
ആഗോള ഇലക്‌ട്രിക് കാർ ഭീമനായ ടെസ്ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് യാഥാർഥ്യമാകുന്നു. ടെസ്ല ഇന്ത്യയില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. 13 തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തേടി ലിങ്ക്ഡ് ഇൻ പേജില്‍ കമ്ബനി പരസ്യം നല്‍കി.
അമേരിക്കയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോണ്‍ മസ്ക് സന്ദർശിച്ചതിന് പിന്നാലെയാണ് ടെസ്ലയുടെ പുതിയ നീക്കം. കസ്റ്റമർ സർവീസ്, ബാക്ക് എൻഡ് ഉള്‍പ്പെടെ 13 തസ്തികകളിലേക്കാണ് കമ്ബനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സർവീസ് ടെക്നീഷ്യൻ, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ മുംബൈയിലും ന്യൂഡല്‍ഹിയിലുമാണ്. കസ്റ്റമർ എൻഗേജ്മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകള്‍ മുംബൈയിലാണ്.
ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവ കാരണം ടെസ്ല പലപ്പോഴും ഇന്ത്യയില്‍ പ്രവേശിക്കുന്നതില്‍നിന്ന് പിന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള, ഉയർന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍നിന്ന് 70 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതായിരിക്കാം ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കാനുള്ള നടപടികള്‍ ടെസ്ല വേഗത്തിലാക്കാൻ കാരണം. ചൈനയുടെ 11 മില്ല്യണുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കഴിഞ്ഞ വർഷം ഇന്ത്യയുടെ ഇലക്‌ട്രിക് കാർ വില്‍പന ഒരു ലക്ഷമാണ്.
2023 ഓഗസ്റ്റില്‍ ടെസ്ലയുടെ ഇന്ത്യൻ വിഭാഗമായ ടെസ്ല ഇന്ത്യൻ മോട്ടോർ ആന്റ് എനർജി പുണെയില്‍ ഓഫീസ് തുറന്നിരുന്നു. പുണെയിലെ വിമൻ നഗറിലെ പഞ്ച്ഷില്‍ ബിസിനസ് പാർക്കിലാണ് ഓഫീസ്.
5,850 ചതുരശ്ര അടിവിസ്തീർണമുള്ള ഓഫീസിന് 11.65 ലക്ഷം രൂപയാണ് പ്രതിമാസ വാടക നിശ്ചയിച്ചിട്ടുള്ളത്. പാട്ടകാലാവധിയുടെ മൊത്തം വാടക 7.72 കോടി രൂപയുമാണ്. 2023 ജൂലായ് 26-നാണ് ഇതുസംബന്ധിച്ച കരാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2021 ജനുവരിയില്‍ ടെസ്ലയുടെ ഇന്ത്യൻ വിഭാഗം ബെംഗളുരുവില്‍ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല.