
മുംബൈ: ഇന്ത്യയിലെ വീടുകളിൽ ‘ഉറങ്ങിക്കിടക്കുന്ന’ സ്വർണമെത്രയെന്നോ? 25,000 ടൺ. പാക്കിസ്ഥാന്റെ ജിഡിപിയേക്കാൾ ആറിരട്ടി വരും ഇതിന്റെ ആകെ മൂല്യം.
വികസിത രാജ്യങ്ങളായ കാനഡ, ഇറ്റലി എന്നിവയുടെ ജിഡിപി പോലും ഇന്ത്യക്കാരുടെ കൈയിലെ സ്വർണത്തിന്റെ മൊത്തം വിലയേക്കാൾ പിന്നിൽ. വേൾഡ് ഗോൾഡ് കൗൺസിൽ, യുബിഎസ് എന്നിവയുടെ കണക്കുകൾ അധികരിച്ചുള്ള റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിലെ വിപണിവില പ്രകാരം ഏകദേശം 2.4 ലക്ഷം കോടി ഡോളറാണ് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ ആകെ മൂല്യം. ഏകദേശം 207 ലക്ഷം കോടി രൂപ. ഇന്ത്യയുടെ 2025-26 വർഷത്തെ പ്രതീക്ഷിത ജിഡിപിയുടെ 56% വരുമിത്. 41,100 കോടി ഡോളർ മാത്രമാണ് പാക്കിസ്ഥാന്റെ ജിഡിപി മൂല്യം. കാനഡയുടെ ജിഡിപി മൂല്യം 2.33 ലക്ഷം കോടി ഡോളറും ഇറ്റലിയുടേത് 2.4 ലക്ഷം കോടി ഡോളറിനടുത്തുമാണ്.
5 വർഷത്തിനിടെ ഇരട്ടിയായി വില
2019-20നുശേഷം രാജ്യാന്തര സ്വർണ വില ഇരട്ടിയോളമായാണ് വർധിച്ചത്. സമീപകാലത്ത് വില ഔൺസിന് 3,500 ഡോളറിൽ എത്തിയെങ്കിലും പിന്നീട് താഴെയിറങ്ങി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പലിശനിരക്കിലുണ്ടാകുന്ന കുറവ്, ഇറക്കുമതിച്ചുങ്കം സംബന്ധിച്ച തർക്കങ്ങൾ എന്നിവ സ്വർണവില വർധനയ്ക്ക് അനുകൂല ഘടകങ്ങളാണ്.
ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ കരുതൽ സ്വർണശേഖരം കൂട്ടുന്നതും വിലയെ മുന്നോട്ട് നയിക്കും. നടപ്പു സാമ്പത്തിക വർഷം (2025-26) ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 6,000 കോടി ഡോളർ വരെയാകാമെന്നും വിലയിരുത്തപ്പെടുന്നു.
ശരാശരി 800 ടൺ സ്വർണമാണ് ഇന്ത്യ പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്. 2024-25ൽ ഇറക്കുമതി 782 ടണ്ണിന്റേതായിരുന്നു. 2026-27ഓടെ വീണ്ടും 800 ടൺ കടക്കുമെന്ന് കരുതപ്പെടുന്നു.
പണയംവച്ചത് 2% മാത്രം!
സ്വർണത്തെ ആഭരണം മാത്രമായല്ല, പണയംവച്ചോ വിറ്റഴിച്ചോ അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാനുള്ള വഴിയായുമാണ് ഇന്ത്യക്കാർ കാണുന്നത്. എന്നിരുന്നാലും, ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ള മൊത്തം സ്വർണത്തിന്റെ വെറും 2 ശതമാനമേ ഇപ്പോഴും പണയവസ്തുവായി ബാങ്കുകളിലോ മറ്റ് ധനകാര്യസ്ഥാപനങ്ങളിലോ എത്തിയിട്ടുള്ളൂ എന്നാണ് യുബിഎസിന്റെ വിലയിരുത്തൽ.
അതായത്, 98 ശതമാനം സ്വർണവും വീടുകളിൽ ‘ഉറങ്ങിക്കിടക്കുന്നു’. ഗോൾഡ് ലോൺ വിപണിയെ കാത്തിരിക്കുന്നത് വളർച്ചയുടെ വലിയ സാധ്യതകളാണെന്നും ഇത് ചൂണ്ടിക്കാട്ടുന്നു.