്യാപാരത്തർക്കം: മൂന്ന് ഇന്ത്യൻ കമ്പനികളുടെ ഇറക്കുമതി ലൈസൻസ് റദ്ദാക്കിഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നുഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈന

ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ-മ്യുങ്ങിന് ഊഷ്മള വരവേല്‍പ്പ്. പ്രസിഡന്റ് ലീയുടെ ജീവിതം പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രചോദനാത്മകമായ മാതൃകയാണെന്ന് വിശേഷിപ്പിച്ച മോദി, ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന നിരവധി ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ജനാധിപത്യ മൂല്യങ്ങളും വിപണി സമ്പദ് വ്യവസ്ഥയും ഇരുരാജ്യങ്ങളുടെയും ‘ഡിഎന്‍എ’യില്‍ ഉള്ളതാണെന്ന് മോദി ചൂണ്ടിക്കാട്ടി. ‘ചിപ്പുകള്‍ മുതല്‍ കപ്പലുകള്‍ വരെ’ നീളുന്ന സമഗ്രമായ ഒരു ഭാവി പങ്കാളിത്തത്തിലേക്കാണ് ഇന്ത്യയും ദക്ഷിണ കൊറിയയും ചുവടുവെക്കുന്നതെന്ന് സംയുക്ത പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ 27 ബില്യണ്‍ ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 50 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇരു നേതാക്കളും തീരുമാനിച്ചു. ഇതിനായി ‘ഇന്ത്യ-കൊറിയ ഫിനാന്‍ഷ്യല്‍ ഫോറം’ ആരംഭിക്കാനും ബിസിനസ്സ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് പ്രത്യേക ‘വ്യാവസായിക സഹകരണ സമിതി’ രൂപീകരിക്കാനും ധാരണയായി. വരാനിരിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള വ്യാപാര കരാറുകള്‍ പരിഷ്‌കരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

പ്രത്യേക ഇൻഡസ്ട്രിയൽ ടൗണ്‍ഷിപ്പുകള്‍ വരുന്നു
ദക്ഷിണ കൊറിയന്‍ കമ്പനികളെ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി രാജ്യത്ത് പ്രത്യേക ‘കൊറിയന്‍ ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍’ സ്ഥാപിക്കും. നിര്‍ണ്ണായക സാങ്കേതികവിദ്യകളുടെ കൈമാറ്റവും വിതരണ ശൃംഖലയുടെ സുരക്ഷയും ഉറപ്പാക്കാന്‍ ‘സാമ്പത്തിക സുരക്ഷാ സംഭാഷണത്തിന്’ തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആഗോള വിപണിയില്‍ ദക്ഷിണ കൊറിയയുടെ സാങ്കേതിക മികവും ഇന്ത്യയുടെ വിഭവശേഷിയും ഒത്തുചേരുന്ന പദ്ധതികളാകും ഇവ.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പരിസ്ഥിതി, ഊര്‍ജ്ജം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ഏഷ്യയിലെ രണ്ട് പ്രമുഖ ജനാധിപത്യ രാജ്യങ്ങള്‍ ആഗോള തലത്തില്‍ പുതിയ ശക്തിയായി മാറുമെന്നും ഈ സന്ദര്‍ശനം അതിലേക്കുള്ള കൃത്യമായ ചുവടുവെപ്പാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

X
Top