
കൊച്ചി: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 4.6 ശതമാനം വർധന രേഖപ്പെടുത്തി വേദാന്ത ലിമിറ്റഡ്. ഒന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 4,421 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 4,224 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയതായി വേദാന്ത ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
സമാനമായി ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ ഏകീകൃത വരുമാനം കഴിഞ്ഞ വർഷത്തെ 29,151 കോടി രൂപയിൽ നിന്ന് 39,355 കോടി രൂപയായി വർധിച്ചു. ഈ മികച്ച ഫലത്തിന് പിന്നാലെ വെള്ളിയാഴ്ച വേദാന്ത ലിമിറ്റഡിന്റെ ഓഹരികൾ 1.63 ശതമാനത്തിന്റെ നേട്ടത്തിൽ 249.60 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ഗോവ, കർണാടക, രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങളിൽ ഇരുമ്പയിര്, സ്വർണ്ണം, അലുമിനിയം ഖനികൾ എന്നിവയിൽ പ്രധാന പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വൈവിധ്യമാർന്ന പ്രകൃതിവിഭവ കമ്പനിയാണ് വേദാന്ത ലിമിറ്റഡ്.