
മുംബൈ: നാലാമത്തെ ദിവസവും വിപണിയില് തകര്ച്ച. നിഫ്റ്റി 17,800 നിലവാരത്തിലേയ്ക്കെത്തി. വിപണിയുടെ നിയന്ത്രണം കരടികള് ഏറ്റെടുത്തതോടെ ഈ ദിവസങ്ങളില് നിക്ഷേപകര്ക്ക് നഷ്ടമായത് 16 ലക്ഷം കോടിയിലേറെ. സെന്സെക്സ് 60,000ത്തില് നിന്ന താഴെയ്ക്കു പതിച്ചു.
നിഫ്റ്റിയാകട്ടെ 18,000ല് നിന്ന് പിന്വാങ്ങി. ബിഎസ്ഇ മിഡ്ക്യാപ് സൂചികയാകട്ടെ 3.4 ശതമാനവും സ്മോള് ക്യാപ് സൂചികയാകട്ടെ നാലു ശതമാനവും നഷ്ടം നേരിട്ടു.
കേന്ദ്ര ബാങ്കുകളുടെ നിരക്കുയര്ത്തല് ഭീഷണി, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക, വിവിധ രാജ്യങ്ങളില് കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്ധന തുടങ്ങിയവയൊക്കെയാണ് വിപണിയിലെ ആത്മവിശ്വാസം തകര്ത്തത്. വെള്ളിയാഴ്ച മാത്രം നിക്ഷേപക ആസ്തിയില് നിന്ന് 5.5 ലക്ഷത്തിലേറെ അപ്രത്യക്ഷമായി.
സെന്സെക്സ് 980.93 പോയന്റ് നഷ്ടത്തില് 59,845.29ലും നിഫ്റ്റി 320.50 പോയന്റ് താഴ്ന്ന് 17,806.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോര്ട്സ്, അദാനി എന്റര്പ്രൈസസ്, ഹിന്ഡാല്കോ ഇന്ഡസ്ട്രീസ്, ടാറ്റ സ്റ്റീല്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ പ്രമുഖരെല്ലാം കടപുഴകി.
എല്ലാ സെക്ടറല് സൂചികകളും നഷ്ടത്തിലായിരുന്നു. നേരിയ നഷ്ടത്തിലായിരുന്നു രൂപയുടെ ക്ലോസിങ്. ഡോളറിനെതിരെ 82.86 നിലവാരത്തിലാണ് വ്യാപാരം നടന്നത്.