
ഇന്ത്യൻ വാഹന വിപണിക്കുള്ള മേധാവിത്വം മാരുതി സുസുക്കിക്ക് ഇതുവരെയും കൈമോശം വന്നിട്ടില്ല. മൊത്തവില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കിക്ക് പക്ഷെ 2024 വലിയൊരു നഷ്ടത്തിന്റെ വർഷമാണ്.
വാഗണ്‍ആർ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളെ പിൻതള്ളി ഏറ്റവും അധികം വിറ്റഴിക്കുന്ന മോഡല്‍ എന്ന ഖ്യാതി ടാറ്റ മോട്ടോഴ്സിന്റെ മൈക്രോ എസ്.യു.വി. മോഡലായ പഞ്ച് സ്വന്തമാക്കിയിരിക്കുകയാണ്. 40 വർഷത്തിന് ശേഷമാണ് മാരുതിയുടേത് അല്ലാത്ത ഒരു മോഡല്‍ ഈ നേട്ടത്തിലെത്തുന്നത്.
പഞ്ചിന്റെ 2,02,030 യൂണിറ്റാണ് 2024-ല്‍ ഇന്ത്യൻ നിരത്തുകളില്‍ ഇറങ്ങിയത്. 1,90,855 യൂണിറ്റുകള്‍ വിറ്റഴിച്ച മാരുതി സുസുക്കിയുടെ വാഗണ്‍ആറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പഞ്ച് ആദ്യ സ്ഥാനം കൈയടക്കിയത്.
മൂന്ന്, നാല് സ്ഥാനങ്ങളിലും മാരുതി സുസുക്കിയുടെ അപ്രതീക്ഷിത മോഡലുകളാണെന്നതും ശ്രദ്ധേയമാണ്. 1,90,091 യൂണിറ്റിന്റെ വില്‍പ്പനയോടെ എർട്ടിഗ എം.പി.വിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 1,88,160 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബ്രെസ നാലാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനം ക്രെറ്റയ്ക്കാണ്.
പഞ്ചിന്റെ വില്‍പ്പനയിലുണ്ടായ നേട്ടം ഹ്യുണ്ടായിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന് ഹ്യുണ്ടായിയുടെ പേരിനൊപ്പം ചാർത്തിയിരുന്ന വിശേഷണം ഡിസംബർ മാസത്തില്‍ ഹ്യുണ്ടായിക്ക് കൈമോശം വന്നിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് 2024-ല്‍ വില്‍പ്പനയില്‍ 1.7 ശതമാനത്തിന്റെ വർധനവാണ് ടാറ്റ മോട്ടോഴ്സിന് ഉണ്ടായിരിക്കുന്നത്. 2023 ഡിസംബറില്‍ 43,471 യൂണിറ്റായിരുന്നു ടാറ്റ വിറ്റഴിച്ചതെങ്കില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ 44,221 യൂണിറ്റായി വില്‍പ്പന ഉയർന്നു.
ഡിസംബറില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ ഹ്യുണ്ടായി 42,208 യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചത്. 2023 ഡിസംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 1.3 ശതമാനം ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍, ആഭ്യന്തര വാർഷിക വില്‍പ്പനയില്‍ ഹ്യുണ്ടായിക്ക് റെക്കോഡ് നേട്ടമാണുണ്ടായിരിക്കുന്നത്. 6,05,433 വാഹനങ്ങളാണ് 2024-ല്‍ ഹ്യുണ്ടായി ഇന്ത്യയില്‍ വിറ്റഴിച്ചത്. ഹ്യുണ്ടായി മോഡലുകളില്‍ ടോപ്പ് സെല്ലിങ്ങ് മോഡല്‍ പട്ടം ക്രെറ്റയ്ക്ക് ലഭിച്ചപ്പോള്‍ ഗ്രാന്റ് ഐ10, എക്സ്റ്റർ മോഡലുകളും പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലെത്തി.
ഇന്ത്യയിലെ വാഹന വില്‍പ്പനയുടെ ചരിത്രത്തിലേക്ക് നോക്കിയാലും മാരുതി മേധാവിത്വം വ്യക്തമാണ്. 1957 മുതല്‍ 1984 വരെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസഡറായിരുന്നു തുടർച്ചയായി ഒന്നാം സ്ഥാനത്ത്.
1985 മുതല്‍ മാരുതി ഒന്നാം സ്ഥാനത്തെത്തി. 1985-2004 കാലയളവില്‍ ‘മാരുതി 800’ എന്ന മോഡലായിരുന്നു രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ചത്. 2005 മുതല്‍ 2017 വരെ മാരുതി ആള്‍ട്ടോ ആ സ്ഥാനത്തെത്തി. പിന്നീടുള്ള വർഷങ്ങളില്‍ സ്വിഫ്റ്റും ഡിസയറും വാഗണ്‍ ആറുമൊക്കെ മാറിമാറി വന്നു.