കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

യുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം, ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വം, ദുർബല മൺസൂൺ എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലും ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ശക്തമായി തുടരുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിനിലെ സ്റ്റേറ്റ് ഓഫ് ദി എക്കണോമി റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ.

ആഭ്യന്തര ഉപഭോഗത്തിലെ സ്ഥിരത, സേവനമേഖലയുടെ മികച്ച പ്രകടനം, നിർമാണ-അടിസ്ഥാന സൗകര്യ മേഖലകളിലെ നിക്ഷേപ വർധന, ബാങ്കുകളുടെ ആരോഗ്യകരമായ വായ്പാ വളർച്ച എന്നിവയാണ് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സ്വകാര്യ ഉപഭോഗവും പൊതുമേഖലാ നിക്ഷേപവും വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ബാഹ്യ ആഘാതങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ കഴിയുന്നുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം ദീർഘകാലത്തേക്ക് നീണ്ടാൽ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയുടെ ഊർജ ആവശ്യത്തിന്റെ വലിയൊരു പങ്കും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ എണ്ണവില വർധിക്കുന്നത് ഇറക്കുമതി ബിൽ ഉയരാനും ഗതാഗതച്ചെലവും ഉൽപ്പാദനച്ചെലവും വർധിക്കാനും ഇടയാക്കും. ഇതിന്റെ പ്രത്യാഘാതമായി പണപ്പെരുപ്പം വീണ്ടും സമ്മർദത്തിലാകാനുള്ള സാധ്യതയും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

മൺസൂൺ മഴ പ്രതീക്ഷിച്ചതിലും കുറയുന്ന സാഹചര്യത്തിൽ കാർഷിക ഉൽപ്പാദനത്തിലും ഭക്ഷ്യധാന്യ വിതരണത്തിലും പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പച്ചക്കറി, ധാന്യങ്ങൾ, മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയെ ബാധിക്കാം. എന്നിരുന്നാലും, വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനുമായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രബാങ്കിന് മതിയായ നയപരമായ സൗകര്യമുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ആഗോള സാമ്പത്തിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പണപ്പെരുപ്പവും വളർച്ചയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്ന സമീപനമാണ് ആർബിഐ തുടർന്നും സ്വീകരിക്കുക.

ശക്തമായ ആഭ്യന്തര ആവശ്യകത, മെച്ചപ്പെട്ട ധനകാര്യ മേഖല, സർക്കാർ നിക്ഷേപങ്ങൾ എന്നിവയുടെ പിന്തുണയോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലവിലെ വെല്ലുവിളികളെ അതിജീവിച്ച് സ്ഥിരമായ വളർച്ച തുടരാൻ കഴിയുമെന്ന ആത്മവിശ്വാസവും റിപ്പോർട്ട് പ്രകടിപ്പിക്കുന്നു.

X
Top