
മുംബൈ: തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 468.38 പോയിന്റ് അഥവാ 0.76 ശതമാനം ഉയര്‍ന്ന് 61,806.19 ലെവലിലും നിഫ്റ്റി 151.50 പോയിന്റ് അഥവാ 0.83 ശതമാനം ഉയര്‍ന്ന് 18420.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. അദാനി പോര്‍ട്ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, പവര്‍ഗ്രിഡ്,അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയവ.
ടിസിഎസ്,ഒഎന്‍ജിസി,ഇന്‍ഫോസിസ്,സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടം നേരിടുകയും ചെയ്തു. മേഖലകളില്‍ വിവരസാങ്കേതിക വിദ്യ അരശതമാനം താഴ്ചവരിച്ചെങ്കിലും മറ്റുള്ളവ മികച്ച പ്രകടനമാണ് നടത്തിയത്.
വാഹനം, ഊര്‍ജ്ജം, ഇന്‍ഫ്ര, ലോഹം, എഫ്എംസിജി എന്നിവ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇയില്‍ വാഹനം,എഫ്എംസിജി എന്നിവ 1 ശതമാനത്തില്‍ കൂടുതലും ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, പവര്‍, ലോഹം,ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ 0.5-0.9 ശതമാനവും ഉയര്‍ന്നു.
വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികള്‍ തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ജപ്പാനീസ് നിക്കൈ ആറാഴ്ചയിലെ താഴ്ചയില്‍ ക്ലോസ് ചെയ്തപ്പോള്‍ ചൈനീസ് സൂചികകള്‍ ഏഴാഴ്ചയിലെ തകര്‍ച്ച വരിച്ചു. യൂറോപ്യന്‍ സൂചികകള്‍ അതേസമയം നേട്ടമുണ്ടാക്കി.
ഇന്ത്യന്‍ വിപണി തുടര്‍ന്നും ചാഞ്ചാട്ടത്തിന് അടിപ്പെടുമെന്ന് റെലിഗാറി ബ്രോക്കിംഗിലെ അജിത് മിശ്ര പറയുന്നു. അതുകൊണ്ടുതന്നെ, തെരഞ്ഞെടുത്ത മേഖലകളിലെ മികച്ച ഓഹരികളില്‍ നിക്ഷേപം തുടരുന്നതാകും ഉചിതം.






