
വാഷിങ്ടൺ: റഷ്യക്കെതിരായ ഉപരോധ ബില്ലിൽ ഭേദഗതികൾ വരുത്താനുള്ള നീക്കങ്ങൾ ഊർജിതമാക്കി അമേരിക്കൻ ജനപ്രതിനിധികൾ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ നൂറ് ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ പ്രസിഡൻ്റിന് അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ബിൽ പാസാക്കാനുള്ള ശ്രമത്തിലാണ് യുഎസ് കോൺഗ്രസ്.
കഴിഞ്ഞ മാസം യുഎസ് സെനറ്റ് 86-11 എന്ന വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പാസാക്കിയ ‘ലിൻഡ്സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട്’ ആണ് ഇപ്പോൾ ജനപ്രതിനിധി സഭയുടെ പരിഗണനയിലുള്ളത്. റഷ്യൻ ഭരണനേതൃത്വത്തിനും ഊർജ മേഖലയ്ക്കും പുറമെ, എണ്ണ വിതരണത്തിന് ഉപരോധം മറികടക്കാൻ മോസ്കോയെ സഹായിക്കുന്ന നിഴൽ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.
റഷ്യയുടെ അസംസ്കൃത എണ്ണ വ്യാപാരത്തിൽ നിന്നുള്ള വരുമാനമാണ് യുക്രെയ്നെതിരായ യുദ്ധത്തിന് പണം കണ്ടെത്താൻ സഹായിക്കുന്നതെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ഇതിന് തടയിടുന്നതിൻ്റെ ഭാഗമായി റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന ചൈന, ഇന്ത്യ ഉൾപ്പെടെയുള്ള മുൻനിര രാജ്യങ്ങൾക്ക് മേൽ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥയെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് ഏഴിന് യുഎസ് സെനറ്റ് പാസാക്കിയ ബില്ലിൽ റഷ്യയുടെ വ്യാപാര പങ്കാളികളുടെ പേര് പരാമർശിച്ചിരുന്നില്ല. പകരം ഏറ്റവും കൂടുതൽ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങൾ എന്ന് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം സ്റ്റെനി ഹോയർ അവതരിപ്പിച്ച പുതിയ ഭേദഗതിയിൽ രാജ്യങ്ങളുടെ പേരുകൾ കൃത്യമായി എടുത്തുപറയുന്നുണ്ട്.
ചൈന, ഇന്ത്യ, തുർക്കി, അസർ ബൈജാൻ, ഹംഗറി, സ്ലോവാക് റിപ്പബ്ലിക്, യുഎഇ, സിംഗപ്പൂർ, കസാഖ്സ്ഥാൻ, കിർഗിസ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളെ 100 ശതമാനം തീരുവയ്ക്ക് അർഹരായവരായി പ്രഖ്യാപിക്കണമെന്നാണ് ഈ ഭേദഗതിയിലെ ആവശ്യം. പ്രസിഡൻ്റ് ഒപ്പുവയ്ക്കുന്നതിന് മുൻപ് ജനപ്രതിനിധി സഭ കൂടി ഈ ബിൽ പാസാക്കേണ്ടതുണ്ട്.
നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി സഭ പിരിയുന്നതിന് മുൻപ് ഇനി നാല് പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ജനപ്രതിനിധി സഭയ്ക്ക് ബാക്കിയുള്ളത്.
ഉപരോധ ബില്ലിലെ മറ്റ് ഭേദഗതികൾ
അതേസമയം, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനെ ശക്തമായി എതിർക്കുന്ന ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഗ്രിഗറി മീക്സ് മറ്റൊരു ഭേദഗതി അവതരിപ്പിച്ചിട്ടുണ്ട്.
റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ വ്യാപകമായ രീതിയിൽ തീരുവ ചുമത്താൻ പ്രസിഡൻ്റിന് അധികാരം നൽകുന്ന ബില്ലിലെ 113-ാം വകുപ്പ് പൂർണ്ണമായും റദ്ദാക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം.
മൂന്ന് പേരുടെ പിന്തുണയോടെയാണ് മീക്സ് ഈ ഭേദഗതി അവതരിപ്പിച്ചത്. റഷ്യൻ ഉപരോധ നിയമത്തിലെ ഈ ഭേദഗതികൾ തിങ്കളാഴ്ച ഹൗസ് റൂൾസ് കമ്മിറ്റി പരസ്യപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെങ്കിൽ, വിദേശ വ്യക്തികൾക്ക് ബാധകമായ ഉപരോധങ്ങളിൽ 90 ദിവസത്തേക്ക് ഇളവ് അനുവദിക്കാൻ പ്രസിഡൻ്റിനെ അനുവദിക്കുന്ന മറ്റൊരു ഭേദഗതിയും മീക്സ് അവതരിപ്പിച്ചിട്ടുണ്ട്.
ആവശ്യമെങ്കിൽ ഇത് വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ഭേദഗതി. ഇതിന് പുറമെ, പ്രതിരോധ സാമഗ്രികളും സേവനങ്ങളും സംഭരിക്കുന്നതിനായി യുക്രെയ്ന് 1500 കോടി ഡോളറിൻ്റെ നേരിട്ടുള്ള വായ്പകൾ അനുവദിക്കാൻ പ്രസിഡൻ്റിനെ അധികാരപ്പെടുത്തുന്ന ഭേദഗതിയും അദ്ദേഹം സഭയിൽ വച്ചിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വലിയ തോതിൽ വർധിച്ചിരുന്നു.
കുറഞ്ഞ വിലയിൽ ലഭിക്കുന്ന അസംസ്കൃത എണ്ണ രാജ്യത്തെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ വലിയ സഹായമാണ് നൽകുന്നത്. എന്നാൽ അമേരിക്കയുടെ പുതിയ ഉപരോധ ബിൽ നിയമമായി മാറിയാൽ അത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വ്യാപാര താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ യുഎസ് കോൺഗ്രസിലെ തുടർനടപടികൾ ലോകരാജ്യങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.






