ന്യൂഡൽഹി: വേദാന്ത ലിമിറ്റഡ് ബുധനാഴ്ച തങ്ങളുടെ പൂർണ ഉടമസ്ഥതയിലുള്ള അടിസ്ഥാന മെറ്റൽ സബ്സിഡിയറിയായി വേദാന്ത ബേസ് മെറ്റൽസ് ലിമിറ്റഡ് രൂപീകരിച്ചു.
കഴിഞ്ഞ മാസം വിജ്ഞാപനം ചെയ്ത കമ്പനിയുടെ വിഭജന പദ്ധതി നടപ്പിലാക്കുന്നതിനാണ് ഇത്.
ലോഹ വ്യാപാരം നടത്തുന്നതിനായി രൂപീകരിച്ചിരിക്കുന്ന കമ്പനിയാണ് വേദാന്ത ബേസ് മെറ്റൽസ് ലിമിറ്റഡ്.
“സെബി ലിസ്‌റ്റിംഗ് റെഗുലേഷനുകളുടെ 30-ാം ചട്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ‘വേദാന്ത ബേസ് മെറ്റൽസ് ലിമിറ്റഡ്’ എന്ന പേരിൽ കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം ഒക്ടോബർ 09ന് രൂപീകരിച്ചതായി നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഒരു റെഗുലേറ്ററി ഫയലിംഗിൽ വേദാന്ത ലിമിറ്റഡ് പറഞ്ഞു.
ആത്യന്തികമായി ആറ് വ്യത്യസ്ത ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്യുവർ പ്ലേ, അസറ്റ്-ഓണർ ബിസിനസ്സ് മോഡൽ കഴിഞ്ഞ മാസം ബോർഡ് അംഗീകരിച്ചതായി വേദാന്ത പ്രഖ്യാപിച്ചു. 12-15 മാസത്തിനുള്ളിൽ പുനഃക്രമീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാതൃകമ്പനിയായ വേദാന്ത റിസോഴ്‌സ്, അതിന്റെ 6.4 ബില്യൺ ഡോളർ കുടിശ്ശികയുള്ള കടത്തെക്കുറിച്ചുള്ള ആശങ്കകളാൽ റേറ്റിംഗ് തരംതാഴ്ത്തലിന്റെ ഒരു പ്രതിസന്ധിയിലായിരുന്നു. തുടർന്നാണ് പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
വേദാന്ത ലിമിറ്റഡിന് പുറമെ വേദാന്ത അലൂമിനിയം, വേദാന്ത ഓയിൽ & ഗ്യാസ്, വേദാന്ത പവർ, വേദാന്ത സ്റ്റീൽ ആൻഡ് ഫെറസ് മെറ്റീരിയലുകൾ, വേദാന്ത ബേസ് മെറ്റൽസ് എന്നീ അഞ്ച് പുതിയ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
“വിഭജനം ഓരോ വെർട്ടികലിലും മൂല്യവും വേഗത്തിലുള്ള വളർച്ചയ്ക്കുള്ള സാധ്യതയും തുറന്നു നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” വേദാന്ത റിസോഴ്‌സസ് സ്ഥാപകനും ചെയർമാനുമായ അനിൽ അഗർവാൾ പറഞ്ഞു.
റേറ്റിംഗ് തരംതാഴ്ത്തലും കടബാധ്യതകൾ നിറവേറ്റുന്നതിനെക്കുറിച്ചുള്ള ആശങ്കകളും കാരണം വേദാന്ത റിസോഴ്‌സസ് നിലവിൽ ഫണ്ട് സ്വരൂപിക്കാൻ പാടുപെടുകയാണ്.
നേരത്തെ, 2.98 ബില്യൺ ഡോളറിന്റെ ഇടപാടിൽ മാതൃ ഗ്രൂപ്പിന്റെ ചില സിങ്ക് അധിഷ്ഠിത ആസ്തികൾ വാങ്ങാൻ ഹിന്ദുസ്ഥാൻ സിങ്കിനെ ഏൽപ്പിച്ച് ഗ്രൂപ്പിന്റെ കടം കുറയ്ക്കാൻ കമ്പനി ശ്രമിച്ചിരുന്നു. വേദാന്ത ലിമിറ്റഡിന്റെ ഒരു യൂണിറ്റാണ് ഹിന്ദുസ്ഥാൻ സിങ്ക്.
എന്നാൽ, ഹിന്ദുസ്ഥാൻ സിങ്കിന്റെ ഏകദേശം 30 ശതമാനം ഓഹരിയുള്ള കേന്ദ്ര സർക്കാർ ഈ പദ്ധതിയെ എതിർത്തു.