ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സോണി-സീ ലയനം വൈകുമെന്ന് റിപ്പോർട്ട്

മുംബൈ: സോണി-സീ ലയനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. കൾവർ മാക്‌സ് എന്റർടൈൻമെന്റ് (Sony Pictures Networks India), സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് (Zee) എന്നിവ തമ്മിലുള്ള ലയനം വൈകുമെന്നാണ് ജപ്പാനിലെ സോണി ഗ്രൂപ്പ് വെള്ളിയാഴ്‌ച പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചത്.

“ഈ ഇടപാട് 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്, എന്നാൽ നിലവിലെ തയ്യാറെടുപ്പിന്റെ അടിസ്ഥാനത്തിൽ, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” സോണി പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.

2023 സെപ്‌റ്റംബർ അവസാനത്തോടെ നടപടികൾ പൂർത്തീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സീ ഉൾപ്പെടുന്ന നിയമപരമായ ചില സങ്കീർണതകൾ കാരണം ലയനത്തിന്റെ സമയപരിധി നീട്ടിയിരുന്നു.

സീ ഗ്രൂപ്പിനെതിരെ വിവിധ വായ്‌പാ ദാതാക്കൾ ഉന്നയിച്ച എതിർപ്പുകൾ നിരസിച്ചുകൊണ്ട് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) ഓഗസ്‌റ്റിൽ ലയനത്തിന് അനുമതി നൽകിയിരുന്നു.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പുനീത് ഗോയങ്കയ്‌ക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സീ എന്റർടൈൻമെന്റ് ഉൾപ്പെടെയുള്ള നാല് സീ ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു. എന്ന് മാത്രമല്ല, ലയനത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട ഒരു സ്ഥാപനത്തിലും ഡയറക്‌ടർ സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്നും ഗോയങ്കയെ വിലക്കിയിട്ടുണ്ട്.

2021ലാണ് സോണിയുടെ ഇന്ത്യ യൂണിറ്റുമായുള്ള ലയനം സീ ഗ്രൂപ്പ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ലിസ്‌റ്റ് ചെയ്‌ത ഏതെങ്കിലും കമ്പനിയുടെ ഡയറക്‌ടർ സ്ഥാനങ്ങളിൽ പുനീത് ഗോയങ്കയെ വിലക്കിയ സെബിയുടെ ഇടക്കാല ഉത്തരവ് കാരണം ലയന നടപടികൾക്ക് കാലതാമസം നേരിടുകയാണ്.

ലയനത്തെത്തുടർന്ന് മാനേജിംഗ് ഡയറക്‌ടർ എന്ന നിലയിൽ ഗോയങ്കയുടെ ഭാവി ചുമതല സെബി അംഗീകരിച്ചെങ്കിലും, ഫണ്ട് വഴിതിരിച്ചുവിട്ടതായി ആരോപിക്കപ്പെടുന്ന കേസിലെ അന്വേഷണം പൂർത്തിയാവാത്തതിനാൽ, സീയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സെബി അന്വേഷണം മൂലം ലയന പ്രക്രിയ കൂടുതൽ നീളാൻ സാധ്യതയുണ്ട്. സെബിയുടെ അന്വേഷണം അവസാനിച്ചതിന് ശേഷം മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.

X
Top