
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മേയിൽ 5.5 ശതമാനമായി വർധിച്ചെന്ന് കേന്ദ്ര സർക്കാർ. ഏപ്രിലിൽ 5.2 ശതമാനമായിരുന്നു. മേയിൽ 5.3 ശതമാനമായി വർധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 30 ബേസിസ് പോയിന്റ് വർധിച്ച് 5.5ലെത്തി. മേയിൽ രാജ്യത്തെ തൊഴില്ലായ്മ വർധിച്ചെന്നതിനു തെളിവാണിത്.
ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്. ഏപ്രിലിൽ 4.6 ശതമാനമായിരുന്ന ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മേയിൽ 5.1 ശതമാനമായി വർധിച്ചു. എന്നാൽ നഗരമേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും കണക്ക്. ഏപ്രിലിൽ 6.6 ശതമാനമായിരുന്നത് മേയിൽ 6.4 ശതമാനമായി കുറഞ്ഞു. ഒരു വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ആകെ ജനസംഖ്യയിൽ തൊഴിലെടുക്കുന്നവരുടെ അനുപാതം അളക്കുന്ന തൊഴിലാളി – ജനസംഖ്യ അനുപാതം (ഡബ്ല്യുപിആർ) ഏപ്രിലിൽ 52.2 ശതമാനമായിരുന്നത് മേയിൽ 51.4 ശതമാനമായി ഇടിഞ്ഞു.
കൂടാതെ ആകെ ജനസംഖ്യയിൽ തൊഴിലെടുക്കുന്നവരുടെയും തൊഴിൽ അന്വേഷകരുടെയും എണ്ണം കണക്കാക്കാൻ ഉപയോഗിക്കുന്ന ലേബർ ഫോഴ്സ് പാർടിസിപ്പേഷൻ നിരക്ക് (എൽഎഫ്പിആർ) 55 ശതമാനത്തിൽ നിന്ന് 54.5 ശതമാനമായി കുറഞ്ഞതായും കണക്കുകൾ പറയുന്നു. വനിതകളിലെ ലേബർ ഫോഴ്സ് പാർടിസിപ്പേഷൻ നിരക്ക് (എൽഎഫ്പിആർ) 32.8 ശതമാനമാണ്.
മേയിൽ ഇത് 33.9 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിൽ നിന്നുള്ള വനിതകളുടെ എൽഎഫ്പിആർ മേയിൽ 38.2 ശതമാനമായിരുന്നത് 36.7 ശതമാനത്തിലേക്ക് ഇടിഞ്ഞതായും കണക്കുകൾ പറയുന്നു.
എൽഎഫ്പിആർ നിരക്ക് കുറയുന്നതും തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതും തൊഴിൽ വിപണിയിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതിന്റെ സൂചനയാണ്. അല്ലെങ്കിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് അതിനുള്ള അവസരം ലഭിക്കുന്നില്ലെന്നാണ് ഇത് അർഥമാക്കുന്നത്.
തൊഴിൽ അവസരങ്ങൾ അതിവേഗത്തിൽ കുറഞ്ഞതും തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതിന് കാരണമായെന്നും ദേശീയ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട്.






