തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്കു കുതിപ്പു പകരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യമായി എത്തിയ ചരക്കുകപ്പലിനെ വരവേറ്റ് കേരളം. ഇന്നലെ വൈകുന്നേരം നാലിന് തുറമുഖത്തിന്റെ ബെർത്തിൽ എത്തിയ ഷെൻ ഹുവ 15 എന്ന ചൈനീസ് കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പതാകവീശിയും ബലൂണ്‍ പറത്തിയും വാട്ടർ സല്യൂട്ട് നൽകിയും വരവേറ്റു.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും കപ്പലിനെ വരവേൽക്കാനെത്തിയിരുന്നു. തുടർന്ന് സ്റ്റേജിൽ ഉദ്ഘാടനപരിപാടികൾ നടന്നു.
അസാധ്യം എന്നൊരു വാക്ക് കേരളത്തിലില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും, അത് എത്ര വലുതാണെങ്കിലും അതിജീവിക്കും എന്ന് നാം നമ്മുടെ ഒരുമയിലൂടെയും ഐക്യത്തിലൂടെയും തെളിയിച്ചിട്ടുള്ളതാണ്.
അതാണ് ഈ തുറമുഖ കാര്യത്തിലും നമുക്ക് കാണാനാകുകയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഇതുപോലെ എട്ട് കപ്പൽ കൂടി ഇനിയുള്ള ദിവസങ്ങളിൽ എത്തുമെന്നും ആറുമാസം കൊണ്ട് പൂർണമായും പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ വികസന കുതിപ്പിന് കരുത്തേകുന്ന ഒന്നാകും തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഷിപ്പിംഗ് വാട്ടർവേയ്സ് ആൻഡ് ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി.
കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എംപി, എം. വിൻസന്റ് എംഎൽഎ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, അദാനി വിഴിഞ്ഞം പോർട്സ് ലിമിറ്റഡ് ചെയർമാൻ കരണ്‍ അദാനി എന്നിവർ പ്രസംഗിക്കും. മന്ത്രിമാരും മറ്റു നേതാക്കളും സന്നിഹിതരായിരുന്നു.
ആദ്യകപ്പൽ എത്തുന്ന ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തുറമുഖ പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു. കരയിലും കടലിലും നിരീക്ഷണമുണ്ടായി. അയ്യായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരുന്നത്. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടായിരുന്നു.
ആയിരം ദിവസംകൊണ്ട് പൂർത്തിയാക്കാമെന്ന വാഗ്ദാനത്തോടെ 2015 ഡിസംബർ 15നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചത്. നിരവധി പ്രതിസന്ധികളെ നേരിട്ട് ഒടുവിൽ എട്ടാം വർഷമാണ് ക്രെയിനുമായി ആദ്യകപ്പൽ എത്തിച്ചേർന്നത്.
അടുത്ത വർഷം ഡിസംബറിൽ നിർമാണം പൂർത്തിയാക്കി അന്താരാഷ്ട്ര തലത്തിൽ ചരക്കു നീക്കം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ മുൻനിര തുറമുഖമായി വിഴിഞ്ഞം മാറും.