ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കേരള ബാങ്കിലെ എല്ലാ വിവരങ്ങളും വിവരാവകാശ പരിധിയിലെന്ന് ഉത്തരവ്

തിരുവനന്തപുരം: കേരള ബാങ്കിന്റെ(Kerala Bank) സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിൻറെ(Right to Information Act) പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവായി.

കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തർക്കത്തിൽ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകൾ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടർന്നാണ് ഉത്തരവ്. വായ്പ എടുത്ത ശൂരനാട് തെക്കുള്ള കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിട്ട് വസ്തു വകകൾ ജപ്തിചെയ്തതും തുടർന്ന് യുവതി ആത്മഹത്യ ചെയ്തതുമായ സംഭവത്തിലെ രേഖകളാണ് ബാങ്ക് മറച്ചു വച്ചത്.

രേഖകൾ വിവരാവകാശ നിയമപ്രകാരം നല്കണമെന്ന ആലപ്പുഴ ചാരുമ്മൂട് പൂക്കോയ്ക്കൽ വി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വിവരാവകാശ നിയമം കേരള ബാങ്കിന് ബാധകമല്ലെന്ന് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.

അതേസമയം പതാരം ശാഖയിൽ അന്വേഷിക്കപ്പെട്ട രേഖകൾ വിവരാവകാശ നിയമം എട്ടാം ഖണ്ഡിക പ്രകാരം തരേണ്ടതില്ലാത്തതാണെന്നും മറുപടിയിൽ പറഞ്ഞു. ഇതിനെതിരെയുള്ള ഹരജി പരിഗണിച്ച വിവരാവകാശ കമ്മിഷൻ ബാധകമല്ലെന്ന് പറഞ്ഞ അതേ നിയമം ഉദ്ധരിച്ച് വിവരം നിഷേധിച്ചത് വൈരുദ്ധ്യമാണെന്ന് കണ്ടെത്തി.

സംസ്ഥാന സർക്കാർ ഉത്തരവിലൂടെ നിലവിൽ വന്നതും ആകെ 2159.03 കോടി രൂപ മൂലധമുള്ളതും അതിൽ സർക്കാറിൻറെ 906 കോടി രൂപ ഓഹരിയുള്ളതം 400 കോടിരൂപ സർക്കാറിൻറെ അധികമൂലധനമുള്ളതുമായ കേരള ബാങ്കിൻറെ പ്രവർത്തനം സംബന്ധിച്ച് അറിയാൻ പൗരന് അവകാശമുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ. എ അബ്ദുൽ ഹക്കിം ഉത്തരവായി.

സർക്കാറിൻറെ ഓഹരിധനം കേരള ബാങ്കിന് അനിവാര്യമായിരിക്കെ കേരള ബാങ്ക് വിവരാവകാശ നിയമ പ്രകാരം പൊതു അധികാര സ്ഥാനമാണെന്നും ഓരോ ശാഖയുടെയും മാനേജർ അവിടുത്തെ പൊതു അധികാരിയാണെന്നും ഒടുവിൽ കേരള ബാങ്കിൽ ലയിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും വിധി ബാധകമാണെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.

പൗരന്മാർക്ക് വിവരം നൽകാൻ കേരള ബാങ്ക് എന്ന കേരള സംസ്ഥാന സഹകരണ ബാങ്കിന് ബാധ്യതയുണ്ട്. അതിനാൽ ഒരാഴ്ചയ്ക്കകം വി.രാജേന്ദ്രന് വിവരം നല്കിയ ശേഷം ആഗസ്റ്റ് 14 നകം കേരള ബാങ്ക് നടപടി റിപ്പോർട്ട് കമ്മിഷന് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

ഈ ഉത്തരവിലൂടെ രാജ്യത്തെ ഏത് പൗരനും കേരള ബാങ്കിൽ വിവരാവകാശ അപേക്ഷ സമർപ്പിച്ചാൽ ബാങ്ക് വിവരം നല്കണം.

X
Top