![](https://www.livenewage.com/wp-content/uploads/2025/01/Sriram-Finance.webp)
ശ്രീറാം ഫിനാന്‍സിന്റെ ഓഹരി 1:5 എന്ന അനുപാതത്തില്‍ വിഭജിക്കുന്നു. ജനുവരി 10 ആണ് ഓഹരി വിഭജനത്തിനുള്ള റെക്കോഡ് തീയതി.
ഇന്നലെ വരെ വാങ്ങിയ ഓഹരികള്‍ക്ക് വിഭജനം ബാധകമാണ്. 10 രൂപ ഫേസ് വാല്യുവുള്ള ഓഹരി രണ്ട് രൂപ ഫേസ് വാല്യുവുള്ള അഞ്ച് ഓഹരികളായാണ് വിഭജിക്കുന്നത്. അതായത് ഇന്നലെ വരെ വാങ്ങിയ ഓഹരികള്‍ ഇന്ന് അഞ്ച് ഓഹരികളായി വിഭജിക്കപ്പെടും.
ശ്രീറാം ഫിനാന്‍സിന് ഓഹരി വിഭജനത്തിനുള്ള ഓഹരിയുടമകളുടെ അനുമതി ഡിസംബറില്‍ പോസ്റ്റല്‍ ബാലറ്റിലൂടെ ലഭിച്ചിരുന്നു. ഓഹരി വിഭജനം പ്രത്യക്ഷത്തില്‍ ഓഹരിയുടെ വിപണിയിലെ പ്രകടനത്തെ ബാധിക്കുന്ന കാര്യമല്ല.
എന്നാല്‍ ചില്ലറ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിഭജനം ഓഹരികള്‍ താങ്ങാവുന്ന വിലയില്‍ വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. കമ്പനിയുടെ വിപണിമൂല്യത്തില്‍ മാറ്റമുണ്ടാകില്ലെങ്കിലും ഓഹരി വിഭജിക്കുന്നതോടെ വ്യാപാരം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. കൂടുതല്‍ ചില്ലറ നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാന്‍ വഴിയൊരുങ്ങും.
ആദ്യമായാണ് ശ്രീറാം ഫിനാന്‍സിന്റെ ഫേസ് വാല്യു വിഭജിക്കുന്നത്. 2900 രൂപ നിലവാരത്തിലാണ് ഈ ഓഹരി ഇന്നലെ വ്യാപാരം ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ശ്രീറാം ഫിനാന്‍സ് ഓഹരി വില 31.2 ശതമാനമാണ് ഉയര്‍ന്നത്.
അതേ സമയം കഴിഞ്ഞ മൂന്ന് മാസ കാലയളവില്‍ 13.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസം കൊണ്ട് 7.8 ശതമാനമാണ് ഇടിഞ്ഞത്.