
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവേളയിൽ ഷിപ്‍യാഡ് പ്രതീക്ഷിക്കുന്നതു വമ്പൻ പ്രഖ്യാപനം; ഇന്ത്യ തദ്ദേശീയമായി നിർമിക്കാൻ ലക്ഷ്യമിടുന്ന രണ്ടാമത്തെ വിമാനവാഹിനി കപ്പലിന്റെ നിർമാണ കരാർ കൊച്ചിൻ ഷിപ്‍യാഡിന് അനുവദിക്കുമെന്നാണു പ്രതീക്ഷ.
40,000 – 50,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന വിമാനവാഹിനിയുടെ നിർമാണ കരാർ ഷിപ്‍യാഡിനു ലഭിച്ചാൽ കേരളത്തിനു ലഭിക്കുന്ന എക്കാലത്തെയും വമ്പൻ നിർമാണ കരാറായി അതു മാറും.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമാണത്തിലൂടെ തെളിയിച്ച മികവു തന്നെയാണു ഷിപ്‌യാഡിന്റെ അധിക യോഗ്യത. ഏകദേശം 23,000 കോടി രൂപയായിരുന്നു വിക്രാന്തിന്റെ നിർമാണച്ചെലവ്.
രണ്ടാമതൊരു വിമാന വാഹിനിക്കപ്പൽ കൂടി നിർമിക്കണമെന്ന നാവിക സേനയുടെ ശുപാർശ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് പ്രൊക്യൂർമെന്റ് ബോർഡ് (ഡിപിബി) അംഗീകരിച്ചിരുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) കൂടി അംഗീകരിച്ച ശേഷമാണു കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കേണ്ടത്.
ഡ്രൈ ഡോക് സജ്ജം
2770 കോടി രൂപ ചെലവിട്ടു നിർമിച്ച രണ്ടു പദ്ധതികളാണു 17 നു ഷിപ്‍യാഡിലെത്തുന്ന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 970 കോടി രൂപ ചെലവിട്ട ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയും (ഐഎസ്ആർഎഫ്), 1800 കോടി രൂപ മുതൽമുടക്കിയ പുതിയ ഡ്രൈ ഡോക്കും.
310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴമുള്ള കൂറ്റൻ ഡ്രൈ ഡോക്കിൽ എൽഎൻജി കാരിയറുകളും വിമാനവാഹിനികളും ഉൾപ്പെടെയുള്ള വമ്പൻ കപ്പലുകൾ നിർമിക്കാനാകും.
ഐഎസ്ആർഎഫിൽ പ്രതിവർഷം 150 കപ്പലുകൾ അറ്റകുറ്റപ്പണി ചെയ്യാൻ സൗകര്യമുണ്ട്.