കൊച്ചി: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഉപകരണ നിർമ്മാതാക്കളായ വി ഗാർഡ് ഇൻഡസ്ട്രീസ് 2023-24 സാമ്പത്തികവർഷത്തിന്റെ അവസാന പാദത്തിൽ 76.17 കോടി രൂപ അറ്റാദായം നേടി.
മുൻവർഷം ഇതേ പാദത്തിലെ 52.72 കോടി രൂപയിൽ നിന്ന് 44.5 ശതമാനമാണ് വർദ്ധന.
2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷം 257.58 കോടി രൂപയുടെ അറ്റാദായവും നേടി. മുൻവർഷത്തെ 189.05 കോടി രൂപയിൽ നിന്ന് 36.2 ശതമാനമാണ് വാർഷിക ലാഭവർദ്ധനവ്.
മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ സംയോജിത വരുമാനം 1342.77 കോടി രൂപയാണ്. മുൻവർഷത്തെ 1139.22 കോടി രൂപയിൽ 17.9 ശതമാനം വർദ്ധനവാണ് നേടിയത്. കമ്പനിയുടെ വാർഷിക വരുമാനം 17.7 ശതമാനം വർദ്ധനവോടെ 4856.67 കോടി രൂപയിലെത്തി. മുൻവർഷം ഇത് 4127.19 കോടി രൂപയായിരുന്നു.
നാലാം പാദത്തിൽ സമ്മർ സീസണിന് ലഭിച്ച മികച്ച തുടക്കവും ഡിമാൻഡ് വർദ്ധിച്ചതും ഗുണകരമായെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിഭാഗം കരുത്തുറ്റ വളർച്ച നേടി.
അടുത്തിടെ ഉത്പാദനം ആരംഭിച്ച ബാറ്ററി, അടുക്കള ഉപകരണ ഫാക്ടറികൾ വരുംവർഷത്തിൽ നേട്ടങ്ങൾ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.