
മുംബൈ: ഇന്ത്യൻ പ്രാഥമിക വിപണി അപൂർവ്വമായൊരു ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന്, ഒരൊറ്റ ദിവസം മാത്രം ആറ് മെയിൻബോർഡ് ഐ.പി.ഒകളാണ് നിക്ഷേപകരുടെ മുന്നിലേക്ക് എത്തുന്നത്. പ്രൈം ഡാറ്റാബേസിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 30 വർഷത്തിനിടെ (1996 ഒക്ടോബർ 14-ന് ശേഷം) ഇതാദ്യമായാണ് ഒരേ ദിവസം തന്നെ ആറ് ഐ.പി.ഒകൾ പ്രാഥമിക വിപണിയിലെത്തുന്നത്.
വിപണിയുടെ വളർച്ച
ഇന്ന് പ്രാഥമിക വിപണിയിലെത്തുന്ന ആറ് കമ്പനികളും ചേർന്ന് ആകെ 4,386 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. റെന്റോമോജോ ലിമിറ്റഡ്, അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഇന്ത്യ ലിമിറ്റഡ്, മണിപ്പാൽ പേയ്‌മെന്റ് & ഐഡന്റിറ്റി സൊലൂഷൻസ്, സ്റ്റീംഹൗസ് ഇന്ത്യ, എൽ.സി.സി പ്രോജക്ട്സ്, കർമതാര എൻജിനീയറിംഗ് എന്നിവയാണ് ഈ കമ്പനികൾ.
30 വർഷം മുൻപത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ, പ്രാഥമിക വിപണിയുടെ വ്യാപ്തി എത്രയധികം മാറിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.1996-ൽ ഒരൊറ്റ ദിവസം വന്ന ആറ് ഐ.പി.ഒകളും ചേർന്ന് ആകെ 22 കോടി രൂപ മാത്രമാണ് സമാഹരിച്ചിരുന്നത്.
എന്നാൽ ഈ വ്യാപാര ആഴ്ചയിൽ (സെപ്റ്റംബർ 7-11) മാത്രം മൊത്തം 12 മെയിൻബോർഡ് ഐ.പി.ഒകളിലായി 7,180 കോടി രൂപയുടെ പബ്ലിക് ഇഷ്യൂകളാണ് അരങ്ങേറുന്നത്.
ഐ.പി.ഒ പ്രളയത്തിന് പിന്നിൽ?
മ്യൂച്വൽ ഫണ്ടുകളിലേക്ക് മാസംതോറും ഒഴുകിയെത്തുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള ശതകോടിക്കണക്കിന് രൂപയുടെ നിരന്തര നിക്ഷേപമാണ്, ഇത്രയധികം കമ്പനികൾ ഒരേസമയം പ്രാഥമിക വിപണിയിലെത്തുന്നതിനു പിന്നിലുള്ള പ്രധാന ചാലകശക്തി.
സെക്കൻഡറി വിപണിയിൽ മാത്രം ഈ ഭീമമായ തുക പൂർണമായി വിന്യസിക്കാൻ പരിമിതികൾ ഉള്ളതിനാൽ പുതിയ ഓഹരികളുടെ വരവ് അനിവാര്യമായി മാറുന്നു. വിപണിയിൽ നിലവിലുള്ള സാമ്പത്തിക അന്തരീക്ഷം അനുകൂലമായിരിക്കുമ്പോൾ, മൂലധനം സമാഹരിക്കാനുള്ള കമ്പനികളുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗം കൂടിയാണിത്.
വിപണിയിലെ തന്ത്രപരമായ മാറ്റം
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ലിസ്റ്റ് ചെയ്ത ഓഹരികൾ വിറ്റഴിച്ച് പണം, പ്രാഥമിക വിപണിയിലേക്ക് എത്തുന്ന പുതിയ കമ്പനികളുടെ പബ്ലിക് ഇഷ്യൂകളിലേക്ക് മാറ്റുന്നത് സെക്കൻഡറി വിപണിയിൽ താൽക്കാലിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്.
സെക്കൻഡറി വിപണിയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സമീപകാലത്ത് ലിസ്റ്റ് ചെയ്ത ചില കമ്പനികളുടെ ഓഹരികൾ നൽകിയ ഉയർന്ന ലിസ്റ്റിംഗ് നേട്ടങ്ങളാണ് നിക്ഷേപകരെ വീണ്ടും ഐ.പി.ഒകളിലേക്ക് ആകർഷിക്കുന്നത്.
എന്നാൽ ഐ.പി.ഒകളിൽ വലിയൊരു ഭാഗം തുകയും കമ്പനിയുടെ വികസനത്തിനല്ല ഉപയോഗിക്കുന്നത് എന്നത് മറ്റൊരു പ്രധാന വസ്തുതയാണ്. നിലവിലുള്ള ഓഹരി ഉടമകളും പ്രൊമോട്ടർമാരും അവരുടെ കൈവശമുള്ള നിശ്ചിതഭാഗം ഓഹരികൾ വിറ്റ് പണമാക്കാനുള്ള (ഓഫർ ഫോർ സെയിൽ) അവസരമായാണ് പല കമ്പനികളും ഇതിനെ ഉപയോഗിക്കുന്നത്. അതായത് ഭാവിയിൽ ലഭിച്ചേക്കാനിടയില്ലാത്ത ഉയർന്ന വില ഇപ്പോൾ നേടിയെടുക്കാനാണ് പ്രൊമോട്ടർമാരുടെ ശ്രമമെന്ന് സാരം.
നിക്ഷേപകർ പാലിക്കേണ്ട ജാഗ്രത
വരുന്ന ദിവസങ്ങളിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻ.എസ്.ഇ) ഐ.പി.ഒ കൂടി വരുന്നതോടെ പ്രാഥമിക വിപണിയിലെ തിരക്ക് തുടരുമെന്നാണ് വിലയിരുത്തൽ. നിക്ഷേപകർ ജാഗ്രത പാലിക്കേണ്ട സമയമാണിത്.
പുതിയ ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ കമ്പനികളുടെ സാമ്പത്തിക അടിത്തറ, വിപണിയിലെ യഥാർത്ഥ മൂല്യം, സമാഹരിക്കുന്ന തുക കമ്പനി എന്തിനാണ് വിനിയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്.
എന്തായാലും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ദിവസത്തെ ലാഭം മാത്രം ലക്ഷ്യമിടാതെ, കമ്പനികളുടെ സാമ്പത്തിക ഭദ്രതയും വാല്യുവേഷനും ഒക്കെ സൂക്ഷ്മമായി വിലയിരുത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് നിക്ഷേപകർ ചെയ്യേണ്ടത്.






