
കാത്തിരിപ്പ് ഇനി നീളില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് പ്രാരംഭ ഓഹരി വിൽപനകൾ (ഐപിഒ) ഉടനെത്തും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ ഉപകമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് സെബി പച്ചക്കൊടി കാണിച്ചു. ഏതാണ്ട് 9.5 ലക്ഷം കോടി രൂപ മൂല്യം വിലയിരുത്തി 37,700 കോടി രൂപയാകും ഓഹരി വിൽപനയിലൂടെ ജിയോ പ്ലാറ്റ്ഫോംസ് സമാഹരിക്കുക.
പൂർണമായും ഫ്രഷ് ഓഹരികൾ
ജൂൺ 19ന് ആയിരുന്നു വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്കുള്ള അപേക്ഷ (ഡിആർഎച്ച്പി) സമർപ്പിച്ചത്. പൂർണമായും പുതിയ ഓഹരികളായിരിക്കും (ഫ്രഷ് ഇഷ്യൂ) ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയിലുണ്ടാവുക. 27 കോടി ഓഹരികൾ വിറ്റഴിക്കുമെന്ന് അറിയുന്നു.
അതായത്, റിലയൻസ് ഇൻഡസ്ട്രീസ് അടക്കം നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള ഓഹരികൾ വിൽക്കുന്നില്ല. എന്നുവച്ചാൽ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ഉണ്ടാവില്ല. അതായത്, ഓഹരി വിറ്റുസമാഹരിക്കുന്ന പണം പൂർണമായും കമ്പനിയുടെ വളർച്ചയ്ക്കും വികസനപദ്ധതികൾക്കും ഉപയോഗിക്കാം. ഓഹരി ഉടമകളുടെ അക്കൗണ്ടിലേക്ക് പണം പോവില്ല.
50% ക്യൂഐബിക്ക്; കടം നേരത്തേ തീർക്കും
ഐപിഒയിൽ 50% ഓഹരികൾ യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്കായി (ക്യുഐബി) നീക്കിവയ്ക്കും. 35% ചെറുകിട നിക്ഷേപകർക്കും (റീട്ടെയ്ൽ നിക്ഷേപകർ) ബാക്കി മറ്റ് നിക്ഷേപകർക്കുമായിരിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിലവിലെ ഓഹരി ഉടമകൾക്കോ ജീവനക്കാർക്കോ ഐപിഒയിൽ ഓഹരികൾ നീക്കിവയ്ക്കുന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സമാഹരിക്കുന്ന തുകയിൽ 27,500 കോടി രൂപ ഉപസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ (ആർജെഐഎൽ) കടം മുൻകൂർ അടച്ചുതീർക്കാൻ വിനിയോഗിക്കും. ബാക്കിത്തുക കമ്പനിയുടെ മറ്റ് പൊതു ആവശ്യങ്ങൾക്കും ഉപയോഗിക്കും.
മെറ്റയും ഗൂഗിളും മുബദലയും ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി ഉടമകൾ
റിലയൻസ് ഇൻഡസ്ട്രീസ് ആണ് ജിയോ പ്ലാറ്റ്ഫോംസിന്റെ ഭൂരിപക്ഷ ഓഹരിയുടമകൾ (66.43%). ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 10% ഓഹരികളുണ്ട്. ജാധു ഹോൾഡിങ്സ് എന്ന ഉപകമ്പനി വഴിയാണിത്. ഗൂഗിളിന് 8% ഓഹരി പങ്കാളിത്തവും ജിയോ പ്ലാറ്റ്ഫോംസിലുണ്ട്.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, രാജ്യാന്തര നിക്ഷേപസ്ഥാപനമായ കെകെആറിന്റെ ഉപസ്ഥാപനം ഒമൈക്രോൺ ഏഷ്യ ഹോൾഡിങ്സ്-2, മുബദല ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഉപസ്ഥാപനം എംഐസി റെഡ്‍വുഡ്-1 ആർഎസ്‍സി, ജനറൽ അറ്റ്ലാന്റിക് സിംഗപ്പൂർ ജെപി, പ്ലാറ്റിനം ജാസ്മിൻ എ 2018 ട്രംസ്റ്റ് തുടങ്ങിയവയും ഓഹരി ഉടമകളാണ്.
