
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിലും ഓഹരി വിപണിയിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമായി അവകാശികളെത്താത്ത ആസ്തികളുടെ മൂല്യം 2026 സാമ്പത്തികവര്‍ഷം 1.1 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
അവകാശികളെത്താത്ത ഇത്തരം ആസ്തികള്‍ യഥാര്‍ത്ഥ ഉടമകളിലേക്ക് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വിപുലമായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നിട്ടും കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് ലോക്സഭയില്‍ വച്ച രേഖയില്‍ പറയുന്നത്.
ഉടമസ്ഥരെത്താത്ത മൊത്തം ആസ്തികളില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. 83,000 കോടി രൂപയാണ് ഇത്തരത്തില്‍ വിവിധ ബാങ്കുകളിലായി കിടക്കുന്നത്. 10,000 കോടി രൂപയുടെ ഓഹരി വിപണി നിക്ഷേപങ്ങളായും 14,000 കോടി രൂപ ക്ലെയിം ചെയ്യാത്ത ഇന്‍ഷുറന്‍സ് പോളിസികളായും കിടപ്പുണ്ട്. അവകാശികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടുത്തിടെ പ്രത്യേക വെബ്സൈറ്റ് ഉള്‍പ്പെടെ പുറത്തിറക്കിയിരുന്നു.
അവകാശികളെത്താത്ത ഈ ആസ്തികള്‍ നിലവില്‍ വിവിധ നിയന്ത്രണ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ പണം ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടില്‍ സൂക്ഷിക്കുന്നു. മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഇത് നിക്ഷേപക സംരക്ഷണ, വിദ്യാഭ്യാസ ഫണ്ടില്‍ (ഐപിഇഎഫ്) സൂക്ഷിക്കുന്നു.
പ്രശ്നം ഡിജിറ്റല്‍ അല്ലാത്തത്
അവകാശികള്‍ എത്താത്ത കേസുകളിലേറെയും പഴയ അക്കൗണ്ടുകളിലാണ്. അക്കാലത്ത് കെവൈസി ഡിജിറ്റല്‍ രീതിയിലായിരുന്നില്ല. ആധാര്‍ പാനുമായി ബന്ധിപ്പിക്കുന്നതിന് മുമ്പുള്ള അക്കൗണ്ടുകള്‍ കൈയെഴുത്ത് രേഖകളായും താല്‍ക്കാലിക വിലാസങ്ങള്‍ ഉപയോഗിച്ചുമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.
ചെറിയ അക്ഷരത്തെറ്റുകള്‍ അന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെങ്കിലും ഇപ്പോള്‍ ഫണ്ട് പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു സാധിക്കാതെ വരുന്നു.
അടുത്ത കാലത്തായി യഥാര്‍ത്ഥ ഉടമകള്‍ക്ക് ആസ്തികള്‍ തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു. എന്നിട്ടു പോലും ക്ലെയിമുകളില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം എന്നപേരില്‍ ആര്‍ബിഐയും സെബിയും ഐആര്‍ഡിഎയും ചേര്‍ന്ന് കാംപെയ്ന് ആരംഭിച്ചിരുന്നു. ഇതുവഴി 5,777 കോടി രൂപ ഉടമകളിലേക്ക് എത്തി.






