
ട്രംപിന്റെ താരിഫ് മൂലം യു.എസില്‍ കാറ് വാങ്ങുന്നവർക്കുമേല്‍ 3000 കോടി ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തല്‍.
വാഹനമൊന്നിന് ശരാശരി 2,000 ഡോളർ കൂടുതല്‍ നല്‍കേണ്ടിവരുമെന്നാണ് ഗ്ലോബല്‍ കണ്‍സള്‍ട്ടൻസി സ്ഥാപനമായ അലിക്സ് പാർട്ണേഴ്സ് പറയുന്നത്.
തീരുവയുടെ 80 ശതമാനവും വാഹന നിർമാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് കണക്കാക്കുന്നത്. യു.എസ് സർക്കാരിന്റെ ഇ.വി വിരുദ്ധ നയം മൂലം അമേരിക്കൻ വാഹന നിർമാതാക്കള്‍ ആഗോള വിപണിയില്‍ പിന്തള്ളപ്പെടുമെന്നും അലിക്സ് മുന്നറിയിപ്പ് നല്‍കുന്നു.
ജനറല്‍ മോട്ടോഴ്സ് 500 കോടി ഡോളറിന്റെയും ഫോഡ് മോട്ടോർ കമ്പനി 250 കോടി ഡോളറിന്റെയും തീരുവ ബാധ്യത ഈ വർഷം പ്രതീക്ഷിക്കുന്നതായി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. വില ക്രമീകരിച്ച് നഷ്ടം നികത്താനാണ് കമ്പനികളുടെ ശ്രമം.
ഉയർന്ന വില കാരണം അടുത്ത മൂന്നു വർഷത്തിനിടെ യുഎസിലെ വാഹന വില്പനയില്‍ 10 ലക്ഷത്തിന്റെ കുറവുണ്ടാകുമെന്നും വേക്ക്ഫീല്‍ഡ് വിശദീകരിക്കുന്നു. തീരുവയുടെ ബാധ്യത കുറയുന്നതോടെ 2030 ആകുമ്പോഴേയ്ക്കും വാഹന വില്പന 1.7 കോടിയിലെത്തും.
കഴിഞ്ഞ വർഷത്തെ വില്പനയേക്കാള്‍ 10 ലക്ഷം കൂടുതലാണിതെന്നും കണ്‍സള്‍ട്ടൻസി സ്ഥാപനം പറയുന്നു.
ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് നിർമിക്കുന്ന വാഹനങ്ങളുടെ നിലവിലെ 25 ശതമാനം തീരുവ 7.5 ശതമാനമായും ഘടകഭാഗങ്ങളുടേത് അഞ്ച് ശതമാനമായും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിന് അനുസൃതമായി കാറുകള്‍ക്കും ഘടകഭാഗങ്ങള്‍ക്കും തീരുവയില്‍ കാര്യമായി കുറവുണ്ടാകുമെന്നുമാണ് അനുമാനം.
2030 ആകുമ്പോഴേയ്ക്കും യുഎസിലെ ഇ.വി വില്പന 17 ശതമാനത്തിലൊതുങ്ങുമെന്നും അലിക്സ്പാർട്ണേഴ്സ് കരുതുന്നു. 31 ശതമാനമാകുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.
അതേസമയം, ഹൈബ്രിഡ് വാഹനങ്ങളുടെ വിഹിതം 27 ശതമാനമാകുമെന്നും വിലയിരുത്തുന്നു.