ജിയോ പ്ലാറ്റ്ഫോംസിന്റെ റിലയൻസ് ഇൻഡസ്ട്രീസിലെ അടക്കം ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികൾക്ക് മികച്ച മൂല്യം ലഭിക്കാൻ ഐപിഒ സഹായിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ പറഞ്ഞിരുന്നു.
എന്താണ് ജിയോ പ്ലാറ്റ്ഫോംസ്?
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ, ടെലികോം ബിസിനസുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. മൊബൈൽ നെറ്റ്‍വർക്ക്, ഫിക്സഡ് ബ്രോഡ്ബാൻഡ്, ഡിജിറ്റൽ സേവനങ്ങളാണ് ഒറ്റക്കുടക്കീഴിൽ കമ്പനി നൽകുന്നത്.
ഉപസ്ഥാപനമായ റിലയൻസ് ജിയോയ്ക്ക് (ആർജെഐഎൽ) 52.44 കോടി വരിക്കാരുണ്ട്. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരാണ് ഐപിഒ നടപടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
എൻഎസ്ഇ ഐപിഒയും വൈകില്ല
നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഐപിഒയ്ക്ക് അനുമതി വൈകാതെ നൽകുമെന്ന് സെബി ചെയർമാൻ തുഹീൻ കാന്ത പാണ്ഡേ പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാകും എൻഎസ്ഇ ഐപിഒയും എത്തുക.
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായിരിക്കും ഇതും. ഏതാണ്ട് 30,000 കോടി രൂപയാണ് എൻഎസ്ഇ സമാഹരിക്കുക. കഴിഞ്ഞ ജൂണിലാണ് സെബിക്ക് ഡിആർഎച്ച്പി സമർപ്പിച്ചത്. ഐപിഒ പൂർണമായും ഒഎഫ്എസ് ആയിരിക്കും. അതായത്, നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കും.
ഫ്രഷ് ഇഷ്യൂ ഉണ്ടാവില്ല. ഫലത്തിൽ, ഐപിഒ വഴി കിട്ടുന്ന പണം പൂർണമായും നിലവിലെ ഓഹരി ഉടമകൾക്കാകും ലഭിക്കുക. കമ്പനിയുടെ ആവശ്യങ്ങൾക്ക് ഐപിഒ വഴി പണം കിട്ടില്ല. നിലവിലെ ഓഹരി ഉടമകളായ എസ്ബിഐ, എംഎസ് സ്ട്രാറ്റജിക് (മൗറീഷ്യസ്), കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ്, ബാങ്ക് ഓഫ് ബറോഡ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ, ദ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി, നാഷനൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി തുടങ്ങിയവയാണ് ഓഹരി വിൽക്കുന്നത്.
2016 മുതൽ ഐപിഒയ്ക്ക് ശ്രമിക്കുകയാണെങ്കിലും ഒട്ടേറെ പ്രതിബന്ധങ്ങൾ എൻഎസ്ഇക്ക് തിരിച്ചടിയായിരുന്നു. കോ-ലൊക്കേഷൻ തട്ടിപ്പായിരുന്നു അതിലൊന്ന്. ഈ കേസിലുൾപ്പെടെ സെബിക്ക് നൽകേണ്ട ഒത്തുതീർപ്പ് തുക വീട്ടാൻ വൈകിയതാണ് മറ്റൊന്ന്. 1491.21 കോടി രൂപ അടച്ച് ഈ പ്രശ്നം അടുത്തിടെ എൻഎസ്ഇ പരിഹരിച്ചു.






