അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യാഥാർഥ്യവും അഭ്യൂഹങ്ങളുമായി ഇക്കാര്യത്തില്‍ നിരവധി അപ്ഡേഷനുകളും പുറത്തുവന്നിരുന്നു.
ഒടുവില്‍ ഈ പദ്ധതി ടെസ്ല ഉപേക്ഷിച്ചെന്നും ഇനി ഇന്ത്യയിലേക്ക് ഇല്ലെന്നുമുള്ള വാർത്തകള്‍ പോലും വന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുമായി വരെ ചർച്ച നടത്തിയ ടെസ്ലയുടെ ‘പ്ലാൻ ഇന്ത്യ’ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ട്.
ഇന്ത്യയില്‍ പ്രവർത്തനം ആരംഭിക്കുന്നതിനായി ഷോറൂം സ്പേസിനുള്ള തിരച്ചില്‍ ടെസ്ല ആരംഭിച്ചുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആദ്യ ഷോറൂം തുറക്കാനാണ് ടെസ്ലയുടെ പദ്ധതി.
ഇതിനായി ഇന്ത്യയിലെ മുൻനിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പ്മെന്റ് കമ്ബനിയായ ഡി.എല്‍.എഫുമായി ടെസ്ല അധികൃതർ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. മറ്റ് കമ്ബനികളോടും ഇത് സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
കസ്റ്റമർ എക്സ്പീരിയൻസ് സെന്റർ, ഡെലിവറി ആൻഡ് സർവീസ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി 3000 മുതല്‍ 5000 സ്ക്വയർ ഫീറ്റ് വരെ വലിപ്പമുള്ള സ്ഥലമാണ് ടെസ്ലയ്ക്ക് വേണ്ടത്. ഡല്‍ഹിയിലെ ഡി.എല്‍.എഫ്.
അവന്യു മാള്‍, ഗുരുഗ്രാമിലെ സൈബർ ഹബ്ബ് ഓഫീസ് ആൻഡ് റീട്ടെയ്ല്‍ കോംപ്ലക്സ് തുടങ്ങിയ സ്ഥലങ്ങളാണ് ഷോറൂമിനായി ടെസ്ല പ്രധാന പരിഗണന നല്‍കിയിട്ടുള്ള സ്ഥലങ്ങള്‍. അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്.
2021ലാണ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ടെസ്ല പ്രധാന ഉപാധി മുന്നോട്ട് വെച്ചത്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്നായിരുന്നു ടെസ്ല പ്രധാനമായി ഉന്നയിച്ച ആവശ്യം.
എന്നാല്‍, ഇത് കേന്ദ്ര സർക്കാർ തള്ളുകയായിരുന്നു. എന്നാല്‍, 2023 ഓഗസ്റ്റില്‍ പ്രദേശികമായി പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാമെന്ന് സർക്കാർ ടെസ്ലയെ അറിയിക്കുകയായിരുന്നു. ഇതുവഴി ടെസ്ലയുടെ എല്ലാ മോഡലുകളും ഇന്ത്യയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രദേശികമായി വാഹനങ്ങള്‍ നിർമിക്കാൻ സന്നദ്ധമായ കമ്ബനികള്‍ക്ക് പ്രാഥമിക ഘട്ടത്തില്‍ ഇറക്കുമതി തീരുവയില്‍ കാര്യമായ കുറവ് നല്‍കുന്നതും സർക്കാർ പദ്ധതികളില്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍.
അതേസമയം, ഈ നിർമാതാക്കള്‍ ഇന്ത്യയില്‍ പ്രവർത്തനം ആരംഭിക്കണം, കൂടുതല്‍ പാർട്സുകള്‍ പ്രദേശികമായി വികസിപ്പിക്കണം തുടങ്ങിയ ഉപാധികളോടെ ആയിരിക്കും ഇളവുകള്‍ നല്‍കുക. ഈ നിർദേശങ്ങളില്‍ വീഴ്ച വരുത്താതിരിക്കുന്നതിന് ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെയുള്ളവയും ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്.
പുതിയ ഇലക്‌ട്രിക് വാഹന നയം അനുസരിച്ച് പ്രതിവർഷം 8000 യൂണിറ്റ് മാത്രമാണ് ഇളവുകളോടെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാൻ അനുവദിച്ചിട്ടുള്ളത്.
ഈ ഇളവ് ഉപയോഗപ്പെടുത്തുന്ന കമ്ബനികള്‍ മൂന്ന് വർഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിർമാണം ആരംഭിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. 4150 കോടി രൂപയുടെ നിക്ഷേപമാണ് കമ്ബനികള്‍ നടത്തേണ്ടത്.
മൂന്ന് വർഷംകൊണ്ട് 30 ശതമാനവും അഞ്ച് വർഷംകൊണ്ട് 50 ശതമാനവും ഘടകങ്ങള്‍ ഇന്ത്യൻ നിർമിക്കണമെന്നും ഇ.വി നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.