
നിർമിതബുദ്ധി അധിഷ്ഠിത ഏജന്റുകൾക്ക് ലഭിക്കുന്ന നിയന്ത്രണമില്ലാത്ത പ്രവേശനം പരിമിതപ്പെടുത്തുകയും, ഫയലുകൾ, വിവരങ്ങൾ, മറ്റ് ആപ്പുകൾ എന്നിവയിലേക്ക് ആപ്ലിക്കേഷനുകൾക്ക് ലഭിക്കുന്ന അനുമതികളിൽ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തത നൽകുകയുമാണ് ലക്ഷ്യം.
മാക് കമ്പ്യൂട്ടറുകളിലെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മാക്ഒഎസ് 27.3 ബീറ്റാ പതിപ്പിൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് ആപ്പിൾ. നിർമിതബുദ്ധി അധിഷ്ഠിത ഏജന്റുകൾക്ക് ലഭിക്കുന്ന നിയന്ത്രണമില്ലാത്ത പ്രവേശനം പരിമിതപ്പെടുത്തുകയും, ഫയലുകൾ, വിവരങ്ങൾ, മറ്റ് ആപ്പുകൾ എന്നിവയിലേക്ക് ആപ്ലിക്കേഷനുകൾക്ക് ലഭിക്കുന്ന അനുമതികളിൽ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തത നൽകുകയുമാണ് ലക്ഷ്യം.
നിലവിലുള്ള അനുമതി സംവിധാനങ്ങളെ ‘സിസ്റ്റം ആൻഡ് ആപ്പ് പ്രൊട്ടക്ഷൻ ഓവർറൈഡ്’, ‘ആക്സസിബിലിറ്റി’ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളായി വിഭജിക്കുന്നതിലൂടെ, ഓരോ ആപ്പും ആവശ്യപ്പെടുന്ന അനുമതിയുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
സ്ഥിരമായി പ്രവേശനം അനുവദിക്കുന്നതിന് പകരം ഓരോ തവണയും അനുമതി ചോദിക്കാനുള്ള സംവിധാനവും പുതിയ അപ്ഡേറ്റിലുണ്ടാകും. മുഴുവൻ ഡിസ്കിലേക്കുമുള്ള പ്രവേശനത്തിന് പകരം ആവശ്യമായ ഫോൾഡറുകളിലേക്ക് മാത്രം അനുമതി നൽകാൻ ആപ്പിൾ പ്രോത്സാഹിപ്പിക്കുന്നു.
‘സിസ്റ്റം ആൻഡ് ആപ്പ് പ്രൊട്ടക്ഷൻ ഓവർറൈഡ്’ ഉപയോഗിക്കുന്ന ആപ്പുകൾ പ്രവർത്തിക്കുമ്പോൾ പശ്ചാത്തലത്തിൽ മറ്റ് ആപ്പുകളെ നിയന്ത്രിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ മെനു ബാറിൽ പ്രത്യേക സുതാര്യത സൂചകവും ദൃശ്യമാകും. അനുമതി നൽകുന്നതിന് മുമ്പ് ഏതെല്ലാം വിവരങ്ങൾ കാണാനോ നിയന്ത്രിക്കാനോ കഴിയുമെന്ന് കൂടുതൽ വ്യക്തമായി അറിയിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ഫയലുകൾ പരിശോധിക്കുക, വിവരങ്ങൾ ശേഖരിക്കുക, ജോലികൾ സ്വയം ചെയ്യുക തുടങ്ങിയവയ്ക്ക് ശേഷിയുള്ള എഐ ഏജന്റുകളുടെ വളർച്ചയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. വിശാലമായ അനുമതികൾ നൽകുന്നത് സ്വകാര്യ ഫയലുകൾ, ഇമെയിലുകൾ, സന്ദേശങ്ങൾ, ബ്രൗസിങ് ചരിത്രം തുടങ്ങിയവ ചോരാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാലാണ് സുരക്ഷ ശക്തമാക്കുന്നത്.
തിരഞ്ഞെടുത്ത ഫോൾഡറുകളിലേക്കോ ആപ്പുകളിലേക്കോ മാത്രം പ്രവേശനം ലഭിക്കുമ്പോഴും ആപ്പുകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഡെവലപ്പർമാർ ഉറപ്പാക്കേണ്ടതുണ്ട്.
അതേസമയം, മാക്ഒഎസ് 27.3ന് മുമ്പ് നൽകിയ അനുമതികളിൽ നിലവിൽ മാറ്റമുണ്ടാകില്ലെങ്കിലും, പുതിയ അനുമതി അഭ്യർഥനകൾ അംഗീകരിക്കുന്ന ഘട്ടത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഡെവലപ്പർമാർക്കുള്ള കൂടുതൽ സാങ്കേതിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ആപ്പിൾ അറിയിച്ചു.






