
മുംബൈ: 0.8 ശതമാനത്തോളം കൂട്ടിച്ചേര്‍ത്ത് ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 491.01 പോയിന്റ് (0.85 ശതമാനം) ഉയര്‍ന്ന് 58410.98 ലും നിഫ്റ്റി 126.10 പോയിന്റ് (0.73 ശതമാനം) ഉയര്‍ന്ന് 17311.80 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. ബാങ്ക് സൂചികകള്‍, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്ക് സൂചിക 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോള്‍ ലോഹം, മാധ്യമം, റിയാലിറ്റി എന്നീ മേഖലകള്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടു.
ഫിനാന്‍സ്, ഓട്ടോ സൂചികകള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഓഹരികളില്‍ എസ്ബിഐ, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, എന്‍ടിപിസി എന്നിവയാണ് നേട്ടമുണ്ടാക്കിയവയുടെ പട്ടികയില്‍ മുന്നില്‍. അതേസമയം ഹിന്‍ഡാല്‍കോ 2 ശതമാനത്തിലധികവും ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ ആന്‍ഡ് ടി എന്നിവ ഒരു ശതമാനത്തിലധികവും ഇടിഞ്ഞു.
ഏഷ്യന്‍ സൂചികകള്‍ സമ്മിശ്രപ്രകടനം കാഴ്ചവച്ച ദിനമാണ് കടന്നുപോകുന്നത്. ടോക്കിയോ നിക്കൈ 1.16% താഴ്ചവരിച്ചപ്പോള്‍ ഹോങ്കോങ്, ചൈനീസ് ഓഹരികള്‍ പോസിറ്റീവായി. ഹാങ് സെങ് സൂചിക 0.15 ശതമാനവും ഷാങ്ഹായ് കോമ്പോസിറ്റ് 0.42 ശതമാനവും ഉയരുകയും ചെയ്തു.
മാന്ദ്യ സൂചനകള്‍ക്കിടയില്‍ യൂറോപ്പ് ഷെയര്‍, ബോണ്ട്, കറന്‍സി വിപണികള്‍ ഉയര്‍ന്നത് ശ്രദ്ധനേടി.






