സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

വീണ്ടും ഏറ്റെടുക്കല്‍ നീക്കവുമായി ആസ്റ്റര്‍? യഥാര്‍ത്ഥ്‌ ഹോസ്പിറ്റലിന്റെ ഭൂരിപക്ഷ ഓഹരികള്‍ക്കായി ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ രംഗത്തെ മുന്‍നിര ശൃംഖലയായ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍, ഉത്തരേന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശൃംഖലയായ യഥാര്‍ത്ഥ് ഹോസ്പിറ്റല്‍സിന്റെ ഭൂരിപക്ഷം ഓഹരികളും ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

പ്രൈവറ്റ് ഇക്വിറ്റി വമ്പന്മാരായ അഡ്വന്റ് ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് ബ്ലാക്ക്സ്റ്റോണ്‍ പിന്തുണയുള്ള ആസ്റ്ററിന്റെ ഈ ചര്‍ച്ചകള്‍ എന്നാണ് ഇക്കണോമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ യഥാര്‍ത്ഥ് ഹോസ്പിറ്റല്‍സ് വക്താവ്, ഇത്തരത്തിലുള്ള യാതൊരു വില്‍പ്പന ചര്‍ച്ചകളും നടക്കുന്നില്ലെന്ന് വ്യക്തമാക്കി നിഷേധിച്ചിട്ടുണ്ട്. ബ്ലാക്ക്സ്റ്റോണും തങ്ങള്‍ക്ക് ഈ ആസ്തിയില്‍ താല്പര്യമില്ലെന്ന് അറിയിച്ചതായാണ് ഇക്കണോമിക് ടൈംസ് ചൂണ്ടിക്കാട്ടുന്നത്.

പാന്‍ ഇന്ത്യന്‍ ലക്ഷ്യങ്ങളിലേക്ക് ആസ്റ്റര്‍
കേരളത്തിലും കര്‍ണാടകയിലും ശക്തമായ സ്വാധീനമുള്ള ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഹോസ്പിറ്റല്‍ ശൃംഖലയാണ്. അടുത്തിടെ ക്വാളിറ്റി കെയര്‍ ഇന്ത്യയുമായി (CARE Hospitals, KIMSHEALTH ഉള്‍പ്പെടെ) നടത്തിയ വന്‍ ലയനത്തിന് ശേഷം ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും വേരുകളുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി.

‘മുമ്പ് പ്രധാനമായും ഒരു റീജിയണല്‍ പ്ലെയര്‍ ആയിട്ടാണ് ഞങ്ങള്‍ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ വലിപ്പവും ശേഷിയും ഒരു പാന്‍-ഇന്ത്യന്‍ ബ്രാന്‍ഡായി വളരാന്‍ ഞങ്ങളെ സഹായിക്കും. ഏഴു മുതല്‍ 10 വര്‍ഷം കൊണ്ട് ലക്ഷ്യമിട്ടിരുന്ന ഈ വളര്‍ച്ച വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൈവരിക്കാനാകും,’ എന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പ്രതികരിച്ചിരുന്നു.

അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ ഒന്നാം നമ്പര്‍ ഹെല്‍ത്ത്കെയര്‍ ശൃംഖലയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ നീക്കങ്ങള്‍. നിലവില്‍ 10,800 കിടക്കകളുള്ള ശൃംഖല 2029 സാമ്പത്തിക വര്‍ഷത്തോടെ 15,000 ആക്കി ഉയര്‍ത്താനാണ് ആസ്റ്റര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഫരീദാബാദ്, മധ്യപ്രദേശിലെ ഝാന്‍സി-ഓര്‍ച്ച എന്നിവിടങ്ങളിലായി 2,800-ലധികം കിടക്കകളുള്ള യഥാര്‍ത്ഥ് ഹോസ്പിറ്റല്‍സിനെ സ്വന്തമാക്കാന്‍ സാധിച്ചാല്‍, ഉത്തരേന്ത്യയില്‍ ആസ്റ്ററിന് വന്‍ കുതിച്ചുചാട്ടം ലഭിക്കും.

ഓഹരി കുതിപ്പ്
ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ യഥാര്‍ത്ഥ് ഹോസ്പിറ്റല്‍സ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 15.3% ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കായ 982.65 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 9,462 കോടി രൂപയാണ്.

ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ ഓഹരികള്‍ നടപ്പുവര്‍ഷം 22.36 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട് (നിഫ്റ്റി 8% ഇടിവ് രേഖപ്പെടുത്തിയപ്പോഴാണിത്). കമ്പനിയുടെ വിപണി മൂല്യം 65,828 കോടി കടന്നു.

ഹെല്‍ത്ത്കെയര്‍ രംഗത്ത് ലയന തരംഗം
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിച്ചതും മികച്ച മെഡിക്കല്‍ പരിചരണത്തിനായുള്ള ഡിമാന്‍ഡും മുന്‍നിര്‍ത്തി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും പ്രമുഖ ആശുപത്രി ഗ്രൂപ്പുകളും രാജ്യത്തുടനീളം പുതിയ ആശുപത്രികള്‍ സ്വന്തമാക്കാനും ശൃംഖല വിപുലീകരിക്കാനുമുള്ള മത്സരത്തിലാണ്.

സ്റ്റോക്ക് മെര്‍ജറിനേക്കാള്‍ (Stock Merger) ക്യാഷ് ഡീലുകള്‍ക്കാണ് (Cash Deal) ആസ്റ്റര്‍ മുന്‍ഗണന നല്‍കുന്നത്. ഈ ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ അത് നിയമാനുസൃതമായ 26% അധിക ഓപ്പണ്‍ ഓഫറിനും (Open Offer) വഴിതുറക്കും.

മലയാളിയായ ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ക്വാളിറ്റി കെയര്‍ ഇന്ത്യയും തമ്മിലുള്ള വന്‍ ലയനത്തിലൂടെയാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ രൂപീകൃതമായത്.

ആസ്റ്റര്‍ ഡിഎം, കെയര്‍ ഹോസ്പിറ്റല്‍സ്, എവര്‍കെയര്‍, കിംസ്‌ഹെല്‍ത്ത് എന്നീ നാല് മുന്‍നിര ഹെല്‍ത്ത്കെയര്‍ ബ്രാന്‍ഡുകളെ ഇത് ഒരു കുടക്കീഴില്‍ അണിനിരത്തി. രാജ്യത്തെ രണ്ടാമത്തെ വലിയ ഹെല്‍ത്ത്കെയര്‍ ശൃംഖല സൃഷ്ടിക്കുന്നതിനായി ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പുകളായ ടിപിജിയും (TPG) ബ്ലാക്ക്സ്റ്റോണും (Blackstone) ഈ കൂട്ടുകെട്ടിലൂടെ കൈകോര്‍ക്കുകയും ചെയ്തു.

നിലവില്‍ 27 നഗരങ്ങളിലായി 40 ഓളം ആശുപത്രികളാണ് ഗ്രൂപ്പിനു കീഴിലുള്ളത്. നിലവില്‍ പരിമിതമായ സാന്നിധ്യം മാത്രമുള്ള ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ശക്തമായ അടിത്തറയുണ്ടാക്കാന്‍ ഈ ഏറ്റെടുക്കല്‍ സാധ്യമാകുന്നതിലൂടെ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന് സാധിക്കും.

X
Top