
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ റഷ്യയിൽ അസാധാരണ പ്രതിസന്ധി. ഇപ്പോൾ ഇന്ത്യയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങി ദിവസങ്ങൾ തള്ളിനീക്കേണ്ട സ്ഥിതിയിലായി റഷ്യ. പുട്ടിൻ ഭരണകൂടത്തിന് മുന്നിലാകട്ടെ മറ്റു വഴികളുമില്ല.
റഷ്യൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ല് നോക്കി ആക്രമിക്കുകയാണ് ഇപ്പോൾ യുക്രെയ്ൻ ചെയ്യുന്നത്. റഷ്യയുടെ കയറ്റുമതി വരുമാനത്തിൽ നിർണായകമായ റിഫൈനറികളെ തിരഞ്ഞുപിടിച്ചുള്ള ഡ്രോൺ, മിസൈൽ ആക്രമണതന്ത്രം. ഇതിനകം റഷ്യയുടെ റിഫൈനിങ് ശേഷിയുടെ 40% യുക്രെയ്ന്റെ ആക്രമണത്തിലൂടെ നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തൽ. ഇതാണ് റഷ്യയെ പ്രതിസന്ധിയിലേക്ക് തള്ളിയതും.
റഷ്യ-യുക്രെയ്ൻ യുദ്ധാനന്തരവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡോയിൽ കയറ്റുമതി ചെയ്ത രാജ്യമാണ് റഷ്യ. എന്നാൽ, അതേ ക്രൂഡോയിൽ സംസ്കരിച്ച് പെട്രോളും ഡീസലുമാക്കി ഇപ്പോൾ ഇന്ത്യ റഷ്യയിലേക്ക് തിരികെ കയറ്റുമതി ചെയ്യുകയാണ്. 60,000 മെട്രിക് ടൺ പെട്രോളാണ് ഗുജറാത്തിലെ നയാര എനർജി റിഫൈനറിയിൽ നിന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്തത്. നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് പകരം രാജ്യാന്തര കമ്മോഡിറ്റി ട്രേഡർമാർ വഴിയാണ് റഷ്യയിലേക്ക് കയറ്റുമതി.
റഷ്യയിലേക്ക് നേരിട്ട് ഇന്ത്യ ഇന്ധനം കയറ്റുമതി ചെയ്യുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലെ റിഫൈനറികൾ, പെട്രോൾ ശേഖരണ കേന്ദ്രങ്ങൾ, പെട്രോകെമിക്കൽ കോംപ്ലക്സുകൾ എന്നിവയിൽ യുക്രെയ്ന്റെ ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.
പടിഞ്ഞാറൻ റഷ്യയിലെ ഗ്യാസ്ഫ്രോം നാഫ്തെഖിം റിഫൈനറിയാണ് ഏറ്റവുമൊടുവിൽ ആക്രമണത്തിന് ഇരയായത്. പ്രതിവർഷം 70 ലക്ഷം ടൺ ക്രൂഡോയിൽ സംസ്കരിക്കുന്ന റിഫൈനറിയാണിത്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, അമോണിയ, യൂറിയ തുടങ്ങിയവ ഇവിടെ ഉൽപാദിപ്പിച്ചിരുന്നു.
പ്രതിസന്ധി കനത്തതിനിടെ തുടർന്ന് റഷ്യയിൽ 55 പ്രവിശ്യകളിലെങ്കിലും പെട്രോളും ഡീസലും ഇപ്പോൾ ഉപഭോക്താക്കൾക്ക് റേഷൻ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. അതായത്, നിശ്ചിത അളവിൽ കൂടുതൽ ഇന്ധനം ആർക്കും നൽകില്ല. വിലയാകട്ടെ കൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
റഷ്യയിൽ നിന്നുള്ള പെട്രോൾ, ഡീസൽ, വിമാന ഇന്ധന കയറ്റുമതിക്ക് പുട്ടിൻ ഭരണകൂടം വിലക്കുമേർപ്പെടുത്തി. എണ്ണക്കമ്പനികളോട് താഴ്ന്ന ഗ്രേഡ് ഇന്ധനം ഉൽപാദിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.






