
മുംബൈ: ബോണ്ട് ഇടപാടുകൾ തൽക്ഷണം പൂർത്തിയാക്കുന്നതുമായി (Instant settlement) ബന്ധപ്പെട്ട് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗം പരീക്ഷിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യ അടുത്ത മാസം, 2026 സെപ്റ്റംബറിൽ ടോക്കണൈസ്ഡ് കോർപ്പറേറ്റ് ബോണ്ടുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഈ വിഷയത്തിൽ വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പൊതുമേഖലാ സ്ഥാപനമായ ആർ.ഇ.സി (REC) ആദ്യമായി പുറത്തിക്കുന്നവയാണ് ഈ ബോണ്ടുകൾ. ഇവ ഇഷ്യു ചെയ്യുന്നതിനും, ഇടപാടുകൾ തീർപ്പാക്കുന്നതിനും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ യൂറോപ്പ്, ഹോങ്കോംഗ് തുടങ്ങിയ വിപണികൾക്കൊപ്പമാണ് ഇന്ത്യയും എത്തുന്നത്.
ബ്ലോക്ക്ചെയിനിലോ, ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറിലോ ഉടമസ്ഥാവകാശം, ഇഷ്യൂ ചെയ്യൽ, ട്രേഡിംഗ്, സെറ്റിൽമെന്റ് എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തുന്ന സെക്യൂരിറ്റികളാണ് ടോക്കണൈസ്ഡ് ബോണ്ടുകൾ. ഇത് ഇടപാടുകൾ ഉടനടി പൂർത്തിയാക്കാൻ സഹായിക്കും.
ഇന്ത്യയിലെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (SEBI), കേന്ദ്ര ബാങ്കായ റിസർവ് ബാങ്കും (RBI) ഈ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുകയാണ്. വരാനിരിക്കുന്ന ഓഫറിലൂടെ 5 ബില്യൺ രൂപയിൽ താഴെ (500 കോടി രൂപ/57 ദശലക്ഷം ഡോളർ) മൂല്യമുള്ള ടോക്കണൈസ്ഡ് ബോണ്ടുകളായിരിക്കും ആർ.ഇ.സി ഇഷ്യു ചെയ്യുമെന്നാണ് കരുതുന്നത്.
അടുത്ത മാസം മുംബൈയിൽ നടക്കുന്ന വാർഷിക ഫിൻടെക് ചടങ്ങിൽ ഈ സംരംഭം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ടോക്കണൈസ്ഡ് ബോണ്ടുകൾ വാങ്ങുന്നതിനായി റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി (CBDC/e-Rupee) ആയിരിക്കും ഉപയോഗിക്കുകയെന്നും കരുതുന്നു.
പുതിയ ബോണ്ട് ചട്ടക്കൂട്
ഈ ബോണ്ടുകൾ ഉപയോഗിക്കുന്നതിന്, നിക്ഷേപകർക്ക് രണ്ട് ഡിജിറ്റൽ അക്കൗണ്ടുകൾ ആവശ്യമാണ്. ബാങ്ക് നൽകുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസി വാലറ്റും, ഒരു പുതിയ ഇലക്ട്രോണിക് സെക്യൂരിറ്റീസ് വാലറ്റുമാണ് ആവശ്യമായി വരുന്നത്.
ഇന്ത്യൻ ഡിപ്പോസിറ്ററികൾ ഇത്തരത്തിൽ ആദ്യത്തേതായ ‘ഡീമാറ്റ് 2.0’ (DEMAT 2.0) എന്ന പേരിൽ ഒരു ഇ-വാലറ്റ് വികസിപ്പിച്ചെടുക്കുന്നുണ്ട്, ഇത് ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ചെയിനിൽ ബോണ്ട് കൈവശം വെക്കുന്നത് രേഖപ്പെടുത്തും.
അനുയോജ്യമായ സി.ബി.ഡി.സി, സെക്യൂരിറ്റീസ് വാലറ്റുകൾ എന്നിവ കൈവശമുള്ള പങ്കാളികൾക്ക് മാത്രമേ തുടർന്നുള്ള ട്രേഡിംഗുകൾ നടത്താൻ സാധിക്കുകയുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ബോണ്ടുകൾക്ക് ആദ്യ 3 മാസത്തെ ലോക്ക്-ഇൻ കാലാവധിയുണ്ടാകും, കൂടാതെ ഡിസംബറോടെ ടോക്കണൈസ്ഡ് ബോണ്ടുകൾക്കായി ഒരു സെക്കൻഡറി മാർക്കറ്റ് വികസിപ്പിക്കാൻ എക്സ്ചേഞ്ചുകൾ തയ്യാറെടുക്കുകയാണ്.
സാധാരണ ഇലക്ട്രോണിക് ബുക്ക് പ്രൊവൈഡർ പ്ലാറ്റ്‌ഫോമിൽ ഈ സെക്യൂരിറ്റികൾ ട്രേഡ് ചെയ്യപ്പെടില്ലെന്നും റോയിട്ടേഴ്സ് പറയുന്നു.






