
ന്യൂഡൽഹി: ഇന്ന് മുതൽ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്.
ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിനായി, ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ ധാരണയായി.
ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും. ബാക്കി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. സമരം പിൻവലിച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.
മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക എന്നതാണ് പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചു.
നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.






