
വാട്സാപ്പിലൂടെ ലഭിക്കുന്ന പി.ഡി.എഫ് ഫയലുകൾ ഇനി ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ എളുപ്പത്തിൽ എഡിറ്റ് ചെയ്യാം. വാട്സാപ്പ് വെബ്ബിലും വിൻഡോസിലും പി.ഡി.എഫ് ഫയലുകൾ കൈകാര്യം ചെയ്യുന്നത് സുഗമമാക്കുന്നതിനായി പ്രമുഖ സോഫ്റ്റ്‌വേർ കമ്പനിയായ അഡോബി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ഈ സംവിധാനം വഴി ചാറ്റിനുള്ളിൽ വെച്ച് തന്നെ പി.ഡി.എഫ് ഫയലുകൾ കാണാനും ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാനും അണ്ടർലൈൻ ചെയ്യാനും സ്ട്രൈക്ക് ത്രൂ ചെയ്യാനും സാധിക്കും.
മുൻപ് പി.ഡി.എഫുകൾ കാണാൻ നിർബന്ധമായും ഡൗൺലോഡ് ചെയ്യണമായിരുന്നു. എന്നാൽ ഇനി മുതൽ വാട്സാപ്പിൽ തന്നെ സൂം ചെയ്യാനും സ്ക്രോൾ ചെയ്യാനും സാധിക്കും. അഡോബി അക്രോബാറ്റ് ടൂളുകൾ ഉപയോഗിച്ച് ഡോക്യുമെന്റുകളിൽ വരയ്ക്കാനും ഫീഡ്‌ബാക്കുകൾ രേഖപ്പെടുത്താനും കഴിയും. ‘അക്രോബാറ്റ് ട്രസ്റ്റ്’ പിന്തുണയുള്ളതിനാൽ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഫയലുകൾ ഉദ്ദേശിച്ച വ്യക്തികൾക്ക് മാത്രമേ തുറക്കാനാകൂ.
വാട്സാപ്പിലെ സന്ദേശങ്ങളെപ്പോലെ ഡോക്യുമെന്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും. ചെറുകിട ബിസിനസ്സുകാർക്ക് ഇൻവോയ്‌സുകളും കരാറുകളും പരിശോധിക്കാനും, വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ എളുപ്പത്തിൽ തിരുത്താനും സാധാരണക്കാർക്ക് യാത്രാ രേഖകളും രസീതുകളും നോക്കാനും ഈ അപ്ഡേറ്റ് ഏറെ ഉപകാരപ്പെടും.
ക്രോം, മൈക്രോസോഫ്റ്റ് 360, ചാറ്റ്ജിപിടി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അഡോബി സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്സാപ്പിലും ഈ മാറ്റം എത്തിച്ചിരിക്കുന്നത്.






