രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆

അടുക്കള ബജറ്റിനെ ഞെട്ടിച്ച് പച്ചക്കറിവില

തിരുവനന്തപുരം: ദിവസവും അടുക്കളയിൽ എത്തുന്ന പച്ചക്കറികൾക്ക് പോലും ഇപ്പോൾ കനത്ത വില നൽകേണ്ട അവസ്ഥ. ബീൻസിനും പയറിനും കിലോയ്ക്ക് 100 രൂപ കടന്നതോടെ ചെറിയ ഉള്ളിയും നൂറിലെത്തി.

വെളുത്തുള്ളിയുടെ വിലയാകട്ടെ കിലോയ്ക്ക് 220 രൂപയായി. ഒരുമാസത്തിനിടെ പലതവണ വില ഉയർന്നതോടെ പതിവ് പച്ചക്കറികൾ വാങ്ങാൻ പോലും കൂടുതൽ തുക ചെലവഴിക്കേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഉത്സവകാലമല്ലാതിരുന്നിട്ടും പച്ചക്കറിവില കുതിച്ചുയരുന്നതാണ് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നത്. രണ്ടാഴ്ചയ്ക്കിടെ മാത്രം ബീൻസിന് കിലോയ്ക്ക് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയും വർധിച്ചു.

പച്ചക്കറിയുടെ വലുപ്പവും ഗുണനിലവാരവും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടെങ്കിലും പൊതുവേ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കൾക്ക് ഒരുപോലെയാണ്. മുളക് 70 രൂപയും കാരറ്റ് 80 രൂപയും നെല്ലിക്ക 100 രൂപയും പാവയ്ക്ക 100 രൂപയുമാണ് നിലവിലെ വില.

കേരളത്തിലെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളതാണ്. അവിടെയുണ്ടായ വെള്ളപ്പൊക്കവും മഴക്കെടുതിയും പച്ചക്കറി വരവിനെ ബാധിച്ചതായാണ് വിലയിരുത്തൽ.

ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില ഉയരുകയായിരുന്നു. വരവിലെ കുറവും വിലയിലെ ഏറ്റക്കുറച്ചിലുകളും കേരളത്തിലെ വിപണിയിൽ നേരിട്ട് പ്രതിഫലിക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് പച്ചക്കറി ലഭിക്കാതെ വന്നാൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇതിനിടെ ഉരുളക്കിഴങ്ങിനും വരുംദിവസങ്ങളിൽ വില കൂടാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലും വിപണിയിലുണ്ട്.

വിലക്കയറ്റം തുടർന്നാൽ വിൽപ്പനയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. വില കൂടുന്നതോടെ ഉപഭോക്താക്കൾ വാങ്ങുന്ന അളവ് കുറയ്ക്കാനും സാധ്യതയുണ്ട്. അതേസമയം തക്കാളി, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയവയ്ക്ക് താരതമ്യേന വലിയ വിലവർധനയില്ലെന്നത് വ്യാപാരികൾക്ക് ആശ്വാസമാണ്.

നിലവിൽ ബീൻസ് 120 രൂപ, പയർ 140, ചെറിയ ഉള്ളി 100, വെളുത്തുള്ളി 220, മുളക് 70, കാരറ്റ് 80, നെല്ലിക്ക 100, പാവയ്ക്ക 100, സാലഡ് വെള്ളരി 70, മാങ്ങ 140 രൂപ എന്നിങ്ങനെയാണ് കിലോ വില.

രണ്ടാഴ്ച മുൻപ് ഇവയുടെ വില യഥാക്രമം 90, 100, 60, 210, 45, 60, 90, 70, 40, 80 രൂപയായിരുന്നു. പ്രധാന പച്ചക്കറികൾക്ക് ഒരുമിച്ച് വില ഉയർന്നതോടെ, വിലയിൽ എപ്പോൾ കുറവുണ്ടാകുമെന്ന കാത്തിരിപ്പിലാണ് സാധാരണക്കാർ.

X
Top