ജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മരാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർ

പലിശ താരതമ്യം ചെയ്ത് കുറഞ്ഞ ചെലവിൽ ഇനി വായ്പയെടുക്കാം; പുതിയ വ്യവസ്ഥകളുമായി ആർബിഐ

മുംബൈ: വീടുവെക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ വായ്പ തേടിയിറങ്ങുമ്പോൾ ഏത് ധനകാര്യ സ്ഥാപനത്തിലാണ് കുറഞ്ഞ പലിശയെന്ന് കണ്ടെത്തുക പ്രയാസമാണ്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന ഓഫറുകൾ താരതമ്യം ചെയ്തുവേണം വായ്പ തിരഞ്ഞെടുക്കാൻ.

എന്നാൽ, ആകർഷകമായ പലിശനിരക്കുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ചാർജുകളും സങ്കീർണമായ പലിശഘടനകളും കാരണം ലാഭകരമായത് കണ്ടെത്തുക എളുപ്പമല്ല.

ഈ ആശയക്കുഴപ്പം പരിഹരിക്കാൻ സുതാര്യമായ നടപടിക്രമങ്ങൾ അവതരിപ്പിക്കുകയാണ് റിസർവ് ബാങ്ക്. ഇ-കോമേഴ്സ് ഉത്പന്നങ്ങളുടെ വിലയും ഗുണനിലവാരവും താരതമ്യം ചെയ്യുന്നതുപോലെ എളുപ്പത്തിൽ ലോണുകൾ തിരഞ്ഞെടുക്കുകയാണ് ലക്ഷ്യം. അടുത്തവർഷം ഏപ്രിൽ മുതലാണ് പുതിയ വ്യവസ്ഥകൾ നടപ്പിൽവരിക.

ബാങ്കുകളും എൻ.ബി.എഫ്.സി.കളും
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി.) നിലവിൽ വായ്പാ പലിശ നിശ്ചയിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ബാങ്കുകൾ സാധാരണയായി റിപ്പോ നിരക്ക് പോലുള്ളവയെ ആശ്രയിക്കുമ്പോൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പലപ്പോഴും സ്വന്തമായി തയ്യാറാക്കിയ വ്യവസ്ഥകൾ അനുസരിച്ചാണ് പലിശ നിർണയിക്കുന്നത്.

ഇതുമൂലം സുതാര്യത കുറയുകയും വായ്പകൾ തമ്മിൽ താരതമ്യം ചെയ്യുന്നത് അസാധ്യമാവുകയും ചെയ്യുന്നു.

ഫ്‌ളോട്ടിങ് നിരക്കിലുള്ള വായ്പകളിൽ പ്രധാനമായും രണ്ട് ഘടനകളാണുള്ളത്: ബാഹ്യ ബെഞ്ച്മാർക്ക് നിരക്കും സ്‌പ്രെഡും. ആർ.ബി.ഐ.യുടെ റിപ്പോ ഉൾപ്പെടെയുള്ളവ അടിസ്ഥാനമാക്കിയാണ് ബെഞ്ച്മാർക്ക് നിരക്ക് നിശ്ചയിക്കുന്നത്. എന്നാൽ പ്രവർത്തനച്ചെലവ്, ക്രെഡിറ്റ് റിസ്‌ക് പ്രീമിയം, ബിസിനസ് തന്ത്രങ്ങൾ എന്നിവയാണ് സ്‌പ്രെഡിന് അടിസ്ഥാനം.

സ്‌പ്രെഡിലെ പ്രവർത്തനച്ചെലവുകൾ ഉൾപ്പെടെയുള്ള ‘നോൺ-ക്രെഡിറ്റ് റിസ്‌ക്’ ഭാഗങ്ങൾ മൂന്നുവർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നാണ് പുതിയ വ്യവസ്ഥയിലെ പ്രധാന നിർദേശം. വായ്പയെടുത്ത വ്യക്തിയുടെ ക്രെഡിറ്റ് പ്രൊഫൈലിലോ സിബിൽ സ്‌കോറിലോ കാര്യമായ മാറ്റമുണ്ടായാൽ ബാങ്കിന് ‘ക്രെഡിറ്റ് റിസ്‌ക് പ്രീമിയം’ പുനഃപരിശോധിക്കാനും മാറ്റം വരുത്താനും അധികാരമുണ്ടായിരിക്കും.

