
കൊച്ചി: 2022 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായം 42.7 ശതമാനം വർധിച്ച് 2,061 കോടി രൂപയായതായി അറിയിച്ച് പ്രമുഖ ഫാർമ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഈ കാലയളവിൽ വിപണിയിലുടനീളം കമ്പനി മികച്ച വിൽപ്പന നടത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 1,444.2 കോടി രൂപയായിരുന്നു.
അവലോകന കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 10.7 ശതമാനം ഉയർന്ന് 10,762 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 9,718.7 കോടി രൂപയായിരുന്നു. പ്രവർത്തന തലത്തിൽ, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇബിഐടിഡിഎ 2.2 ശതമാനം ഉയർന്ന് 2,884 കോടി രൂപയിലെത്തിയപ്പോൾ, ഇബിഐടിഡിഎ മാർജിൻ 26.8 ശതമാനമായിരുന്നു.
ആദ്യ പാദത്തിൽ കമ്പനിയുടെ ഇന്ത്യൻ ഫോർമുലേഷനുകളുടെ വിൽപ്പന 13 ശതമാനം ഉയർന്ന് 3,387 കോടി രൂപയായിരുന്നപ്പോൾ, യുഎസിലെ ഫോർമുലേഷൻ വിൽപ്പന 420 മില്യൺ ഡോളറായിരുന്നു, ഇത് 2021 ജൂൺ പാദത്തേക്കാൾ 10.7 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം ഏകീകൃത വിൽപ്പനയുടെ 32 ശതമാനവും ഇന്ത്യൻ ഫോർമുലേഷൻ വിൽപ്പനയാണ്. അതേപോലെ, വളർന്നുവരുന്ന വിപണികളിലെ സൺ ഫാർമയുടെ വിൽപന 245 മില്യൺ ഡോളറായിരുന്നു. കൂടാതെ വളർന്നുവരുന്ന വിപണികളിലെ മൊത്തത്തിലുള്ള വിൽപ്പന മൊത്തം ഏകീകൃത വിൽപ്പനയുടെ 18 ശതമാനമാണ്.