മുംബൈ: രാജ്യത്തെ ബാങ്കുകളുടെ കടമെടുപ്പിൽ വലിയ വർധന. ജൂലായ് 26 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം കടമെടുപ്പ് 9.32 ലക്ഷം കോടി രൂപയിലെത്തി.
റീജണൽ റൂറൽ ബാങ്ക്, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പേമെന്റ് ബാങ്കുകൾ എന്നിവയുടേത് ഉൾപ്പെടെയുള്ള കണക്കാണിത്. 2023 ജൂലായ് 28-ന് ഇത് 7.84 ലക്ഷം കോടി രൂപയായിരുന്നു. ഇതിനേക്കാൾ 19 ശതമാനമാണ് വർധന.
ഏപ്രിൽ അഞ്ചിലെ 7.75 ലക്ഷം കോടിയേക്കാൾ 20 ശതമാനവും. നിക്ഷേപ-വായ്പാ വളർച്ചയിലെ അന്തരമാണ് ബാങ്കുകളുടെ കടമെടുപ്പുകൂടാൻ കാരണമായിരിക്കുന്നത്.
ബാങ്കുകൾ കടമെടുക്കുന്നതിൽ കൂടുതലും ആർ.ബി.ഐ.യുടെ റിപ്പോ ഇടപാടുകൾവഴിയാണ്. അഡീഷണൽ ടിയർവൺ കടപ്പത്രങ്ങൾ വഴിയും ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾവഴിയുമുള്ള ദീർഘകാലത്തേക്കുള്ള കടമെടുപ്പും ഇതിലുൾപ്പെടുന്നു.
വർധിച്ച വായ്പാ ആവശ്യം നേരിടാനും പണലഭ്യത ഉറപ്പാക്കാനുമായി ബാങ്കുകൾ സമീപകാലത്ത് ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾവഴി ധനസമാഹരണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
ഓഹരിവിപണിയിൽനിന്നും മ്യൂച്ചൽഫണ്ടുകളിൽനിന്നും കടപ്പത്രങ്ങളിൽനിന്നും മറ്റും കൂടുതൽ ആദായം ലഭിക്കുന്നതിനാൽ ആളുകൾ ഇത്തരത്തിലുള്ള രീതിയിലേക്ക് നിക്ഷേപം മാറ്റുന്നുണ്ട്.
ഇതാണ് ബാങ്കുകളിലെ നിക്ഷേപവളർച്ചയെ പ്രധാനമായും ബാധിച്ചിട്ടുള്ളത്. നിക്ഷേപവളർച്ച ഉയർത്തിക്കൊണ്ടുവരാൻ ബാങ്കുകൾ പുതുവഴികൾ തേടണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസും അടുത്തിടെ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.