ബാങ്കുകൾ, എൻ.ബി.എഫ്.സി.കൾ, സഹകരണ ബാങ്കുകൾ എന്നിവയുൾപ്പെടെ ആർ.ബി.ഐ.യുടെ കീഴിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഏകീകൃത മാനദണ്ഡങ്ങൾ നിലവിൽവരും.

ചെറിയ വായ്പകൾക്ക് വലിയ ആശ്വാസം
പലിശയും പ്രോസസിങ് ഫീയുമടക്കം ഒരു വായ്പയുടെ ആകെ വാർഷികച്ചെലവാണ് വാർഷിക ശതമാന നിരക്ക് (Annual Percentage Rate – APR). കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് ഉയർന്ന പ്രോസസിങ് ഫീസും മറ്റ് ചാർജുകളും ഈടാക്കുന്ന രീതി ഡിജിറ്റൽ ഫിൻടെക് ആപ്പുകൾ നടത്താറുണ്ട്. ഇത് പലപ്പോഴും ഇടപാടുകാരെ കെണിയിലാക്കും.

ഇത്തരം തട്ടിപ്പുകൾ തടയാൻ 50,000 രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് ബോർഡ് അംഗീകൃത എ.പി.ആർ. പരിധി നിശ്ചയിക്കാൻ റിസർവ് ബാങ്ക് (ആർ.ബി.ഐ.) നിർദേശിച്ചു. ഡിജിറ്റൽ വായ്പാ സ്ഥാപനങ്ങൾ അന്യായമായ നിരക്കുകൾ ഈടാക്കുന്നത് തടയാൻ ഈ തീരുമാനം ഉപകരിക്കും.

നിരക്കുകളിൽ സുതാര്യത
വായ്പാ നിരക്കിന്റെ ഓരോ വിഭാഗവും കൃത്യമായി വേർതിരിച്ചു കാണിക്കണമെന്നാണ് പുതിയ വ്യവസ്ഥ. പ്രവർത്തനച്ചെലവ്, ക്രെഡിറ്റ് റിസ്‌ക് പ്രീമിയം, ടേം പ്രീമിയം തുടങ്ങിയ ചാർജുകൾ പ്രത്യേകം വ്യക്തമാക്കുന്നത് ഇടപാടുകാർക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കും.

പലിശ നിരക്കിലെ മാറ്റം വേഗത്തിലറിയാം
ഫ്‌ളോട്ടിങ് നിരക്കുള്ള വായ്പകളിൽ, റിസർവ് ബാങ്ക് റിപ്പോ നിരക്കിലോ മറ്റ് ബാഹ്യ ബെഞ്ച്മാർക്കുകളിലോ മാറ്റംവരുത്തിയാൽ മൂന്നു മാസത്തിനുള്ളിൽ ആ ആനുകൂല്യം വായ്പക്കാർക്ക് കൈമാറണമെന്ന് ബാങ്കുകൾക്ക് നിർദേശമുണ്ട്.

വിപണിയിൽ പലിശ കുറയുമ്പോൾ അതിന്റെ പ്രയോജനം ഉപഭോക്താവിന് അതിവേഗം ലഭിക്കുമെന്ന് ഇത് ഉറപ്പുവരുത്തുന്നു. അതേസമയം, ചെറുകിട ഗ്രാമീണ-നഗര സഹകരണ ബാങ്കുകളെയും ചെറിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എൻ.ബി.എഫ്.സി.) മൂന്നു മാസത്തെ സമയപരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിരക്കുകളിലെ സുതാര്യതയും നിശ്ചിത കാലയളവിലേക്കുള്ള സ്‌പ്രെഡ് ഘടനയും വായ്പയെടുക്കുന്ന സാധാരണക്കാർക്ക് ഗുണകരമാകും. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിനും ഇത് വഴിയൊരുക്കും.

ബാങ്കിലോ മറ്റ് സ്ഥാപനങ്ങളിലോ വായ്പയ്ക്കായി സമീപിക്കുമ്പോൾ പലിശ നിരക്ക് മാത്രം നോക്കാതെ, വായ്പയുടെ ആകെ ചെലവ് വ്യക്തമാക്കുന്ന എ.പി.ആർ. എത്രയെന്ന് ചോദിച്ചു മനസിലാക്കാൻ ശ്രദ്ധിക്കുക.

X
Top