
ന്യൂഡൽഹി: കൊറിയർ, ലോജിസ്റ്റിക്‌സ് ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളിൽ നിന്നുള്ള ഇടപാടുമായി ബന്ധപ്പെട്ട കോളുകൾക്കായി 1601-സീരിസ് ഫോൺ നമ്പറുകൾ അവതരിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇത്തരം സേവനങ്ങളുടെ പേരിൽ ഉപഭോക്താക്കളെ വഞ്ചിച്ച് തട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയാനാണ് പുതിയ നീക്കം.
ഇനി കൊറിയർ ഉൾപ്പെടെയുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട കോളുകൾ വരുന്നത് ട്രായ് അവതരിപ്പിച്ച പ്രത്യേക നമ്പർ സീരിസായ 1601-സീരിസിൽ നിന്നായിരിക്കും.
1601-ൽ ആരംഭിക്കുന്ന ഫോൺ നമ്പറിലായിരിക്കും ഇത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട കോളുകൾ വരുന്നത്.
10 അക്ക മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് നിയമാനുസൃതമായ സേവനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാട് നടത്തി പണം തട്ടുന്ന പ്രവണത വർധിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകാരിൽ നിന്ന് യഥാർത്ഥ കോളുകൾ തിരിച്ചറിയാനും ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നീക്കം.
ഏതൊക്കെ അവശ്യ സേവനങ്ങൾ ഉൾപ്പെടുത്തും?
ജല-വൈദ്യുതി വിതരണ കമ്പനികൾ, ഗ്യാസ് കമ്പനികൾ, എൽപിജി വിതരണക്കാർ, കൊറിയർ കമ്പനികൾ, പാഴ്‌സൽ ഡെലിവറി സേവനങ്ങൾ, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങൾ എന്നീ അവശ്യ സേവനങ്ങളെ 1601-സീരിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ നിന്ന് ഉപഭോക്താക്കളുടെ ഫോണിലേക്ക് കോൾ വരുന്നത് 1601-ൽ ആരംഭിക്കുന്ന നമ്പറിലായിരിക്കും.
അതേസമയം ബാങ്കിങ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് (BFSI) മേഖലയിലെ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും 1601-സീരീസിൽ ഉൾപ്പെടില്ല. ഈ സേവനങ്ങളുമായി ബന്ധപ്പെട്ട കോളുകൾ വരുന്നത് 1600-സീരീസിൽ നിന്നായിരിക്കും. സാമ്പത്തികപരമായ കോളുകൾക്കായി ട്രായ് പ്രത്യേകം സീരിസ് നേരത്തെ തന്നെ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ടെലികോം ഉൾപ്പെടെയുള്ള മാർക്കറ്റിങ് കോളുകൾക്കായി 140 സീരിസ് ഉപയോഗിക്കുന്നു.
1601 നമ്പറുകൾ നേരിട്ട് യോഗ്യരായ കമ്പനികൾക്ക് നൽകുമെന്നും ഇടനിലക്കാർക്ക് ലഭ്യമാക്കില്ലെന്നും ട്രായ് പ്രഖ്യാപിച്ചു. ആധികാരികത പരിശോധിച്ച് ഉറപ്പിച്ച ശേഷമായിരിക്കും ടെലികോം സേവന ദാതാക്കൾ ഓരോ കമ്പനികൾക്കും നമ്പറുകൾ നൽകുക. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള യോഗ്യതയുള്ള കമ്പനികളുടെ ഓൺബോർഡിംഗും മൈഗ്രേഷനും പൂർത്തിയാക്കുന്നതിന് TRAI 90 ദിവസത്തെ സമയബന്ധിത കാലയളവ് നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം 1601-ൽ ആരംഭിക്കുന്ന നമ്പറുകൾ ഉപയോഗിക്കുന്ന കമ്പനികൾ സേവനത്തിനും ഇടപാടുകൾക്കും മാത്രമേ നമ്പറുകൾ ഉപയോഗിക്കൂ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സ്ഥാപനങ്ങൾക്ക് പ്രമോഷണൽ വോയ്‌സ് കോളുകൾക്ക് ഈ നമ്പറുകൾ ഉപയോഗിക്കാൻ കഴിയില്ല.






