
ന്യൂയോർക്ക്: ഇന്ത്യൻ സായുധ സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്ന അതിനിർണായകമായ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി യുഎസ് ഭരണകൂടം.
അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കും എം 777 അൾട്രാ ലൈറ്റ് ഹോവിറ്റ്‌സർ പീരങ്കികൾക്കുമുള്ള രണ്ട് വൻ സാങ്കേതിക,പ്രതിരോധ പാക്കേജുകൾക്കാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയത്. 428.2 മില്യൺ യുഎസ് ഡോളർ മൂല്യം വരുന്നതാണ്(ഫോളോ‑ഓൺ സപ്പോർട്ട്) ഈ തന്ത്രപ്രധാന ഇടപാടുകൾ.
അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് പുത്തൻ കരുത്ത്
ഒന്നാമത്തെ പാക്കേജ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള എഎച്ച്-64ഇ (AH-64E) അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകളുടെ പ്രവർത്തനക്ഷമതയും സാങ്കേതിക പിന്തുണയും വർദ്ധിപ്പിക്കുന്നതിനുള്ളതാണ്.
ലോകത്തിലെ ഏറ്റവും മാരകമായ അറ്റാക്ക് ഹെലികോപ്റ്ററുകളായ അപ്പാച്ചെകളുടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ അനുബന്ധ ഉപകരണങ്ങൾ, ഫോളോഓൺ സപ്പോർട്ട് സർവീസുകൾ എന്നിവ ഈ പാക്കേജിലൂടെ ഇന്ത്യയ്ക്ക് ലഭ്യമാകും. പ്രതിരോധ രംഗത്തെ പ്രമുഖ കമ്പനികളായ ബോയിങ് , ലോക്ഹീഡ് മാർട്ടിൻ എന്നിവരാണ് ഈ കരാറിന്റെ പ്രധാന പങ്കാളികൾ.
ലഡാക്ക് അതിർത്തിയിലെ കാവൽക്കാരന് യുഎസ് പിന്തുണ
കരസേനയുടെ കരുത്തായ എം-777 എ2 (M777 A2) അൾട്രാ ലൈറ്റ് ഹോവിറ്റ്‌സർ പീരങ്കികളുടെ ദീർഘകാല പരിപാലനത്തിനായുള്ളതാണ് രണ്ടാമത്തെയും ഏറ്റവും വലിയതുമായ പാക്കേജ്. ചൈനീസ് അതിർത്തിയായ ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും പ്രകൃതിദുർഘടമായ മലനിരകളിൽ ഇന്ത്യ വ്യാപകമായി വിന്യസിച്ചിരിക്കുന്ന പീരങ്കികളാണിവ.
അത്യാധുനിക പീരങ്കികൾക്കായുള്ള സ്പെയർ പാർട്സുകൾ, തകരാർ പരിഹരിച്ച് നൽകാനുള്ള സൗകര്യങ്ങൾ, സാങ്കേതിക സഹായം, ഫീൽഡ് സർവീസ് പ്രതിനിധികളുടെ പിന്തുണ, ഡിപ്പോ ശേഷി വർദ്ധിപ്പിക്കൽ, മറ്റ് ലോജിസ്റ്റിക്സ് പ്രോഗ്രാം പിന്തുണ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുന്നു.
ബിഎഇ സിസ്റ്റംസ് (BAE Systems) എന്ന പ്രമുഖ കമ്പനിക്കാണ് ഇതിന്റെ നിർമ്മാണ ചുമതല. ഇന്ത്യയ്ക്ക് ഈ പീരങ്കികളുടെ ആദ്യ ബാച്ച് യുഎസിൽ നിന്ന് ലഭിക്കുന്നത് 2017-ലാണ്.
എന്തുകൊണ്ട് ഈ പ്രതിരോധ ഇടപാട് ഇന്ത്യയ്ക്ക് നിർണായകം?
ചൈനയും പാക്കിസ്ഥാനുമായും അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സൈന്യത്തിന്റെ ആയുധങ്ങളുടെ പ്രവർത്തനക്ഷമത എപ്പോഴും ഉറപ്പുവരുത്തേണ്ടതുണ്ട്.
സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാം: യുദ്ധവിമാനങ്ങളും പീരങ്കികളും വാങ്ങുന്നത് പോലെ തന്നെ പ്രധാനമാണ് അവയുടെ കൃത്യമായ അറ്റകുറ്റപ്പണികളും സ്പെയർ പാർട്സുകളുടെ ലഭ്യതയും. യുഎസിന്റെ ഈ പുതിയ സഹായത്തോടെ ഇന്ത്യൻ ആയുധങ്ങൾക്ക് യാതൊരുവിധ സാങ്കേതിക തടസ്സങ്ങളും വരും വർഷങ്ങളിൽ ഉണ്ടാകില്ല.
അമേരിക്കൻ കോൺഗ്രസിന്റെ അന്തിമ അനുമതിക്കായി ബ്യൂറോ ഓഫ് പൊളിറ്റിക്കൽ-മിലിട്ടറി അഫയേഴ്‌സ് ഈ രണ്ട് നിർദ്ദേശങ്ങളും പ്രത്യേക അറിയിപ്പുകളായി സമർപ്പിച്ചിട്ടുണ്ട്.
ഏഷ്യ-പസഫിക് മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഇന്ത്യൻ സായുധ സേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുന്നതിനും ഈ തന്ത്രപ്രധാന ഇടപാട് വലിയ രീതിയിൽ സഹായകരമാകും.






