ന്യൂഡൽഹി: മൊത്തവില പണപ്പെരുപ്പം ഒക്ടോബറിൽ നാലു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2.36 ശതമാനത്തിലെത്തി.
സർക്കാർ കണക്കുകൾ പ്രകാരം ഭക്ഷ്യവസ്തുക്കൾ, പ്രത്യേകിച്ച് പച്ചക്കറികൾ, നിർമിത വസ്തുക്കൾ തുടങ്ങിവയുടെ വില വർധനയാണ് ഇതിനു കാരണമായത്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2024 സെപ്റ്റംബറിൽ 1.84 ശതമാനമായിരുന്നു.
കണക്കുകൾ പ്രകാരം, ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം സെപ്റ്റംബറിൽ 11.53 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 13.54 ശതമാനമായി ഉയർന്നു. പച്ചക്കറി വിലക്കയറ്റം സെപ്റ്റംബറിലെ 48.73 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 63.04 ശതമാനമായാണ് ഉയർന്നത്.
ഒക്ടോബറിൽ ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും പണപ്പെരുപ്പം യഥാക്രമം 78.73 ശതമാനവും 39.25 ശതമാനവുമായി. ഇന്ധനത്തിന്റെയും ഉൗർജത്തിന്റെയും വിഭാഗത്തിൽ ഒക്ടോബറിൽ 5.79 ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തി.
സെപ്റ്റംബറിലെ പണപ്പെരുപ്പം 4.05 ശതമാനമായിരുന്നു. നിർമിത വസ്തുക്കളുടെ വിലക്കയറ്റം സെപ്റ്റംബറിൽ ഒരു ശതമാനമായിരുന്നെങ്കിൽ ഒക്ടോബറിൽ അത് 1.50 ശതമാനത്തിലേക്ക് ഉയർന്നു.