ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വൽയോജന പദ്ധതിപ്രകാരം രാജ്യത്ത് പാചകവാതകലഭ്യതയിൽ 104 ശതമാനം നേട്ടമെന്ന് കേന്ദ്രത്തിന്റെ അവകാശവാദം തള്ളി കുടുംബാരോഗ്യസർവേ റിപ്പോർട്ട്.
2019-2021-ൽ രാജ്യത്ത് ശുദ്ധമായ പാചകവാതകം ഉപയോഗിക്കുന്ന വീട്ടുകാരുടെ തോത് 58.6 ശതമാനം മാത്രമാണ്. പാചകവാതകത്തിന്റെ വിലവർധനയാണ് ഉപയോഗക്കുറവിന്റെ പ്രധാനകാരണമെന്നും സർവേ വിലയിരുത്തുന്നു.
മോദി സർക്കാരിന്റെ ഉജ്ജ്വൽയോജനയിലൂടെ ഒമ്പതുവർഷത്തിനിടെ എൽ.പി.ജി. കണക്‌ഷൻ ഇരട്ടിയോളമായെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 2016ൽ 62 ശതമാനമായിരുന്നത് 2022ൽ 104.1 ശതമാനമായി വർധിച്ചെന്ന് കേന്ദ്രം പറയുന്നു.
17 കോടി പുതിയ കണക്‌ഷൻ ലഭ്യമാക്കാനായി എന്നത് റെക്കോഡ് നേട്ടമായും പ്രചരിപ്പിക്കുന്നുണ്ട്. ഒന്നാം മോദിസർക്കാർ അധികാരത്തിലെത്തിയ 2014-ൽ 14.52 കോടി എൽ.പി.ജി. ഉപഭോക്താക്കളുണ്ടായിരുന്നത് 2023 മാർച്ചായപ്പോൾ 31.36 കോടിയായി ഉയർന്നു.
എന്നാൽ, പല സംസ്ഥാനങ്ങളിലെയും പാചകവാതക ഉപയോഗസ്ഥിതി തീർത്തും പരിതാപകരമാണെന്നാണ് കണ്ടെത്തൽ. ഉത്തരേന്ത്യയിലാണ് സ്ഥിതി രൂക്ഷം.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് (ഐ.ഐ.പി.എസ്.) നടത്തിയ അഞ്ചാമത് സർവേയുടെ കണ്ടെത്തലാണിത്. ഇതിന്റെപേരിലാണ് ഐ.ഐ.പി.എസ്.
ഡയറക്ടറായിരുന്ന പ്രൊഫ. കെ.എസ്. ജെയിംസിന്റെ സ്ഥാനം തെറിച്ചതെന്നാണ് സൂചന.