ന്യൂഡൽഹി: യു.എസ് കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വൈകാതെ കടന്നേക്കുമെന്ന് പ്രവചനം. അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിലുണ്ടാവുന്ന മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ മാത്രമല്ല ജി.ഡി.പിയേയും ബോണ്ട്, ഓഹരി വിപണികളേയും ബാധിക്കുമെന്നും പ്രവചനമുണ്ട്.
ആക്സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് നീൽകാന്ത് മിശ്രയാണ് പ്രവചനം നടത്തിയിരിക്കുന്നത്. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ പാർട്ട് ടൈം ചെയർപേഴ്സണായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
ഈ വർഷം യു.എസ് സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ജി.ഡി.പി വളർച്ചയിലും ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. സെപ്റ്റംബറിന്റെ അവസാനത്തോടെ സാമ്പത്തികമാന്ദ്യത്തിലേക്ക് യു.എസ് വീഴില്ലെന്ന നിഗമനത്തിലേക്ക് ജനങ്ങൾ എത്തി.
എന്നാൽ, ഞങ്ങളുടെ വിലയിരുത്തലിൽ ഈ വർഷം യു.എസിന്റെ ധനകമ്മി വർധിച്ചിട്ടുണ്ട്.
ജി.ഡി.പിയുടെ നാല് ശതമാനമായാണ് ധനകമ്മി ഉയർന്നത്. ധനകമ്മി ഒരു ട്രില്യൺ ഡോളറിൽ നിർത്താനായിരുന്നു യു.എസിന്റെ ശ്രമം. പക്ഷേ ഇത് രണ്ട് ട്രില്യൺ ഡോളറായി ഉയർന്നു.
ധനകമ്മി വളരെ ഉയർന്നതാണെങ്കിലും മാന്ദ്യമുണ്ടാകില്ല. എന്നാൽ, യു.എസ് നേരിടുന്ന പ്രധാന പ്രശ്നം ധനകമ്മി കൂട്ടാതെ അവർക്ക് സുസ്ഥിര വളർച്ച നിലനിർത്താൻ സാധിക്കുന്നില്ല എന്നതാണ്.
അടുത്ത സാമ്പത്തിക വർഷത്തിൽ ധനകമ്മി യു.എസ് കുറച്ചാൽ തന്നെ സുസ്ഥിര വളർച്ചയുടെ അഭാവത്തിൽ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകും. പണപ്പെരുപ്പം ഉയർന്നാൽ യു.എസ് ബോണ്ടുകൾ വാങ്ങാൻ ആളുണ്ടാവില്ല.
ഇതുമൂലം പലിശനിരക്കുകൾ ഉയരും. ഇത് ആഗോളതലത്തിൽ ഡിമാൻഡ് കുറക്കുമെന്നും അതുകൊണ്ട് കടുത്ത സാമ്പത്തിക മാന്ദ്യമാണ് യു.എസിലുണ്ടാവുകയെന്നും അദ്ദേഹം പ്രവചിക്കുന്നു.
യു.എസ് സാമ്പത്തികമാന്ദ്യത്തിലേക്ക് വീണാൽ അത് ഇന്ത്യയുടെ സേവനകയറ്റുമതിയെ ബാധിക്കും. നിലവിൽ ഇന്ത്യയുടെ കയറ്റുമതിയുടെ 10 ശതമാനമാണ് സേവനമേഖലയുടെ സംഭാവന. സേവനമേഖലയുടെ കയറ്റുമതിയിൽ വൻ ഇടിവുണ്ടായാൽ ജി.ഡി.പി ഒരു ശതമാനം കുറയും.
രണ്ടാമത്തേത് ഇന്ത്യയുടെ മറ്റ് ഉൽപന്നങ്ങളുടെ കയറ്റുമതിയാണ്. ഉൽപന്നങ്ങളുടെ ആവശ്യകത കുറയുമ്പോൾ ഇന്ത്യയുടെ കയറ്റുമതിയേയും ബാധിക്കും. യു.എസിൽ മാന്ദ്യമുണ്ടാവുമ്പോൾ ഇന്ത്യയിലെ മറ്റ് ഉൽപന്നങ്ങളുടെ കയറ്റുമതിയേയും അത് സ്വാധീനിക്കും.
സുസ്ഥിരമായ ഇന്ത്യൻ വിപണിയിലേക്ക് വൻ തോതിൽ വിദേശ ഉൽപന്നങ്ങൾ ഒഴുകാനും മാന്ദ്യം കാരണമാകും. ഇത് ഇന്ത്യൻ നിർമ്മാതക്കളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024ൽ സുസ്ഥിരമായ സർക്കാർ വന്നില്ലെങ്കിൽ ഇന്ത്യയുടെ ഓഹരി വിപണിയിൽ 20 മുതൽ 60 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന പ്രവചനത്തെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം പ്രവചനങ്ങളിൽ അർഥമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.