
കൊല്ലം: പ്രവാസി മലയാളികളുടെ സ്വപ്നമായ ഗള്‍ഫിലേക്കുള്ള കപ്പല്‍ സർവീസ് യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങുന്നു. സർവീസിന് താത്പര്യമറിയിച്ച് മുന്നോട്ടെത്തിയ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് അനുയോജ്യമായ കപ്പല്‍ കണ്ടെത്താൻ മാസങ്ങളായിട്ടും കഴിയാത്തതാണ് കാരണം. കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള സർവീസാണ് ആലോചനയിലുള്ളത്.
വിമാനയാത്രക്കൂലി വർധന പ്രവാസികള്‍ക്ക് താങ്ങാവുന്നതിനപ്പുറമായതോടെയാണ് കപ്പല്‍ സർവീസിനായുള്ള നീക്കങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞവർഷം കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു. നാല് കമ്പനികളാണ് ഇതിനോട് പ്രതികരിച്ച് എത്തിയത്. കമ്പനികള്‍ക്ക് കപ്പല്‍ സർവീസ് നടത്താൻ സ്വന്തമായുള്ള സംവിധാനങ്ങള്‍, മുൻപരിചയം എന്നിവ ബോർഡ് വിലയിരുത്തിയിരുന്നു. ഇതില്‍നിന്ന് രണ്ട് കമ്ബനികളെ അന്തിമപട്ടികയില്‍പ്പെടുത്തി. കമ്ബനികളുടെ പ്രവർത്തനപശ്ചാത്തലം, മേഖലയിലെ കാര്യക്ഷമത, സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന കപ്പലുകളില്‍ യാത്രചെയ്യുന്നതിനും വിശ്രമിക്കുന്നതിനും ലഗേജ് കൊണ്ടുവരുന്നതിനുമുള്ള സൗകര്യങ്ങള്‍, യാത്രയ്ക്കും ചരക്കുകള്‍ കൊണ്ടുവരുന്നതിനുമുള്ള നിരക്ക്, സർക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും തേടി.
കപ്പല്‍ഗതാഗതരംഗത്ത് മുൻപരിചയമുണ്ടായിരുന്ന ചെന്നൈ ആസ്ഥാനമായ കമ്ബനിയെയാണ് സർവീസ് നടത്തിപ്പിനായി ഒടുവില്‍ തിരഞ്ഞെടുത്തത്. ഇവർ സർവീസിന് അനുയോജ്യമായ കപ്പല്‍തേടി വിവിധ രാജ്യങ്ങളില്‍ മാസങ്ങളായി തിരച്ചില്‍ തുടങ്ങിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പല്‍ ലഭിച്ചാല്‍ ഏപ്രിലില്‍ സർവീസ് തുടങ്ങാനാകുമെന്ന് കമ്ബനി അധികൃതർ മാരിടൈം ബോർഡ് അധികൃതരെ അറിയിച്ചിരുന്നതുമാണ്.
കപ്പല്‍ കണ്ടെത്താനായാല്‍ ഇന്ത്യൻ ഷിപ്പിങ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്നുവേണ്ട സഹായങ്ങള്‍ ലഭ്യമാക്കാൻ അധികൃതർ തയ്യാറുമാണ്. നിശ്ചിത എണ്ണം യാത്രക്കാർ സർവീസുകളില്‍ ഉണ്ടാകാതിരുന്നാല്‍ കപ്പല്‍ കമ്ബനിക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള സഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ട്. ബോർഡ് നടത്തിയ പാസഞ്ചർ സർവേയില്‍ മൂവായിരത്തോളം പേരാണ് കപ്പല്‍ സർവീസ് തുടങ്ങുന്നതിന് അനുകൂല പ്രതികരണം അറിയിച്ചിരുന്നത്.