
കൊച്ചി: അവകാശികളില്ലാതെ കിടന്ന ദേശസാൽകൃത ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ഏപ്രിൽ വരെ സംസ്ഥാനത്തു തിരികെ നൽകിയത് 858.56 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റിൽ റിസർവ് ബാങ്ക് കണക്കനുസരിച്ച് സംസ്ഥാനത്ത് 93.80 ലക്ഷം അക്കൗണ്ടുകളിലായി 2133.72 കോടി രൂപയാണ് അവകാശികളെ കണ്ടെത്താൻ കഴിയാതെ ഉണ്ടായിരുന്നത്. ഇനി 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടിയാണു ബാക്കിയുള്ളത്.
ഈ പണം അവകാശികൾക്കു തിരികെ നൽകാൻ ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന ബോധവൽക്കരണ പരിപാടി ധനകാര്യ മന്ത്രാലയം നടത്തിയിരുന്നു. ഒൻപതു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഈ തുകയിൽ നിന്ന് 40.23% അവകാശികൾക്കു തിരികെ നൽകാൻ കഴിഞ്ഞതു വലിയ നേട്ടമാണ്. ചില ജില്ലകളിൽ 50 ശതമാനത്തിലേറെ അവകാശികളെ കണ്ടെത്താൻ കഴിഞ്ഞു.
രാജ്യത്തെ ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ബാങ്കുകളിൽ മാത്രം 75,000 കോടിയാണ് ഇത്തരത്തിലുള്ളത്. 10 വർഷത്തിനു മുകളിൽ നിർജീവമായ നിക്ഷേപങ്ങളെയാണ് ഈ വിഭാഗത്തിലേക്കു മാറ്റുക.
മരണശേഷം അവകാശികളില്ലാതെയാകുന്നതാണു മിക്ക നിക്ഷേപങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. എന്നാൽ നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസത്തിലെ മാറ്റം തുടങ്ങിയ കാരണങ്ങളാലും ഇത് സംഭവിക്കാം.
അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഏകീകൃത പോർട്ടൽ ധനമന്ത്രാലയം ആരംഭിച്ചു. നിലവിലുള്ള വിവിധ പോർട്ടലുകള ഒരു സൈറ്റിൽ ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. വെബ്സൈറ്റ്: www.unclaimedassetsportal.in.






